Advertisement

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഇടത് മുന്നണിക്ക് നേട്ടം (എല്‍ഡിഎഫ് 22, യുഡിഎഫ് 13)

November 30, 2018
Google News 1 minute Read

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. 39വാർഡുകളിൽ 22 ഇടത്ത് എൽഡിഎഫ് വിജയിച്ചു. യുഡിഎഫിന് 13 വാർഡുകളിൽ വിജയം. ബിജെപി രണ്ടു സീറ്റുകൾ നേടി. 2 സീറ്റ് നേടി എസ്‌.ഡി.പി.ഐയും നേട്ടം ഉണ്ടാക്കി.

തിരുവനന്തപുരം നഗരസഭയിൽ കിണാവൂർ വാർഡ് യുഡിഎഫ് നിലനിർത്തി. കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്തും യുഡിഎഫ് വിജയിച്ചു. വളാഞ്ചേരി നഗരസഭ 28ആം ഡിവിഷൻ യുഡിഎഫ് നിലനിർത്തി, മുസ്‌ലിം ലീഗിലെ ഫാത്തിമ നസിയയാണ് 55 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചത്.

കൊല്ലം പത്തനാപുരം വിളക്കുടി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി ജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലീനാ റാണിയാണ് 146 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 28 വര്‍ഷം തുടര്‍ച്ചയായി എല്‍.ഡി.എഫ് വിജയിച്ച സീറ്റാണ് യു ഡി എഫ് തിരിച്ച് പിടിച്ചത്.

ബത്തേരി നഗരസഭയിലെ എട്ടാം ഡിവിഷന്‍ കരിവള്ളിക്കുന്നില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിനു ജോണ്‍ വിജയിച്ചു. 51വോട്ടിനാണ് വിജയം. യു.ഡി.എഫിന് 422 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി റെബി പോളിന് 371 വോട്ടും, ബി.ജെ.പി സ്ഥാനാര്‍ത്ഥി ശിവാനന്ദന് 31 വോട്ടുമാണ് ലഭിച്ചത്.

അടിമാലി പഞ്ചായത്ത് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി മഞ്ജു ബിജു വിജയിച്ചു. പത്തംതിട്ട നഗരസഭയിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് കോൺഗ്രസ് വിമതൻ നേടി. ഇടുക്കി കൊന്നത്തടി മുനിയറ നോർത്ത് സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു, യുഡിഎഫ് സ്ഥാനാർഥി ബിനോയ് മാത്യു 194 വോട്ടിന് വിജയിച്ചു.

ആലപ്പുഴ കാവാലം പഞ്ചായത്ത് പത്താംവാർഡ് എൻഡിഎ സ്ഥാനാർഥി അജിതകുമാരി വിജയിച്ചു. മലപ്പുറം അമരമ്പലം പഞ്ചായത്ത് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു, എൽഡിഎഫിലെ അനിത രാജു 146 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

തൃശ്ശൂരിൽ അഞ്ചിടങ്ങളിലും എൽഡിഎഫ് വിജയം. നാലിടത്തും എൽഡിഎഫ് സീറ്റ് നില നിർത്തി. പറപ്പൂക്കരയിൽ ബിജെപിയിൽ നിന്നും എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു.

കാസര്‍ഗോഡ് ബദിയഡുക്ക ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ബീബുംങ്കാലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ(എം) സ്ഥാനാര്‍ഥി സി.എം വിജയകുമാര്‍ വിജയിച്ചു. 543 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് (ഐ) യിലെ സി.കുഞ്ഞികൃഷ്ണനെ പരാജയപ്പെടുത്തിയത്. സി.എം വിജയകുമാറിന് 728 വോട്ടും സി.കുഞ്ഞികൃഷ്ണന് 185 വോട്ടും ബിജെപിയിലെ പി.സദാശിവന് 143 വോട്ടുകളുമാണ് ലഭിച്ചത്. ആകെ 1056 വോട്ടുകളാണ് ബീബുംങ്കാലില്‍ പോള്‍ ചെയ്തത്.

കയ്യൂര്‍ -ചീമേനി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ചെറിയാക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ(എം) സ്ഥാനാര്‍ഥി പി.ഇന്ദിര 300 വോട്ടുകളുടെ ഭൂപിപക്ഷത്തില്‍ വിജയിച്ചു. പി.ഇന്ദിരയ്ക്ക് 657 വോട്ടും കോണ്‍ഗ്രസ് (ഐ) യിലെ പ്രിയ. കെ 357 വോട്ടും നേടി. ചെറിയക്കരയില്‍ 1014 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ബീബുംങ്കാല്‍ വാര്‍ഡില്‍ 81.71 ശതമാനവും ചെറിയാക്കര വാര്‍ഡില്‍ 82.50 ശതമാനവും ആണ് പോളിംഗ് രേഖപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here