‘ലോകകപ്പ് ഹീറോ’ പാഡഴിക്കുമ്പോള്‍…

നെല്‍വിന്‍ വില്‍സണ്‍
14 വര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി പാഡണിഞ്ഞ് ക്രീസിലെത്തിയ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരിക്കുന്നു.
1983 ന് ശേഷം 2011 ല്‍ ഇന്ത്യ ലോകകപ്പ് കിരീടം ചൂടുമ്പോള്‍ ഗൗതം ഗംഭീര്‍ ക്ഷീണിതനായിരുന്നു. ചെളിയും മണ്ണും പറ്റിയ ഇന്ത്യന്‍ ജഴ്‌സിയില്‍ അയാള്‍ ലോകകപ്പ് വേദിയിലാകെ ഓടിനടന്നു. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം ഗംഭീര്‍ ലോകകപ്പേന്തി നില്‍ക്കുന്ന ചിത്രം ഇന്നും ഓര്‍മ്മയിലുണ്ടാകും ഓരോ ക്രിക്കറ്റ് പ്രേമിക്കും. ഗൗതിയുടെ നീലക്കുപ്പായത്തില്‍ എങ്ങനെയാണ് ഇത്രയും മണ്ണും ചെളിയും പറ്റിയത്? അയാള്‍ എന്തുകൊണ്ടായിരുന്നു ഇത്രയും ക്ഷീണിതനായത്? ഇത് രണ്ടും സംഭവിച്ചില്ലായിരുന്നെങ്കില്‍ 2011 ലോകകപ്പ് ഇന്ത്യയുടെ പേരില്‍ കുറിയ്ക്കപ്പെടില്ലായിരുന്നു.
മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ശ്രീലങ്കയായിരുന്നു ഇന്ത്യയ്ക്ക് ഫൈനലില്‍ എതിരാളികള്‍. 42, 000 ത്തോളം കാണികളാണ് ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ വാങ്കഡെയില്‍ തടിച്ചുകൂടിയത്. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്തു. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് സ്വന്തമാക്കി. ഇന്ത്യക്ക് വിജയലക്ഷ്യം 275 റണ്‍സ്. ലോകകപ്പ് ഫൈനല്‍ പോലൊരു മത്സരത്തില്‍ 250 ല്‍ അധികം റണ്‍സ് ചേസ് ചെയ്ത് ജയിക്കുക പ്രയാസമാണെന്ന് അന്ന് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.
പ്രതീക്ഷിച്ചതുപോലെയായിരുന്നു ഇന്ത്യയുടെ തുടക്കം. റണ്‍സൊന്നുമെടുക്കാതെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് പുറത്ത്. ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിലും റണ്‍സ് പിറന്നിട്ടില്ല. വാങ്കഡെ നിശബ്ദമായി. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ മറ്റൊരു ഓപ്പണറായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നില്‍പ്പുണ്ട്. ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും പിന്നീട് സച്ചിനിലായിരുന്നു. സേവാഗ് കൂടാരം കയറിയപ്പോള്‍ ഗൗതം ഗംഭീര്‍ ക്രീസിലേക്ക്. ഓപ്പണറായി ഇറങ്ങിയാല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗംഭീര്‍ വണ്‍ഡൗണ്‍ ബാറ്റ്‌സ്മാനായി ക്രീസിലെത്തിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. സച്ചിനും ഗംഭീറും ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകവേ ടീം ടോട്ടല്‍ 31 ല്‍ എത്തിയതും സച്ചിന്റെ വിക്കറ്റ് മലിംഗ സ്വന്തമാക്കി. അക്ഷരാര്‍ത്ഥത്തില്‍ വാങ്കഡെ മരണവീടിന് തുല്യമായി. 2003 ലോകകപ്പ് എല്ലാവരുടെയും ഓര്‍മ്മയില്‍ വന്നു. ഓസ്‌ട്രേലിയക്കെതിരെ തകര്‍ന്നടിഞ്ഞ് ലോകകപ്പ് കൈവിട്ട ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീമിന് സംഭവിച്ചതുപോലെ ഒരു കൂട്ടത്തകര്‍ച്ചയിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നതെന്ന് തോന്നിപ്പോയ നിമിഷം. എന്നാല്‍, ഗൗതം ഗംഭീര്‍ അജയ്യനായി നില്‍പ്പുണ്ടായിരുന്നു.
നാലാമനായി ക്രീസിലെത്തിയ കോഹ്‌ലിക്കൊപ്പം ഗംഭീര്‍ ഇന്ത്യയുടെ ഇന്നിംഗ്‌സിന് കരുത്തേകി. അതിവേഗം ബൗണ്ടറികളിലൂടെ റണ്‍സ് കണ്ടെത്താന്‍ മിടുക്കുള്ള ഗംഭീറിന്റെ ഇന്നിംഗ്‌സ് വാങ്കഡെയില്‍ വളരെ പതുക്കെയാണ് നീങ്ങുന്നത്. ഓടിയെടുക്കാവുന്ന ഒരു റണ്‍സ് പോലും അയാള്‍ നഷ്ടപ്പെടുത്തുന്നില്ല. വളരെ ശ്രദ്ധയോടെ ഓരോ റണ്‍സും ഗംഭീര്‍ സ്വന്തമാക്കി. മൂന്നാം വിക്കറ്റായി കോഹ്‌ലിയെ നഷ്ടപ്പെട്ടത് സ്‌കോര്‍ബോര്‍ഡില്‍ 114 റണ്‍സായപ്പോള്‍. അഞ്ചാമനായി നായകന്‍ ധോണി വന്നതോടെ ഗംഭീര്‍ കൂടുതല്‍ ശക്തനായി. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ ഓരോ റണ്‍സും വിലപ്പെട്ടതാണെന്ന് മനസിലാക്കി ഗൗതി ബാറ്റ് വീശി. ഒടുവില്‍ ഇന്ത്യ അനായാസം വിജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഗംഭീറിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി.
അര്‍ഹിച്ച സെഞ്ച്വറി മൂന്ന് റണ്‍സ് അകലെ നഷ്ടമാക്കി കൊണ്ട് പെരേരയുടെ പന്തില്‍ ഗംഭീര്‍ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ആ സമയത്ത് ഇന്ത്യ ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു. ടീം ടോട്ടല്‍ 223 ല്‍ എത്തിയപ്പോഴാണ് നാലാം വിക്കറ്റായി ഗംഭീര്‍ കളം വിടുന്നത്. അപ്പോള്‍ ആറ് വിക്കറ്റ് ശേഷിക്കേ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 52 പന്തില്‍ നിന്ന് 52 റണ്‍സായിരുന്നു. ധോണിയും യുവരാജും ക്രീസിലുണ്ടായിരുന്നു. ഗംഭീറിന്റെ ഇന്നിംഗ്‌സ് നല്‍കിയ ഉറപ്പിലാണ് പിന്നീട് ധോണി ആഞ്ഞടിച്ചത്. 122 പന്തില്‍ നിന്ന് 97 റണ്‍സുമായാണ് ഗംഭീര്‍ 2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി നിറഞ്ഞാടിയത്. വെറും ഒന്‍പത് ഫോറുകളായിരുന്നു അദ്ദേഹം വാങ്കഡെയില്‍ സ്വന്തമാക്കിയത്. ബാക്കി 61 റണ്‍സും ഓടിയെടുത്തതാണ്. 97 റണ്‍സുമായി കൂടാരം കയറുമ്പോള്‍ അത്രമേല്‍ ക്ഷീണിതനായിരുന്നു ഗംഭീര്‍ എന്ന് പറയുന്നതും അതുകൊണ്ടാണ്.
പിന്നീട് തകര്‍പ്പന്‍ ഷോട്ടുകളിലൂടെ ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചു. 79 പന്തില്‍ നിന്ന് 91 റണ്‍സ് നേടിയ ധോണി കളിയിലെ താരവുമായി. എന്നാല്‍, ഇന്ത്യയുടെ ഇന്നിംഗ്‌സിന് നെടുംതൂണായ ഗംഭീറിന്റെ ഇന്നിംഗ്‌സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പക്ഷേ, ഗംഭീറിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നിട്ടതെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ അന്ന് തന്നെ വിലയിരുത്തിയിരുന്നു. രാജ്യാന്തര ക്രിക്കറ്റിനോട് ഗംഭീര്‍ വിട പറയുമ്പോള്‍ 2011 ലോകകപ്പ് മറക്കാന്‍ യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമികള്‍ക്ക് സാധിക്കില്ല.
2007 ലെ ട്വന്റി 20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോഴും ഗൗതം ഗംഭീറായിരുന്നു ടോപ് സ്‌കോറര്‍. ജോഹ്നാസ്ബര്‍ഗില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനായിരുന്ന ഇന്ത്യയുടെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ഓപ്പണറായ ഗൗതം ഗംഭീര്‍ 54 പന്തില്‍ നിന്ന് 75 റണ്‍സാണ് സ്വന്തമാക്കിയത്. എട്ട് ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയ ഇന്നിംഗ്‌സായിരുന്നു കലാശപോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ ഗംഭീര്‍ കാഴ്ചവെച്ചത്. ഒടുവില്‍ അഞ്ച് റണ്‍സിനാണ് പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തി ട്വന്റി 20 കിരീടം ചൂടിയത്.
2016 ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീര്‍ അവസാന മത്സരം കളിച്ചത്. ഇന്ത്യയുടെ ഇടം കയ്യന്‍ ഓപ്പണര്‍ ബാറ്റ്‌സ്മാനായിരുന്നു 37 കാരനായ ഗൗതം. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ വാര്‍ത്ത അറിയിച്ചത്. ഇന്ത്യക്ക് വേണ്ടി 58 ടെസ്റ്റ് മത്സരങ്ങളും 147 ഏകദിനങ്ങളും കളിച്ചു. ടെസ്റ്റില്‍ 41.95 ശരാശരിയോടെ 4,154 റണ്‍സും ഏകദിനത്തില്‍ 39.68 ശരാശരിയോടെ 5,238 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. കുട്ടി ക്രിക്കറ്റായ ട്വന്റി 20 യിലും ഗൗതം മികച്ച നേട്ടം കൊയ്തിട്ടുണ്ട്. 37 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 932 റണ്‍സാണ് ഗംഭീറിന്റെ നേട്ടം.
Read More: ‘ബൈ ബൈ ഗൗതി’; ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ടെസ്റ്റില്‍ ഒന്‍പത് സെഞ്ച്വറികളും ഏകദിനത്തില്‍ 11 സെഞ്ച്വറികളും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും (206) താരം സ്വന്തമാക്കിയിട്ടുണ്ട്. വീരേന്ദര്‍ സേവാഗുമൊത്തുള്ള ഓപ്പണിംഗ് കൂട്ടുക്കെട്ട് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കൂട്ടുക്കെട്ടുകളിലൊന്നായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here