കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് ലോക്‌സഭാ സീറ്റിന് അർഹതയുണ്ടെന്ന് പാർട്ടി ചെയർമാൻ ജോണി നെല്ലൂർ

സീറ്റ് ചർച്ചകൾ ആരംഭിക്കുന്നതിനു മുമ്പേ തന്നെ യുഡിഎഫിൽ ലോക്‌സഭാ സീറ്റിനായുള്ള മുറവിളി ഉയർന്നു കഴിഞ്ഞു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് ലോക്‌സഭാ സീറ്റിന് അർഹതയുണ്ടെന്ന് പാർട്ടി ചെയർമാൻ ജോണി നെല്ലൂർ. ഇടുക്കി സീറ്റ് വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങൾക്ക് സീറ്റ് നൽകിയില്ലെങ്കിൽ അതിനുള്ള കാരണം യുഡിഎഫ്, പാർട്ടിയെ ബോധിപ്പിക്കണമെന്നും ജോണി നെല്ലൂർ കോഴിക്കോട്ട് പറഞ്ഞു.
യുഡിഎഫിൽ നിന്ന് അർഹതപ്പെട്ടത് കൃത്യ സമയത്ത് ചോദിച്ചു വാങ്ങുന്നതിൽ പാർട്ടി ലീഡർ അനൂപ് ജേക്കബ് പരാജയപ്പെട്ടെന്ന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന വേളയിൽ ജോണി നെല്ലൂർ തുറന്നടിച്ചിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് നിർബന്ധമായും ഒരു സീറ്റ് വേണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫിൽ നിലവിൽ ലീഗിനും, കേരള കോൺഗ്രസ് എമ്മിനും സീറ്റുകളുണ്ട്. അവർ ഓരോ സീറ്റ് വീതം കൂടുതൽ ചോദിക്കുന്നുമുണ്ട്.
ഇടുക്കി സീറ്റിലേക്ക് ഒരു തവണ കൂടി അങ്കത്തിനിറങ്ങാൻ ഡീൻ കുര്യാക്കോസ് കളത്തിലുണ്ട്. എന്നാൽ ജോയ്‌സ് ജോർജിന്റെ കൈയ്യിൽ നിന്ന് എന്ത് വില കൊടുത്തും ഇടുക്കി തിരിച്ച് പിടിക്കണമെന്ന് കോൺഗ്രസ് കോപ്പ് കൂട്ടുന്നത് ഉമ്മൻ ചാണ്ടിയെ മുന്നിൽ കണ്ടാണ്. അത്രയും അഭിമാന പോരാട്ടമായി കോൺഗ്രസ് വിലയിരുത്തുന്ന ഇടുക്കി, ജേക്കബിന് വിട്ട് കൊടുക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടി വരും..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here