മമതയ്ക്ക് ഹിന്ദു വിരോധമെന്ന് അമിത് ഷാ

പശ്ചിമ ബംഗാളില്‍ മമതയുടെ കോട്ടയെ ആക്രമിക്കാന്‍ ഹിന്ദുത്വ കാര്‍ഡിറക്കി ബി.ജെ.പി. മുസ്ലിം സ്‌നേഹവും ഹിന്ദു വിരോധവുമാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലനില്‍പ്പിനടിസ്ഥാനമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളില്‍ നടത്തിയ റാലിക്കിടെയാണ് അമിത്ഷായുടെ വിമര്‍ശനം.
ബംഗാളില്‍ അത്ഭുതം സംഭവിയ്ക്കും എന്ന് അവകാശപ്പെടുന്ന ബി.ജെ.പിയുടെ അധ്യക്ഷന്‍ ആദ്യം എത്തിയത് ബംഗ്ലാദേശ് അതിര്‍ത്തിയ്ക്ക് സമീപമുള്ള മാല്‍ദയില്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ കലാപം ഉണ്ടായ ഇവിടെ മമതാ ബാനര്‍ജിയുടെ ഹിന്ദു വിരുദ്ധത ചൂണ്ടിക്കാട്ടിയായിരുന്നു അമിത്ഷായുടെ പ്രസംഗം. ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ക്ക് മമത തടസ്സമായി നില്‍ക്കുകയാണ്. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാര്‍ക്കും പൗരത്വഭേദഗതി ബില്ലില്‍ അമിത്ഷാ ആശ്വാസം വാഗ്ദാനം നല്‍കി.
70 ശതമാന ത്തിലധികം വരുന്ന ബംഗാളിലെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുകയാണ് ബി.ജെ.പിയുടെ ലോകസഭ തിരഞ്ഞെടുപ്പ് അജണ്ട. ഇത് വ്യക്തമാക്കുന്നതായിരുന്നു അമിത് ഷായുടെ ബംഗാളിലെ ആദ്യ തിരഞ്ഞെടുപ്പ് റാലി. കഴിഞ്ഞ ദിവസം അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ബംഗാള്‍ സര്‍ക്കാറും ബി.ജെ പിയും തമ്മില്‍ രാഷ്ട്രിയ വടം വലി രൂക്ഷമാകുന്നതിനിടെയാണ് അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലികള്‍ സംസ്ഥാനത്ത് ആരംഭിച്ചത്. നാളെയും ബി ജെ പി അദ്ധ്യക്ഷന്‍ ബംഗാളില്‍ രണ്ട് തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here