‘മുത്തശ്ശിയുടെ ചങ്കുറപ്പും അമ്മയുടെ പ്രസരിപ്പും’; ചെന്നിത്തലയെയും സുധാകരനെയും ട്രോളി കെ.ആര്‍ മീര

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരനും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ പരിഹാസവുമായി എഴുത്തുകാരി കെ.ആര്‍ മീര. പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് കാലെടുത്ത് വച്ച ദിവസം തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന തരത്തിലാണ് മീരയുടെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലൂടെ മീര ഇരു നേതാക്കളെയും ട്രോളിയത്.
കെ.ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘കേരള മന്ത്രിസഭയില്‍ ‘നട്ടെല്ലുള്ള’ ഒരു മന്ത്രി പോലുമില്ലെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ‘ആണുങ്ങള്‍’ വന്നു വികസനം എത്തിച്ചോളുമെന്നും ’ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
‘പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ‘ആണുങ്ങളെ’പ്പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, ‘പെണ്ണുങ്ങളേ’ക്കാള്‍ മോശമായി എന്നതാണു യാഥാര്‍ഥ്യം’ എന്ന് കെ. സുധാകരന്‍.
‘നട്ടെല്ലുള്ള ആണുങ്ങളുടെ’ ഈ ചരിത്രപ്രസിദ്ധമായ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയില്‍
‘‘ഇന്ദിരയുടെ കൊച്ചുമകള്‍, രാജീവ്–സോണിയ ദമ്പതികളുടെ ഇളയ മകള്‍, രാഹുലിന്‍റെ സഹോദരി, റോബര്‍ട്ട് വാധ്രയുടെ ഭാര്യ, മിറായയുടെയും റെയ്ഹാന്‍റെയും അമ്മ – സ്വകാര്യ ജീവിതത്തില്‍ മേല്‍വിലാസങ്ങള്‍ ’’ പലതുള്ള, ‘‘മുത്തശ്ശിയുടെ ചങ്കുറപ്പും അമ്മയുടെ പ്രസരിപ്പും’’ ഉള്ള
പ്രിയങ്ക ഗാന്ധി വാധ്രയ്ക്കു
ഹൃദയംഗമമായ വിജയാശംസകള്‍.
( ഉദ്ധരിണികള്‍ക്കു കടപ്പാട് : മലയാള മനോരമ, കോഴിക്കോട്)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here