പതിനാലുകാരിയെ വീട്ടുജോലിക്ക് നിർത്തി അതിക്രൂര പീഡനം; നടി ഭാനുപ്രിയയ്‌ക്കെതിരെ കേസ്

നടി ഭാനുപ്രിയയ്‌ക്കെതിരെ കേസ്. പതിനാലുകാരിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി പീഡിപ്പിച്ചതിനാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള പ്രഭാവതിയെന്ന യുവതിയാണു നടിക്കെതിരെ രംഗത്തു വന്നത്. തന്റെ പതിനാലു വയസ് മാത്രം പ്രായമുളള മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച് സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. പതിനെട്ട് മാസത്തോളം ശമ്പളം നിഷേധിച്ചതായും പരാതിയിൽ പറയുന്നു. ഭാനുപ്രിയയുടെ സഹോദരനും പെൺകുട്ടിയെ ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നുണ്ട്.
പതിനാലു വയസിനു താഴെയുളള കുട്ടികളെ വീട്ടുജോലിക്കു നിർത്തുന്നതു രണ്ടു വർഷം തടവും അൻപതിനായിരം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. പെൺകുട്ടിയുടെ പ്രായം തനിക്കറിയില്ലായിരുന്നുവെന്നായിരുന്നു ഭാനുപ്രിയയുടെ നിലപാട്. പെൺകുട്ടി തങ്ങളുടെ വീട്ടിൽ നിന്ന് ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചുവെന്ന് കാണിച്ച് ഭാനുപ്രിയ സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മോഷണക്കേസിൽ പരാതി നൽകുമെന്നായപ്പോൾ കുടുംബം തനിക്കെതിരെ രംഗത്ത് വരികയായിരുന്നുവെന്നും ഭാനുപ്രിയ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here