തകര്‍ന്ന വിമാനത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം സലയുടേതെന്ന് സ്ഥിരീകരണം

കടലില്‍ തകര്‍ന്ന വിമാനത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടേതെന്ന് സ്ഥിരീകരണം. ഡൊറെസ്സ് പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജനുവരി 21 ന് നാന്റെസില്‍ നിന്നും കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ സല സഞ്ചരിച്ച വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സലയും പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു, ഈ അവശിഷ്ടങ്ങള്‍ക്കൊപ്പം ഒരു മൃതദേഹവും ഉണ്ടായിരുന്നു. ഈ മൃതദേഹം സലയുടേതാണോ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണിന്റേതാണോ എന്ന് വ്യക്തമായിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയില്‍ മൃതദേഹം സലയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
നേരത്തേ സല സഞ്ചരിച്ച വിമാനത്തിലേതെന്ന് കരുതുന്ന രണ്ട് സീറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ സലയുടേയോ ഡേവിഡിന്റേയോ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണത്തില്‍ തുമ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച തിരച്ചില്‍ ഫുട്‌ബോള്‍ ലോകത്തെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പുനരാരംഭിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here