സ്ത്രീകൾ വേദിയിലെത്തി ഫോട്ടോയെടുത്തു; വിചിത്ര ന്യായങ്ങൾ ഉന്നയിച്ച് മുസ്ലീം കുടുംബത്തെ മഹല്ലിൽ നിന്നും പുറത്താക്കി

പാലക്കാട് തൃത്താലയിൽ മുസ്ലീം കുടുംബത്തെ മഹല്ലിൽ നിന്നും പുറത്താക്കി. സ്ത്രീകൾ സ്റ്റേജിൽ കയറി ഫോട്ടോയെടുക്കു, മൈക്കിൽ കൂടി സംസാരിച്ചു തുടങ്ങി നാല് കാരണങ്ങൾ ചൂണ്ടക്കാട്ടിയാണ് ഡാനിഷ് റിയാന് എന്ന യുവാവിനേയും കുടുംബത്തേയും മഹല്ലിൽ നിന്നും പുറത്താക്കിയത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മണ്ഡലം എംഎൽഎ ബൽറാമിനും ഫെയ്സ്ബുക്കിലൂടെ പരാതി ബോധിപ്പിച്ചിരിക്കുകയാണ് ഡാനിഷ്.
ഡിസംബർ 28 ന് സഹോദരന്റെ വിവാഹത്തോടനുബന്ധിച്ച് നടന്ന റിസപ്ഷനിടയിലാണ് വിലക്കിന് ഇടയാക്കിയ സംഭവം നടക്കുന്നത്. സ്ത്രീകൾ സ്റ്റേജിൽ കയറിയതും ഫോട്ടെയെടുത്തതുമാണ് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുഞ്ഞുങ്ങൾ സ്റ്റേജിൽ ഡാൻസ് കളിച്ചതാണ് രണ്ടാമത്തെ കാരണം. സ്റ്റേജിന് താഴെ രണ്ട് പീസ് ഓർക്കസ്ട്ര ഉപയോഗിച്ചത് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളും പെൺകുട്ടികളും മൈക്കിലൂടെ സംസാരിച്ചതാണ് നാലാമത്തെ കാരണമായി ചൂണ്ടിക്കാട്ടുന്നതെന്ന് ഡാനിഷ് പറയുന്നു.
മലപ്പുറം ജില്ലയിലെ എടപ്പാൾ വിവ പാലസിലാണ് വിവാഹ റിസപ്ക്ഷൻ നടന്നതെന്ന് ഡാനിഷ് പറയുന്നു. ഇസ്ലാമികപരമായ വിശ്വാസവും ജീവിത രീതികളും പിന്തുടർന്ന് മഹല്ലുമായി സഹകരിച്ചു പോകുന്ന കുടുംബമാണ് തങ്ങളുടേത്. അങ്ങനെയുള്ള കുടുംബത്തിന് നേരെയാണ് ഇത്തരത്തിലുള്ള നടപടി. 45 ദിവസമായി തങ്ങൾ മഹല്ലിന് പുറത്താണെന്നും ഡാനിഷ് കൂട്ടിച്ചേർത്തു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും മണ്ഡലം എം.എൽ.എ ബൽറാമിന്റെയും അറിവിലേക്കായി…
“ഇന്നത്തേക്ക് 45 ദിവസമായി എന്നെയും എന്റെ കുടുംബത്തെയും മഹല്ലിൽ നിന്നും പുറത്താക്കിയിട്ട്. നാല് കാരണങ്ങളാണ് മഹല്ല് കമ്മറ്റി പറഞ്ഞത്.
1 : കഴിഞ്ഞ ഡിസംബർ 28 – ന് നടന്ന എന്റെ സഹോദരന്റെ കല്ല്യാണ റിസപ്‌ഷൻ ദിവസം വേദിയിൽ വന്ന സ്ത്രീകൾ സ്റ്റേജിൽ കയറിയതും ഫോട്ടോയെടുത്തതും.
2 : ഞങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങൾ സ്റ്റേജിൽ ഡാൻസ് കളിച്ചത്.
3 : സ്റ്റേജിന് താഴെ രണ്ട് പീസ് ഓർക്കസ്ട്ര ഉപയോഗിച്ചത്. (ഒരു റിഥം പാഡും, ഒരു പിയാനോയും)
4 : സ്ത്രീകൾ / പെൺകുട്ടികൾ മൈക്കിലൂടെ സംസാരിച്ചത്.
പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ വീട് നിൽക്കുന്ന ആലൂർ മഹല്ലിൽ നിന്നും 13 കിലോമീറ്റർ മാറി, യാതൊരു ബന്ധവുമില്ലാത്ത മലപ്പുറം ജില്ലയിലെ എടപ്പാൾ വിവ പാലസിലാണ് പ്രസ്‌തുത വിവാഹ റിസപ്ക്ഷൻ നടന്നത്. നമ്മുടെ കേരളത്തിലെ എത്രയോ പ്രദേശങ്ങളിലും മുസ്ലിം വീടുകളിലും കല്ല്യാണവുമായി ബന്ധപ്പെട്ട മാന്യമായ ഇത്തരം കുടുംബ ആഘോഷങ്ങളൊന്നും ഒരു പ്രശ്നമല്ലെന്നിരിക്കെ, തികച്ചും ഇസ്ലാമികപരമായ വിശ്വാസവും ജീവിത രീതികളും പിന്തുടർന്ന് മഹല്ലുമായി സഹകരിച്ചു പോകുന്ന എന്റെ കുടുംബത്തെ പുറത്താക്കിയ നടപടിയിലും, വെള്ളിയാഴ്ച്ച മൈക്കിലൂടെ വളരെ മോശമായ രീതിയിൽ വിവാഹത്തെ ചിത്രീകരിച്ചതിലും അതിയായ വിഷമമുണ്ട്.
“എല്ലാം എന്റെ തെറ്റാണ്. വരനെയും വധുവിനെയും ആശീർവദിക്കാൻ സ്റ്റേജിൽ കയറുന്ന സ്ത്രീകളെ തടയാൻ എനിക്ക് കഴിഞ്ഞില്ല. അവർ മൈക്കെടുത്ത് ആഹ്ലാദം പങ്കിടുമ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞില്ല. കുഞ്ഞുങ്ങൾ പാട്ടിനനുസരിച്ച് അവർക്കറിയാകുന്ന രൂപത്തിൽ കളിച്ചപ്പോൾ അവരുടെ സന്തോഷം കണ്ടപ്പോൾ തടയാൻ എനിക്ക് കഴിഞ്ഞില്ല. പാട്ടുകാരില്ലെങ്കിലും രണ്ട് പീസ് ഓർക്കസ്ട്ര വിളിച്ചതും സംഗീതം വായിപ്പിച്ചതും ഞാനാണ്. ഇതിലൊന്നും എന്റെ വീട്ടുകാർക്കോ മഹല്ല് പ്രസിഡന്റായ എന്റെ മൂത്താപ്പക്കോ യാതൊരു അറിവുമില്ല. പ്രസ്‌തുത വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയത് ഞാനാണ്.
ആയതുകൊണ്ട് ഇതിന്റെയെല്ലാം ഉത്തരവാദി എന്ന നിലയിൽ ‘ഡാനിഷ് റിയാസ്’ എന്ന എനിക്കെതിരെയുള്ള മഹല്ലിന്റെ എല്ലാ നടപടികളെയും, പരിഹാര മാർഗ്ഗ നിർദേശങ്ങളെയും ഞാൻ ബഹുമാനിക്കുന്നു, സ്വാഗതം ചെയ്യുന്നു.
ആയതുകൊണ്ട്, എന്റെ കുടുംബാംഗങ്ങളുടെ വിഷമതകൾ മനസിലാക്കി എന്റെ സ്റ്റേറ്റിന്റെ ഉത്തരവാദിത്വപ്പെട്ടവർ ഈ വിഷയത്തിൽ എന്റെ മഹല്ലുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു..!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here