‘ഈ വീഡിയോ പുറത്തിറങ്ങുമ്പോഴേക്കും ഞാൻ സ്വർഗത്തിൽ ആയിരിക്കും’; പുൽവാമ ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് ഭീകരവാദികൾ പുറത്തിറക്കിയ വീഡിയോ

ഇന്നലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ നിന്നും രാജ്യത്തിന് നടുക്കം വിട്ടു മാറുന്നതിന് മുമ്പ് ഇന്ത്യൻ ജനതയെ ഞെട്ടിച്ചുകൊണ്ട് ഭീകരവാദികൾ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നു. ജമ്മു കശ്മീരിലെ പുൽവാമയിൽ 44 സൈനികരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണം നടത്തിയ ആദിൽ അഹമ്മദ് ദർ ആണ് വീഡിയോയിൽ സംസാരിക്കുന്നത്.
പുൽവാമ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് കക്‌പോരയിലെ ഗുണ്ഡിഭാഗിലെ വക്കസ് കമാൻഡോ ആയ ആദിൽ അഹമ്മദ് ദറിന്റെ വീഡിയോ പുറത്തുവരുന്നത്. ജെയ്ഷ്-ഇ-മുഹമ്മദ് ബാനറിന് മുന്നിൽ നിന്നുകൊണ്ടാണ് ആദിൽ സംസാരിക്കുന്നത്.
കഴിഞ്ഞ വർഷമാണ് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരസംഘടനയിൽ താൻ അംഗമാകുന്നതെന്നും, അഗംമായി ഒരു വർഷത്തിന് ശേഷം തന്നെ ഏൽപ്പിച്ച കർതവ്യമാണ് ഇതെന്നും ആദിൽ പറയുന്നു. വീഡിയോ പുറത്തിറങ്ങുമ്പോഴേക്കും താൻ സ്വർഗത്തിലായിരിക്കുമെന്നും വീഡിയോയിൽ ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരൻ ആദിൽ പറയുന്നു.
ആക്രമണം നടന്ന അവന്തിപ്പോറയിൽ നിന്നും 10 കിലോമീറ്റർ മാത്രം അകലെയായിരുന്നു കാറിൽ സ്‌ഫോടക വസ്തുക്കളുമായി ആദിൽ നിലയുറച്ചിരുന്നത്. 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കളായിരുന്നു ആദിൽ കരുതിയിരുന്നത്. സൈനികരുടെ ജീവനെടുക്കണമെന്ന് കരുതിക്കൂട്ടി തന്നെയായിരുന്നു ആദിൽ ഭാഗമായ ജെയ്‌ഷെ മുഹമ്മദ് പ്രവർത്തിച്ചത്.
തെക്കൻ കശ്മീരിലെ ഗുണ്ടിവാഗ് സ്വദേശിയായ ആദിൽ അഹമ്മദ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല. 2017 മാർച്ചിൽ ആദിൽ സ്‌കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു. തുടർന്ന് കഴിഞ്ഞ വർഷം പാക്കിസ്ഥാന്റെ ഭാഗമായുള്ള തീവ്രവാദി ഗ്രൂപ്പായ മസൂദ് അസറിന്റെ ഭാഗമായി. അവിടെ നിന്നുമാണ് ജെയ്‌ഷെ മുഹമ്മദിൽ എത്തിയത്.
ഇന്നലെ വൈകീട്ട് മൂന്നേകാലോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. മലയാളിയായ സൈനികൻ ഉൾപ്പെടെ 44 പേരാണ് ആക്രമണത്തിൽ മരിച്ചത്. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കളുമായി ആദിൽ കാർ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. മരണ സംഖ്യ ഉയരാനിടയുണ്ടെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here