ഇഡി ഡയറക്ടറായി എസ്.കെ മിശ്ര തുടരും; കാലാവധി നീട്ടി സുപ്രീം കോടതി

കേന്ദ്രസർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് വൻ ആശ്വാസം. എസ്.കെ മിശ്രയ്ക്ക് ഇഡി ഡയറക്ടറായി തുടരാം. സെപ്റ്റംബർ 15 വരെ കാലാവധി നീട്ടി സുപ്രീം കോടതി. അതേസമയം ഇഡി ഡയറക്ടറുടെ കാലാവധി നീട്ടാൻ ഇനി അപേക്ഷ നൽകേണ്ടതില്ലെന്നും ഭാവിയിൽ ഇഡി ഡയറക്ടറുടെ കാലാവധി നീട്ടാനുള്ള ഒരു ഹർജിയിലും ഇടപെടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഇഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി ജൂലൈ 31ന് അവസാനിക്കും.
ജസ്റ്റിസുമാരായ ബി.ആർ ഗവായ്, വിക്രംനാഥ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് മിശ്രയുടെ കാലാവധി നീട്ടിയത്. പൊതു-ദേശീയ താൽപര്യം മുൻനിർത്തിയാണ് ഇഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. ഇഡി ഡയറക്ടറുടെ കാലാവധി നീട്ടണമെന്ന കേന്ദ്രത്തിൻ്റെ അഭ്യർഥനയിൽ ‘വകുപ്പ് മുഴുവനും കഴിവുകെട്ട ഉദ്യോഗസ്ഥരാണോ?’ എന്ന് കോടതി ചോദിച്ചു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് അവലോകനം കണക്കിലെടുത്ത് എസ്.കെ മിശ്രയുടെ സാന്നിധ്യം ആവശ്യമാണെന്ന് കേന്ദ്രം മറുപടി നൽകി. എഫ്എടിഎഫ് അവലോകന സമയത്ത് മിശ്രയുടെ അഭാവം ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രം.
ഈ മാസം പതിനൊന്നിനാണ് മിശ്രയ്‌ക്ക് ചട്ടവിരുദ്ധമായി നൽകിയ കാലാവധി നീട്ടിനൽകൽ ജസ്‌റ്റിസ് ഭൂഷൺ ഗവായ് അധ്യക്ഷനായ മൂന്നംഗബെഞ്ച് റദ്ദാക്കിയത്. 31 നകം പുതിയ ഡയറക്‌ടറെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി വിധി നടപ്പാക്കുന്നതിന് പകരം മിശ്രയ്‌ക്ക് വീണ്ടും കാലാവധി നീട്ടിനൽകണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. 2018 നവംബറിൽ രണ്ടുവർഷത്തേക്കാണ് എസ്.കെ മിശ്രയെ ഇഡി ഡയറക്ടറായി ആദ്യം നിയമിച്ചത്. 2020 മെയ്‌മാസം കാലാവധി പൂർത്തിയായി. 2020 നവംബറിൽ അദ്ദേഹത്തിന് വിരമിക്കൽ പ്രായമായി. തുടർന്ന് ആദ്യ നിയമന ഉത്തരവിലെ രണ്ടുവർഷ സേവനകാലയളവ് മൂന്ന് വർഷമാക്കി ഭേദഗതിവരുത്തി. 2021 സെപ്‌തംബറിൽ ഉത്തരവിൽ വരുത്തിയ മാറ്റം കോടതി അംഗീകരിച്ചിരുന്നു. വീണ്ടും കാലാവധി നീട്ടികൊടുക്കരുതെന്നും ഉത്തരവിട്ടിരുന്നു.
Story Highlights: Supreme Court Extends ED Director SK Mishra’s Term
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here