Advertisement

​ഗസ്സയ്ക്ക് മുകളിൽ നെഹ്റുവിന്റെ വിമാനം; ഇസ്രയേൽ ജെറ്റുകൾ വട്ടമിട്ട് പറന്നപ്പോൾ

November 14, 2023
Google News 3 minutes Read
Nehru’s plane intercepted by Israeli jets over Gaza

ഗസ്സയിൽ ജീവനുവേണ്ടി പതിനായിരങ്ങളുടെ പോരാട്ടം നടക്കുകയും ലക്ഷങ്ങൾ ജീവനുവേണ്ടി പലായനം ചെയ്യുകയും ചെയ്യുന്ന സങ്കീർണ സാഹചര്യത്തിലാണ് വീണ്ടുമൊരു നെഹ്‌റു ജന്മദിനം കടന്നുപോകുന്നത്. 1927ൽ ജവഹർലാൽ നെഹ്‌റു ബ്രസൽസിൽ നടന്ന സാമ്രാജ്യത്വത്തിനെതിരായ അറബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ എഴുതിയ എ ഫോറിന് പോളിസി ഫോർ ഇന്ത്യ എന്ന ലേഖനം ഈ ഘട്ടത്തിൽ പ്രസക്തമാണ്. ഊഷ്മളമായ അയൽപക്ക ബന്ധം കെട്ടിപ്പടുക്കുന്നതിനെകുറിച്ചും വ്യക്തമായ വിദേശനയം കെട്ടിപ്പടുക്കുന്നതിനെ കുറിച്ചും ആശയങ്ങൾ നെഹ്‌റു മുന്നോട്ടുവച്ചു.(Nehru’s plane intercepted by Israeli jets over Gaza)

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വം, പ്രത്യേകിച്ച്, നെഹ്‌റു, ഗാന്ധി, മൗലാനാ ആസാദ് തുടങ്ങിയവർ പലസ്തീനിയൻ ലക്ഷ്യത്തോട് എന്നും അനുഭാവം പുലർത്തിയിരുന്നു. സ്വതന്ത്ര പലസ്തീൻ എന്ന ആശയത്തെ അദ്ദേഹം എന്നും അനുകൂലിച്ചു. 1960 മെയ് 19ന് കോമൺവെൽത്ത് പ്രധാനമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ്, ജവഹർ ലാൽ നെഹ്റു ഗസ്സ സന്ദർശിക്കുന്നത്. ലണ്ടനിൽ നിന്നുള്ള മടക്കയാത്രയിലായിരുന്നു ഇത്. ലെബനനിലെ ബെയ്‌റൂട്ടിൽ നിന്നായിരുന്നു ഗസ്സയിലേക്കുള്ള യാത്ര. ഗസ്സയിൽ യുഎൻ എമർജൻസി ഫോഴ്‌സ് സൈനികരുമായി നെഹ്‌റു കൂടിക്കാഴ്ച നടത്തി.

നെഹ്‌റുവിന്റെ സന്ദർശനത്തിൽ ഗസ്സയിലെത്താൻ അന്ന് യുഎൻ വിമാനമാണ് ഉപയോഗിച്ചത്. യുഎൻ വിമാനങ്ങളെ സംബന്ധിച്ച് ഗസ്സയിലേക്ക് എത്തുക എന്നത് സാധാരണ പരിശീലനങ്ങളുടെ ഭാഗമായിരുന്നു. അത് ഇസ്രയേലിനും ബോധ്യമുള്ള കാര്യമായിരുന്നു. സാധാരണ വിമാനം പോകുന്ന പോലെ തന്നെ നടത്തിയ ആ യാത്രയിൽ, ഫ്‌ളൈറ്റിനെ സംബന്ധിച്ച് പോലും ഔദ്യോഗിക വിവരങ്ങൾ നൽകിയിരുന്നുമില്ല. അന്ന് അറബ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും പത്രങ്ങളിൽ നെഹ്‌റുവിന്റെ യാത്ര വലിയ വാർത്തയായി ഇടംപിടിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ ആർക്കൈവൽ രേഖകൾ പ്രകാരം, നെഹ്‌റുവിന്റെ വിമാനം ഗസ്സയിലേക്ക് പറക്കുന്ന സമയത്ത് തൊട്ടടുത്തുകൂടി ഇസ്രയേലിന്റെ രണ്ട് ജെറ്റ് യുദ്ധവിമാനങ്ങൾ കടന്നുപോയിരുന്നു. അപകടകരമായ തരത്തിൽ അത് നെഹ്‌റുവിന്റെ വിമാനത്തിന് സമീപം വട്ടമിടുകയും പിൻവാങ്ങുകയും ചെയ്തു. ഇതിന് പുറമേ ഗസ്സ എയർഫീൽഡിന് സമീപവും രണ്ട് തവണ ഇസ്രയേൽ ജെറ്റുകൾ പ്രത്യക്ഷപ്പെട്ടു.

നെഹ്‌റുവിന്റെ ആ യാത്ര അറേഞ്ച് ചെയ്തത് യുഎൻ ആയതിനാലും ഉപയോഗിച്ചത് യുഎന്നിന്റെ വിമാനമായതിനാലും വിഷയം പരിശോധിക്കേണ്ടത് യുഎൻ ആണെന്നായിരുന്നു ഇന്ത്യാ ഗവൺമെന്റിന്റെ പ്രതികരണം. സംഭവത്തിന്റെ പിറ്റേന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ഡാഗ് ഹാമർസ്‌ക്ജോൾഡ് ജവഹർലാൽ നെഹ്റുവിന് ഒരു കത്തെഴുതി. ഗസ്സ എയർസ്ട്രിപ്പിൽ വിമാനം ഇറങ്ങുന്നതിന് സാങ്കേതികമായി ഇസ്രായേൽ ഫ്‌ലൈറ്റ് ആവശ്യമായിരുന്നു എന്നും ഇക്കാര്യം സംബന്ധിച്ച് ഇസ്രായേൽ അധികാരികൾക്ക് ധാരണയുണ്ടായിരുന്നെന്നും കത്തിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഹാമർസ്‌ക്‌ജോൾഡ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

സംഭവത്തെ കുറിച്ച് ലെഫ്റ്റനന്റ് ജനറൽ ഗ്യാനിയും ഇസ്രായേലികളെ കുറ്റപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി. ഇതിന് തിരിച്ചടിയായി അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെൻ ഗുറിയോൺ ജനറൽ ഗ്യാനിയെ അതിരൂക്ഷമായി വിമർശിച്ചു. യുഎൻ വിമാനത്തിനൊപ്പം നാല് എംഐജി വിമാനങ്ങൾ പറക്കുന്നത് കണ്ടതായും ഇസ്രായേലികൾ അവകാശപ്പെട്ടു. യുഎൻ എയർക്രാഫ്റ്റിന്റെ വരവ് സംബന്ധിച്ച് ഇസ്രയേൽ വ്യോമസേനയ്ക്ക് ഒരു വിവരവും ലഭിച്ചില്ലെന്നും ഇസ്രയേലി പ്രധാനമന്ത്രി യുഎൻ സെക്രട്ടറി ജനറലിന് ചൂണ്ടിക്കാട്ടി.

Read Also: യുദ്ധങ്ങളിലെ സമ്പൂര്‍ണ ഉപരോധം; നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍

ഇസ്രയേലി പ്രധാനമന്ത്രിയുടെയും ലെഫ്റ്റനന്റ് ജനറൽ ഗ്യാനിയുടെയും വിമർശനങ്ങളെ തള്ളിയ യുഎൻ സെക്രട്ടറി ജനറൽ, പകരം നെഹ്റുവിന് ഇക്കാര്യം സൂചിപ്പിച്ച് കത്തെഴുതുകയും ചെയ്തു. സംഭവത്തോട് പ്രധാനമന്ത്രി പ്രതികരിച്ചതിന്റെ സ്പിരിറ്റിനെ അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം. ജനറൽ ഗ്യാനിയുടെ റിപ്പോർട്ട് അനുസരിച്ച്, ഗസ്സയിലേക്ക് നെഹ്‌റുവുമായി പോകുന്ന യുഎൻ വിമാനത്തിന് അകമ്പടിയായി ഈജിപ്ത് വ്യോമസേന ഉണ്ടായിരുന്നില്ലെന്നും രേഖകളിൽ വ്യക്തമാക്കുന്നു.

Story Highlights: Nehru’s plane intercepted by Israeli jets over Gaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here