മദ്യനയത്തിന് അംഗീകാരം. പൂട്ടിയ ബാറുകള്‍ തുറക്കില്ല.

കേരള സര്‍ക്കാറിന്റെ മദ്യനയത്തിന് സുപ്രീംകോടതി അംഗീകാരം നല്കി. ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ പൂട്ടിയ മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്കിയ ഹരജികള്‍ കോടതി തള്ളിയതോടെയാണ് സര്‍ക്കാറിന്റെ മദ്യനയം സുപ്രീം കോടതി ശരിവെച്ചത്. അടച്ച ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ ഇനി തുറക്കില്ല.
വിധിയുടെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തെ എതിര്‍ത്തുള്ള ഹരജി തള്ളുന്നു എന്ന ഒരു വരി മാത്രമാണ് വിധി പ്രസ്താവത്തില്‍ ബെഞ്ച് വായിച്ചത്. വിധിപ്പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു.
10 ശതമാനം പ്രതീക്ഷമാത്രമാണ് ഉണ്ടായിരുന്നതെന്നും മുതിര്‍ന്ന നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ബാറുടമകള്‍ അറിയിച്ചു. വിധിയില്‍ ബാറുടമകള്‍ക്ക് പുനപരിശോധനാഹരജി നല്‍കാം. എന്നാല്‍ ഇത് കോടതി പരിഗണിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ നിയമപരമായ നടപടികള്‍ ബാറുടമകള്‍ക്ക് മുന്നില്‍ അടഞ്ഞിരിക്കുകയാണ്.
ജസ്റ്റിസുമാരായ വിക്രംജിത്ത് സെന്‍, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ലൈസന്‍സ് എന്നതായിരുന്നു മദ്യനയം. വിനോദ സഞ്ചാര മേഖലയെ പരിഗണിച്ചാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തിയതെന്ന സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സര്‍ക്കാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഹാജരായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here