ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് (79) അന്തരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഡിസംബര്‍ 24 നാണ് അദ്ദേഹത്തെ എയിംസില്‍ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചത്.

കോണ്‍ഗ്രസിലൂടെയാണ് മുഫ്തി മുഹമ്മദ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1987 ല്‍ പാര്‍ടി വിട്ട് വി.പി. സിങിന്റെ ജനമോര്‍ച്ചയുടെ ഭാഗമായ അദ്ദേഹം 1989 ല്‍ വി.പി. സിങ് മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി. പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും 1999 ല്‍ മകള്‍ മെഹബൂബ മുഫ്തിയുമായി ചേര്‍ന്ന് ജമ്മു കശ്മീര്‍ പി.ഡി.പി. രൂപീകരിച്ചു. 2002 മുതല്‍ 2005 വരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി. വര്‍ഷങ്ങള്‍ക്ക് ശേഷം ബി.ജെ.പി.യുമായി ചേര്‍ന്ന് 2015 ല്‍ വീണ്ടും മുഖ്യമന്ത്രിയായി.

കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയായി മകള്‍ മെഹബൂബ മുഫ്തി സ്ഥാനമേല്‍ക്കും. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

ഏവര്‍ക്കും മാതൃകയാക്കാവുന്ന നേതാവാണ് മുഫ്തി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി റ്റ്വിറ്ററില്‍ കുറിച്ചു.

മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഖം രേഖപ്പെടുത്തി.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി റ്റ്വിറ്ററിലൂടെ അനുശോചിച്ചു.

കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങും അനുശോചനം അറിയിച്ച് റ്റ്വിറ്ററില്‍ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top