ഇന്ന് വിവേകാനന്ദ ജയന്തി.

രാജ്യത്തെ യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്റെ 143 ാം ജന്മദിന ആഘോഷത്തിലാണ് രാജ്യം. രാജ്യത്തെ യുവജനങ്ങളെ സ്വാധിനിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മ ദിനം രാജ്യം ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്.
ശ്രീരാമകൃഷ്ണ പരമഹംസന്റെ പ്രിയ ശിഷ്യനായിരുന്ന വിവേകാനന്ദന്‍ തന്നെയാണ് ശ്രീരാമകൃഷ്ണ മഠവും ശ്രീരാമകൃഷ്ണ മിഷനും സ്ഥാപിച്ചത്. മതങ്ങള്‍ക്കതീതമായി മനുഷ്യ സ്‌നേഹത്തിനും നന്മയ്ക്കുമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു വിവേകാനന്ദന്‍.
എന്തൊരു കഷട്ടമാണ്, ഈശ്വരന്‍ നമ്മുടെ പിതവാണെന്ന് നിത്യവും പ്രാര്‍ത്ഥനാ വേളയില്‍ വാഴ്ത്തുകയും അതെ സമയം ചുറ്റുമുള്ള മനുഷ്യരെ സഹോദരന്മാരായി കാണാതിരിക്കുകയും! അത്തരം പ്രാര്‍ത്ഥന കൊണ്ട് എന്ത് ഫലം.?
പരിപൂര്‍ണ്ണ സ്വാതന്ത്രത്തിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. “നമ്മുടെ പ്രയത്‌നങ്ങളുടെയെല്ലാം ലക്ഷ്യം കൂടുതല്‍ സ്വാതന്ത്ര്യമാണ് കാരണം, പൂര്‍ണ്ണസ്വാതന്ത്ര്യത്തില്‍ മാത്രമേ പരിപൂര്‍ണ്ണത ഉണ്ടാവാന്‍ തരമുള്ളൂ...” എന്ന് അദ്ദേഹം പറഞ്ഞു വെച്ചു. ജാതീയതയ്‌ക്കെതിരെയും മനുഷ്യരെ ജാതീയമായി വേര്‍തിരിക്കുന്നതിനെതിരെയും വിവേകാനന്ദന്‍ ജാഗ്രതയോടെ ഇടപെട്ടു. “മൃഗീയതയില്‍ നിന്ന് മനുഷ്യത്വത്തിലേക്കും മനുഷ്യത്വത്തില്‍ നിന്ന് ദൈവികതയിലേക്കും ഉള്ള ഉയര്‍ച്ചയാണ് മതത്തിന്റെ ആദര്‍ശം.” എന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
ഏകത്വമായിരുന്നു വിവേകാനന്ദന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നിരുന്നത്.
വിവേകം എന്ന് പറയുന്നത് ഉപയോഗിപ്പാന്‍ കഴിവുണ്ടാകണമെങ്കില്‍, ജീവിതത്തില്‍ ഓരോ നിമിഷത്തിലും നമ്മുടെ ഓരോ കര്‍മ്മത്തിലും സത്യാസത്യങ്ങളെയും ന്യായാന്യായങ്ങളെയും തിരിച്ചറിയണമെങ്കില്‍, സത്യത്തിന്റെ ലക്ഷണമെന്തെന്ന് നാം മനസിലാക്കണം. അത് നിര്‍മ്മലതയാണ്, ഏകത്വമാണ്, ഏകത്വമുണ്ടാക്കുന്നതിന് സഹായിക്കുന്ന ഏതൊന്നും സത്യമാണ്. പ്രേമം സത്യമാണ്, ദ്വേഷം അസത്യമാണ്. എന്തുക്കൊണ്ടെന്നാല്‍ അത് അനേകത്വത്തിന് നിമിത്തമാകുന്നു. മനുഷ്യനെ മനുഷ്യനില്‍ നിന്നും ഭിന്നിപ്പിക്കുന്നത് വിദ്വേഷമാകുന്നു. അതിനാല്‍ അത് അസത്യവും അന്യായവും ആകുന്നു. അത് നശീകരണശക്തിയാണ്. ഭേദകവും മാരകവും ആണ്.
മതമല്ല പരമേശ്വരനാണ് എല്ലാം ആ പരമമായ സത്യത്തിലേക്കുയരണം ദിനം പ്രതി മുളച്ചുപൊന്തുന്ന മതവിഭാഗങ്ങളുടെ നാടായി രാജ്യം മാറി, എന്നാല്‍ ഈശ്വരനെ മനുഷ്യനിലേക്കല്ല തിരിച്ച് മനുഷ്യനെ പരമേശ്വരനിലേക്ക് ഉയര്‍ത്തിവിടുകയാണ് ആവശ്യമെന്നദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
കുമിളുപ്പോലെ മതവിഭാഗങ്ങള്‍ കുരുത്തുവരുന്ന നാടാണെന്റേത്. എല്ലാക്കൊല്ലവും പുതുമതങ്ങള്‍ പുറപ്പെടുകയായ്. പക്ഷേ ഒന്ന് ഞാന്‍ കണ്ടിട്ടുണ്ട്. മാംസപുരുഷനെ പരമാര്‍ത്ഥപുരുഷനോട് രജ്ഞിപ്പിക്കാന്‍ ഒരിക്കലും കൂട്ടാക്കാത്തവ മാത്രമാണ് പുരോഗമിക്കുന്നത്. മാംസത്തിന്റെ തൃഷ്ണകളെ പരമാദര്‍ശങ്ങളോട് യോജിപ്പിക്കുന്ന, ഈശ്വരനെ മനുഷ്യന്റെ നിലയിലേക്ക് വലിച്ചിടുന്ന പിഴ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം അപക്ഷയം വന്നുക്കൂടുന്നു. മനുഷ്യനെ സംസാരദാസ്യത്തിലേക്കാഴ്ത്തരുത്. പരമേശ്വരനിലേക്കുയര്‍ത്തിവിടുകയാണ് വേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here