നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണറോട്.

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണമുള്ള സാഹചര്യത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടു. രാജ്ഭവനില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണര്‍ പി സദാശിവത്തെ കണ്ട് നയപ്രഖ്യാപന പ്രസംഗം നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. പ്രതിപക്ഷത്തിന് ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

മന്ത്രിസഭയിലെ എല്ലാവരും അഴിമതി ആരോപണം നേരിടുന്നവരാണെന്നും സര്‍ക്കാരിന്റെ വൃത്തികെട്ട മുഖം ഗവര്‍ണറെ ബോധ്യപ്പെടുത്തിയതായും വിഎസ് പറഞ്ഞു. അഴിമതികളുയടെ അയ്യരുകളിയാണ് സംസ്ഥാനത്ത് നടക്കുന്നത്. നയപ്രഖ്യാപനത്തിന് മുമ്പ് സര്‍ക്കാര്‍ നേരിടുന്ന ഗുരുതരാവസ്ഥ ബോധ്യപ്പെടണം. കെഎം മാണി ബജറ്റ് അവതരിപ്പിച്ചപ്പോഴുള്ള സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് ശ്രദ്ധയില്‍പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളും ഗവര്‍ണറെ അറിയിച്ചതായി വിഎസ് കൂട്ടിച്ചേര്‍ത്തു.

മറ്റന്നാള്‍ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ മുഖ്യമന്ത്രിയ്‌ക്കെതിരെ സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗ്‌ത്തെത്തുമെന്നുറപ്പാണ്. ധനമന്ത്രിയായി മറ്റൊരാളില്ലാത്തതിനാല്‍ മുഖ്യമന്ത്രി തന്നെയാകും ബജറ്റ് അവതരിപ്പിക്കുക. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിസഭയിലെ മറ്റു മന്ത്രിമാര്‍ക്കെതിരെയും അഴിമതിയാരോപണം ഉയര്‍ന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top