പി.എസ്.സി. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍.

പബ്ലിക് സര്‍വീസ് കമ്മിഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതി ഉത്തരവ്. ഇതിനെതിരെ പിഎസ്സി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. 2011ലെ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ഉത്തരക്കടലാസ് പരിശോധകരുടെ പേരു വെളിപ്പെടുത്തരുതെന്ന നിര്‍ദേശത്തോടെയാണു പി.എസ്.സി. സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത്. ജസ്റ്റിസ് ഇക്ബാല്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്.
ഭരണഘടനാ സ്ഥാപനമായ പി.എസ്.സി. സംശയത്തിന് അതീതമായി നിലനില്ക്കണമെങ്കില് അതു വിവരാവകാശ പരിധിയില്‍ നില്‍ക്കുന്നതായിരിക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു. വിവരങ്ങള്‍ സുതാര്യമാക്കുന്നതിനും പിഎസ്സിയുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസ്യത ഉണ്ടാകുന്നതിനും ഇത് ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
2011ല്‍ കേരള ഹൈക്കോടതി ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചിരുന്നു. ഇതു ചോദ്യം ചെയ്തു പി.എസ്.സി. സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എല്ലാ രേഖകളും പുറത്തുവിട്ടാല്‍ അതു ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാക്കുമെന്നു ജോലി ഭാരവും ചെലവും കൂടുമെന്നും പി.എസ്.സി. വാദിച്ചു. മൂന്നാമതൊരു കക്ഷിക്ക് ഉത്തരക്കടലാസ് ലഭിക്കുന്നതിനെയും പി.എസ്.സി. ചോദ്യം ചെയ്തിരുന്നു. ആ വാദവും സുപ്രീം കോടതി തള്ളി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here