വരുന്നൂ ‘ഇന്‍ ഇലക്ഷന്‍ നഗര്‍’

അപ്പുക്കുട്ടനെയും മഹാദേവനെയും ഗോവിന്ദന്‍കുട്ടിയെയും തോമസ്‌കുട്ടിയെയും അവരുടെ സ്വന്തം ഹരിഹര്‍ നഗറിനെയുമൊന്നും മറക്കാന്‍ മലയാളിക്കാവില്ല. ഇന്‍ ഹരിഹര്‍നഗര്‍ എന്ന സിദ്ദിഖ് ലാല്‍ ചിത്രം ഇറങ്ങിയിട്ട് 25 വര്‍ഷം കഴിഞ്ഞു. എന്നിട്ടും ആ കഥാപാത്രങ്ങളോടുള്ള നമ്മുടെ ഇഷ്ടത്തിന് തെല്ലും കുറവ് വന്നിട്ടില്ല.
ഇനി അറിയേണ്ടത് ആ ഇഷ്ടം വോട്ടായി മാറുമോ എന്നാണ്. ജഗദീഷും(അപ്പുക്കുട്ടന്‍) സിദ്ദിഖും (ഗോവിന്ദന്‍കുട്ടി) യുഡിഎഫിനൊപ്പവും മുകേഷും (മഹാദേവന്‍) അശോകനും (തോമസ്‌കുട്ടി) എല്‍ഡിഎഫിനൊപ്പവും നിന്ന് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുമ്പോള്‍ കണ്ടറിയേണ്ടത് അതാണ്.
സിനിമയിലെ പത്തരമാറ്റ് തിളക്കമുള്ള ഈ കൂട്ടുകെട്ട് നിയമസഭയിലും ആവര്‍ത്തിക്കുമോ!!(ഭരണ-പ്രതിപക്ഷങ്ങള്‍ എന്ന വസ്തുത നമുക്ക് തല്ക്കാലം മറക്കാം). മുകേഷ് കൊല്ലത്തും സിദ്ദിഖ് അരൂരും ജഗദീശ് പത്തനാപുരത്തുമാണ് മത്സരിക്കുക. ഇവരുടെ പേരുകള്‍ സ്ഥാനാര്‍ഥിപ്പട്ടികയോട് ചേര്‍ന്ന് കേട്ടുതുടങ്ങിയ ശേഷമാണ് താന്‍ സ്ഥാനാര്‍ഥിയായല്‍ ആരും ഞെട്ടേണ്ടതില്ലെന്ന് അശോകന്റെ പ്രസ്താവന വന്നത്. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കകം തന്നെ അശോകനെയും സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നെന്ന വാര്‍ത്ത വന്നു,അതും ഹരിപ്പാട് മണഡലത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ. മലയാളികള്‍ക്ക് ഞെട്ടലല്ല ആകാംക്ഷയാണ് ഉണ്ടായത് എന്നു മാത്രം.
ഇവരുടെ താരപരിവേഷം സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള കടന്നുവരവ് എളുപ്പമാക്കിയെന്ന് പറയാതെ വയ്യ. എങ്കിലും സിനിമയും രാഷ്ട്രീയവും പരസ്പരം കൂട്ടുപിടിക്കരുതെന്ന മലയാളി ബോധം മാറിത്തുടങ്ങിയോ എന്നറിയാന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ കാത്തിരുന്നേ മതിയാവൂ. നിയമസഭയിലെത്തിയ സിനിമാക്കാരന്‍ എന്ന വിശേഷണം കെ.ബി.ഗണേഷ്‌കുമാറിന് മാത്രമാണ് ഇപ്പോള്‍ ഇണങ്ങുന്നത്. ‘തോമസ്‌കുട്ടീ വിട്ടോടാ നിയമസഭയിലേക്ക’ എന്ന് പറയാന്‍ ഹരിഹര്‍ നഗര്‍ താരങ്ങള്‍ക്കാവുമോ എന്ന് കാത്തിരുന്ന് കാണാം!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here