ഓര്‍മ്മകളില്‍ ജോണ്‍സണ്‍ മാഷ്

ഇന്ന് ജോണ്‍സണ്‍ മാഷിന്റെ ജന്മദിനം. പിറന്നാള്‍ ദിനത്തില്‍,മറക്കാനാവാത്ത ഈണമായി മനസില്‍ ജോണ്‍സണ്‍മാഷ് പെയ്തിറങ്ങുന്നു. പക്ഷേ ആ ഈണങ്ങളെ, ആ ജീവിതത്തെ, ആ കുടുംബത്തെ അറിയാവുന്നരുടെ ഉള്ളില്‍ നിന്നു ആ സംഗീതം പുറത്തേക്കൊഴുകുന്നത് കണ്ണുകളെ നനയിച്ചാണ്. കളിചിരികള്‍ നിറഞ്ഞു നിന്ന ആ വീട്ടില്‍ ഇപ്പോള്‍ ആര്‍ദ്രരാഗം പോലെ റാണിയുണ്ട്. ജോണ്‍സണ്‍മാഷിന്റെ
പ്രിയ ഭാര്യ. ഒരു ജന്മദിനവും ഇനി ആഘോഷമാകാത്ത, പാട്ടുകളുടെ വീട്ടില്‍ ഇന്ന് റാണി തനിച്ചാണ്. പെട്ടന്ന് നിലച്ചുപോയ സംഗീതം പോലെ ജോണ്‍സണ്‍ മാഷ്,
പുറമെ മകന്‍ റെനും, സുന്ദരസംഗീതം പോലെ അടര്‍ന്നു പോയ ഷാനും…..അവരുടെ കളിചിരികള്‍ ഒഴിഞ്ഞ വീട്ടില്‍ ഓര്‍മകളുടെ കണികകള്‍ കൂട്ടിയിണക്കി റാണി മാത്രം. ആഗ്രഹങ്ങള്‍ ബാക്കിയാക്കി ജോണ്‍സണ്‍ മാഷും മക്കളും യാത്രയായപ്പോള്‍ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളിലൂടെ നൊമ്പരം മറക്കാന്‍ ശ്രമിക്കുകയാണവര്‍.
മലയാളത്തിന്റെ പാട്ടോര്‍മ്മകളില്‍ ജോണ്‍സണ്‍ മാഷ് ആര്‍ദ്രരാഗങ്ങളുടെ തമ്പുരാനാണ്. അദ്ദേഹം ഈണം നല്കിയ പാട്ടുകളില്ലാതെ ഇഷ്ടപ്പെട്ട പത്തു ഗാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഒരു മലയാളിക്കുമാവില്ല. ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ക്കും ദേവരാജന്‍ മാസ്റ്റര്‍ക്കും പിന്നാലെ മലയാളത്തിന്റെ മണമുള്ള,മണ്ണിന്റെ മണമുള്ള ഈണങ്ങള്‍ സമ്മാനിച്ച് ആസ്വാദകഹൃദയങ്ങള്‍ കീഴടക്കാന്‍ ആ പ്രതിഭയ്ക്കായി.1978ല്‍ ആരവം എന്ന ചിത്രത്തിലൂടെ സിനിമാസംഗീതലോകത്തെത്തി. 1981ല്‍ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി. പിന്നീട് മലയാളി കേട്ടതൊക്കെ ആ മാന്ത്രികതയുടെ സ്പര്‍ശമുള്ള ഈണങ്ങളായിരുന്നു.നാടന്‍മണമുള്ള ശീലുകള്‍ പകരാന്‍ ജോണ്‍സണ്‍ മാഷോളം കഴിവ് മറ്റാര്‍ക്കുമില്ലെന്ന് അടിവരയിട്ട എത്രയോ ഗാനങ്ങള്‍. സിനിമയ്ക്ക് പാട്ടുകള്‍ അത്ര അവിഭാജ്യമൊന്നുമല്ല.എന്നാല്‍ ജോണ്‍സണ്‍ മാഷിന്റെ ഈണങ്ങളില്ലാതെ ചമയമോ,ചാമരമോ,പൊന്‍മുട്ടയിടുന്ന താറാവോ,ഞാന്‍ ഗന്ധര്‍വ്വനോ,കാതോട് കാതോരമോ സങ്കല്പ്പിക്കാന്‍ കഴിയുമോ!!
പശ്ചാത്തലസംഗീതത്തെ പാട്ടുകളേക്കാള്‍ മികച്ചതാക്കി മാറ്റിയ അതുല്യപ്രതിഭയും അദ്ദേഹത്തിനു മാത്രം സ്വന്തം. മണിച്ചിത്രത്താഴ് തന്നെ ഏറ്റവും വലിയ ഉദാഹരണം.സ്വരമണ്ഡല്‍,വീണ,മൃദംഗം,വയലിന്‍ എന്നിവ മാത്രമുപയോഗിച്ച് മാസ്മരികസംഗീതം പകര്‍ന്നു തരാന്‍ അദ്ദേഹത്തിനായി. കര്‍ണാടകസംഗീതത്തിലോ ഹിന്ദുസ്ഥാനിയിലോ നീണ്ട വര്‍ഷങ്ങളുടെ പഠനമികവൊന്നും ജോണ്‍സണ്‍ മാഷിനുണ്ടായിരുന്നില്ല. എന്നിട്ടും സംവിധായകനും തിരക്കഥാകൃത്തും ആഗ്രഹിച്ചതിനുമെത്രയോ അപ്പുറം ഇത്തരം സങ്കേതങ്ങളെ പാട്ടിലൂടെ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
പാശ്ചാത്യ സംഗീതത്തില്‍ അപാരമായ അവഗാഹമായിരുന്നു അദ്ദേഹത്തിന്. എന്നിട്ടും മണ്ണിന്റെ മണമുള്ള പാട്ടുകളില്‍ ആംഗലേയച്ചുവ കടന്നുവന്നില്ല. ട്രെന്റ് സംഗീതം ചെയ്യാന്‍ തനിക്കാവുകയില്ല എന്നല്ല തനിക്ക് സൗകര്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ധീരമായ നിലപാട്. ട്രെന്റുകള്‍ക്ക് പുറകേ പോവാതെ ഫോക്ക് സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി ചേര്‍ത്ത് തന്റേതായ ശൈലി കൊണ്ടുവരാനും അദ്ദേഹത്തിനായി.ജോണ്‍സണ്‍ മാഷ് ഒരു അത്ഭുതം തന്നെയായിരുന്നു.വരും തലമുറകള്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ് അദ്ദേഹം. ജോണ്‍സണ്‍ മാഷ് ഈണമിട്ട ഗാനങ്ങള്‍ ഓരോ മലയാളിക്കും സമ്മാനിക്കുന്നത് ഒരായിരം ഓര്‍മ്മകളുടെ പ്രപഞ്ചം കൂടിയാണ്.
സംഗീതത്തിന്റെ ദേവാങ്കണം വിട്ട് ആ താരകം 2011 ഓഗസ്ത് 18ന് പറന്നകന്നു. ആ വിയോഗം മലയാളികള്‍ അറിഞ്ഞത് വലിയ ഞെട്ടലോടെയായിരുന്നു. പിന്നീടങ്ങോട്ട് ആ ഞെട്ടലില്‍ നിന്ന് പൂര്‍ണമായും മുക്തരാവാന്‍ മലയാളികള്‍ക്കായതുമില്ല.അച്ഛനും പിന്നാലെ മകന്‍ റെന്‍ ജോണ്‍സണും 2012 ഫെബ്രുവരി 15ന് ഈ ലോകത്തോട് വിട പറഞ്ഞു.ഗായകനായിരുന്നു റെന്‍. ബൈക്കപകടത്തില്‍ പൊലിഞ്ഞു പോയ സഹോദരനെ ഓര്‍ത്ത് ജോണ്‍സണ്‍ മാഷിന്റെ മകള്‍ ഷാന്‍ മനസ്സിന്‍ മടിയിലെ മാന്തളിരില്‍ എന്ന പപ്പയുടെ ഈണം ആല്‍ബമാക്കുമ്പോള്‍ ആരും അറിഞ്ഞില്ല ഷാനിനു വേണ്ടിയും ദുരന്തം പതിയിരിക്കുന്നുണ്ടെന്ന്. ഫെബ്രുവരി 5 ന് ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മറിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ ഷാന്‍ പാടിയ വരികള്‍ വേട്ട എന്ന സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.ദുരന്തങ്ങള്‍ വേട്ടയാടിയ ആ കുടുംബചിത്രം ഇന്ന് ഏതൊരു മലയാളിക്കും നൊമ്പരമാണ്. മരണത്തിലേക്ക് മറഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മലയാളത്തിന് വസന്തം സമ്മാനിച്ച നല്ല ഗാനങ്ങളിലൂടെ ജോണ്‍സണ്‍ മാഷ് എന്ന ആ രാജഹംസം പാട്ടോര്‍മ്മകളുടെ മഴവില്‍ക്കുടിലിലിരുന്ന് ഇപ്പോഴും പാടുന്നുണ്ട്,ഓരോ മലയാളിയും അതറിയുന്നുണ്ട്!!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here