Advertisement

അടൂര്‍ഭാസി -ശുദ്ധഹാസ്യത്തിന്റെ കണ്ണാടി.

March 29, 2016
0 minutes Read

മലയാള സിനിമയില്‍ ശുദ്ധ ഹാസ്യത്തിന്റെ കണ്ണാടിയായിരുന്നു അടൂര്‍ഭാസി. ചിരിപ്പിക്കുന്നതിനോടൊപ്പം സ്വയം ചിരിച്ചും ഭാസി മലയാളസിനിമയുടെ ഭാഗമാകുന്നത് അറുപതുകളിലാണ്്. അടൂര്‍ഭാസി ഉണ്ടെങ്കില്‍ മാത്രം സിനിമകാണാന്‍ പോകുന്ന തലമുറയാണ് പിന്നെ ഇങ്ങോട്ട് ഇദ്ദേഹത്തിന്റെ സിനിമയ്ക്ക് സമാന്തരമായി വളര്‍ന്നത്.
പി ആര്‍ എസ് പിള്ള സംവിധാനം ചെയ്ത തിരമാലഎന്ന ചിത്രത്തിലൂടെയാണ് ഭാസി അഭിനയരംഗത്തേക്ക് എത്തുന്നതെങ്കിലും 1961 ല്‍ പുറത്തിറങ്ങിയ മുടിയനായ പുത്രനിലൂടെയാണ് ആളുകളെ കുടുകുടെ ചിരിപ്പിച്ച് ഭാസി തന്റെ ഹാസ്യയാത്രയ്ക്ക് തുടക്കം കുറിക്കുന്നത്.


എഴുപതുകളില്‍ ഭാസിയ്‌ക്കൊപ്പം ബഹദൂര്‍, എസ് പി പിള്ള കൂട്ടുകെട്ടുകൂടിയായപ്പോള്‍ മലയാള സിനിമ ഇതുവരെ ചിരിച്ചിട്ടില്ലാത്തതരം ഒരു ഹാസ്യലോകമാണ് സിനിമാലോകത്ത് പിറവി കൊണ്ടത്.

1927 മാര്‍ച്ച് ഒന്നിനാണ് ഭാസിയുടെ ജനനം. സാഹിത്യലോകത്തെ ഹാസ്യ സാമ്രാട്ടായിരുന്ന ഇ.വി കൃഷ്ണപിള്ളയാണ് ഭാസിയുടെ അച്ഛന്‍. സിവി രാമന്‍ പിള്ളയായിരുന്നു ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍.

ഹാസ്യതാരം എന്ന പരക്കെ പേരുള്ളപ്പോഴും ക്യാരക്ടര്‍ റോളുകളിലൂടെ അഭിനയജീവിതം അനശ്വരമാക്കിയ നടനാണ് ഭാസി. ഇതിന്റെ ഉദാഹരണങ്ങളാണ് കരിമ്പനയിലേയും, ഇതാ ഒരു മനുഷ്യനിലേയും വില്ലന്‍ വേഷങ്ങള്‍. ഹാസ്യനടനായി കത്തി നില്‍ക്കുമ്പോഴാണ് 1974ല്‍ കെ എസ് സേതുമാധവന്റെ ചട്ടക്കാരിയിലൂടയും 1979 ല്‍ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലൂടെയും മികച്ച നടനുള്ള അവാര്‍ഡുകള്‍ ഇദ്ദേഹം കരസ്തമാക്കുന്നത്. ഇതില്‍ കറിയാച്ചന്റെ ക്രൂരകൃത്യങ്ങളില്‍ നായകവേഷമായിരുന്നു ഭാസിയ്ക്ക്. 1984 ല്‍ ബാലചന്ദ്ര മേനോന്റെ ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെ 1984 ല്‍ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചു.


ഇക്കാലത്തും കുട്ടികള്‍ പാടി നടക്കുന്ന ഒരു രൂപാ നോട്ടു കൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും, തള്ള് ത്ള്ള് തള്ള് തല്ലാക്കു വണ്ടി എന്നീ ഗാനങ്ങള്‍ ഇദ്ദേഹം ലോട്ടറി എന്ന സിനിമയ്കായി പാടിയതാണ്്. 1978ല്‍ രഘുവംശം, 1977 ല്‍ അച്ചാരം അമ്മിണി ഓശാരം ഓമന, ആദ്യപാഠം എന്നിങ്ങനെ മൂന്നു സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു.

കുഞ്ചന്‍ നമ്പ്യാരായി അഭിനയിക്കണമെന്ന മോഹം ബാക്കി വച്ചാണ് ഈ ഹാസ്യസാമ്രാട്ട് 1990 മാര്‍ച്ച് 29 ന് യാത്രയായത്. ജി. അരവിന്ദന്‍ ഈ സിനിമസംവിധാനം ചെയയണമെന്നും അയ്യപ്പപണിക്കര്‍ ഇതിനു കഥയെഴുതണമെന്നായിരുന്നു അഗ്രഹം.

സിനിമയിലെ ഹാസ്യലോകത്തിന് ഇദ്ദേഹം ഓര്‍മ്മയായിട്ട് ഇത് 26ാം വര്‍ഷം. സിനിമയുടെ രൂപവും ഭാവവും മാറി, ഹാസ്യത്തിന്റേയും. എങ്കിലും
മലയാളസിനിമയുടെ ഹാസ്യസാമ്രാട്ട് എന്ന വിശേഷണം അടൂര്‍ ഭാസിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top