ഭാരതിദാസന്‍- കാല്‍പനികതയുടെ വിപ്ലവം

അറിവേ വിരിവു സെയ്..അഖണ്ഡമാക്കു .
(അറിവുകള്‍ വളരട്ടെ… ഒരു പ്രപഞ്ചമുണ്ടാവാന്‍… ) ഇങ്ങനെ ഒരു പ്രപഞ്ചത്തിലും ഒളിപ്പിച്ചുവയ്കാന്‍ കഴിയാത്ത ആഴങ്ങളില്‍ അര്‍ത്ഥങ്ങള്‍ സൃഷ്ടിച്ച വരികളുടെ സൃഷ്ടാവിന് ഒരൊറ്റപ്പേരേ ഉള്ളൂ… ഭാരതിദാസന്‍ എന്ന സുബ്ബുരത്തിനം. തമിഴ്‌വരികളിലെ വിപ്ലവശബ്ദത്തിനും കാല്‍പനിക ശബ്ദത്തിനും ഇതേ പേരു തന്നെയാണ്.
ഇരുപതാം നൂറ്റാണ്ടില്‍ സുബ്രഹ്മണ്യ ഭാരതി കഴിഞ്ഞാല്‍ ഏറ്റവും പ്രശസ്തനായ കവിയായിരുന്നു ഭാരതിദാസന്‍. ദേശീയത, അനീതി, അസമത്വം എന്നിവയ്‌ക്കെതിരെ വരികളിലൂടെ പോരാടിയ ഇദ്ദേഹം പുരട്ചി കവി (വിപ്ലവ കവി) എന്നാണ് അറിയപ്പെട്ടത്. പ്രശസ്ത യുക്തിവാദി നേതാവായിരുന്ന ഇ വി രാമസ്വാമിയാണ് ഈ വിശേഷണം ഭാരതിദാസന് നല്‍കിയത്.
1891 ഏപ്രില്‍ 29 ന്‍ പോണ്ടിച്ചേരിയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം..കനകസുബ്ബുരത്തിനം എന്നായിരുന്നു യഥാര്‍ത്ഥ നാമം. മഹാകവി സുബ്രഹ്മണ്യഭാരതിയുടെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സുബ്രഹ്മണ്യഭാരതിയുടെ അനുയായി ആയാണ് ഇദ്ദേഹം കഴിഞ്ഞത്. ഈ ആരാധനയുടെ തുടര്‍ച്ചയായാണ് സ്വന്തം പേര് ഭാരതിദാസന്‍ എന്ന് മാറ്റുന്നതും. ഇവരുടെ രണ്ടുപേരുടേയും കവിതകളാണ്് തമിഴില്‍ കാല്‍പനികതയുടെ ഒരു പുതിയ യുഗത്തിന്് തുടക്കമിട്ടത്. വിപ്ലവത്തിലൂടെയാണ് ഇദ്ദേഹത്തിന്റെ കാല്‍പനികത തമിഴ് മണ്ണില്‍ ഉറച്ചതെന്നു നിസ്സംശയം പറയാം.
ഭാരതിദാസന്‍ എന്ന പേരിനു പുറമെ പുടവൈ കലൈമകള്‍, ദേശോപകാരി, ദേശഭക്തന്‍, ആനന്ദബോധിനി, തമിഴരശ്, കിറുക്കന്‍, കിന്റല്‍ക്കാരന്‍, സ്വദേശമിത്രന്‍ എന്നു തുടങ്ങി പല തൂലികാ നാമത്തിലും അദ്ദേഹം എഴുതിയിട്ടുണ്ട്.
തമിഴച്ചി കതൈ, നല്ല തീര്‍പ്പു, കുടുംബ വിളക്ക്, സൗമ്യന്‍, ഇരുണ്ട വീട്, തമിഴ് ഇലക്കിയം, കാതലാ കടമയാ, മന്മണിത്തിരൈ, അമൈദി -ഊമൈ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളില്‍ ചിലതാണ്.1970 ല്‍ മരണാനന്തരം അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
വാക്കിലും പ്രവര്‍ത്തിയിലും ഒരു പോലെ വിപ്ലവം കാത്തുസൂക്ഷിച്ച ഇദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെയും പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഭരണകൂടത്തിനെതിരെയും നേരിട്ടും വരികളിലൂടെയും ശബ്ദം ഉയര്‍ത്തി. ഒരിക്കല്‍ ഫ്രഞ്ച് ഭരണകൂടം ഇദ്ദേഹത്തെ ജയിലറയ്ക്കുള്ളിലുമാക്കി.
കൃത്യമായ നേതൃത്വ പാടവം കാണച്ചിരുന്ന ഇദ്ദേഹത്തെ 1954 ല്‍ പോണ്ടിച്ചേരി നിയമസഭയിലേക്ക് ജനം തിരഞ്ഞെടുത്തു.
ജാതി, സ്ത്രീവിമോചനം എന്നിവയ്ക്കുമെതിരെ ശബ്ദം ഉയര്‍ത്തിയ ഇദ്ദേഹമാണ് ദ്രാവിഡ യുക്തിവാദത്തിന് തുടക്കം കുറിച്ച നേതാക്കളില്‍ ഒരു പ്രധാനി. 1961 ഏപ്രില്‍ ഒന്നിനാണ് വിപ്ലവത്തിന്റെ ചൂട് വരികളില്‍ മാത്രം അവശേഷിപ്പിച്ച് ഭാരതിദാസന്‍ ലോകത്തോട് വിട പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here