ചാരുകസേരയും വാലന്‍പുഴുവും ഇപ്പോഴുമുണ്ട്,പക്ഷേ….

ജാനകീസദനത്തിലെ സ്വീകരണമുറിയില്‍ ചാരുകസേര ഒഴിഞ്ഞുകിടക്കുന്നു.പക്ഷേ,പുസ്തകങ്ങള്‍ നിറഞ്ഞ അലമാരിയില്‍ വാലന്‍പുഴുക്കള്‍ ഇപ്പോഴുമുണ്ട്. “ആലോചിച്ചാല്‍ എല്ലാ പുസ്തകവും വാലന്പുഴുവിനുള്ളതാണ്.പൂന്താനത്തെപ്പോലെ,ദസ്തേവിസ്കിയെപ്പോലെ,ഹെമിങ്വേയെപ്പോലെ മനുഷ്യഹൃദയത്തില്‍ ജീവിക്കാന്‍ എത്രപേര്‍ക്ക് പറ്റും” എന്ന ചോദിച്ച് ഓരോ പുസ്തകവും എടുത്ത് വിശേഷങ്ങള്‍ പറയുന്ന ഒരാള്‍ ആ ചാരുകസേരയിലുണ്ടായിരുന്നു രണ്ട് വര്‍ഷം മുമ്പ് വരെ.
കഥകളുടെ കൂടാരമായിരുന്നു ഉണ്ണികൃഷ്ണന് പുതൂര്‍. എഴുതിയിട്ടും എഴുതിയിട്ടും മതിവരാതെ വീണ്ടും വീണ്ടും അക്ഷരങ്ങളെ പ്രണയിച്ച കഥാകാരന്.നോവലായും ചെറുകഥയായുമൊക്കെ ആ ഭാവനാവിലാസം വരികളില്‍ വിരിഞ്ഞപ്പോള്‍ വായനാലോകം ഇരുകയ്യും നീട്ടി അവയെല്ലാം സ്വീകരിച്ചു.പ്രമേയത്തിന്റെ ഔന്നത്യം രചനകളെ വേറിട്ടതാക്കി. അതിസങ്കീര്‍ണമായ കഥാതന്തുക്കളെ അനായാസേന അക്ഷരങ്ങളിലേക്ക് പകര്‍ത്തിയ പുതൂര്‍ എല്ലായ്പ്പോഴും ചിന്തകളുടെ വാതില്‍ വായനക്കാര്‍ക്കായ് തുറന്നുവച്ചു. ഉടമ അടിമ വ്യവസ്ഥിതി മുതല്‍ സ്ത്രീശാക്തീകരണവും പ്രണയവും കാമവും കുടിലതയും ചാപല്യങ്ങളും എല്ലാം അദ്ദേഹത്തിന്റെ കഥകളില്‍ വിഷയങ്ങളായി. നോവലുകളിലൂടെയും ചെറുകഥകളിലൂടെയും ഉണ്ണികൃഷ്ണന് പുതൂര്‍ എന്ന എഴുത്തുകാരനെ അറിഞ്ഞ വായനക്കാരില്‍ ഏറിയപങ്കും അദ്ദേഹത്തിലെ കവിയെക്കുറിച്ച് അറിഞ്ഞിരിക്കില്ല.
ഉണ്ണികൃഷ്ണന് പുതൂരിന്റേതായി ആദ്യം പുറത്തുവന്ന പുസ്തകം ഒരു കവിതാസമാഹാരമായിരുന്നു,’കല്‍പ്പകപ്പൂമഴ’. അതിന് അവതാരിക എഴുതിയതാവട്ടെ സാക്ഷാല്‍ വൈലോപ്പിള്ളി ശ്രീധരമേനോനും!! “ഇത്രമേല്‍ അനുഭവവും വികാരവും പുണര്‍ന്നുകിടക്കുന്ന ഒരു ഹൃദയവും അതിന്റെ തനിപ്പകര്‍പ്പായ കാവ്യബന്ധങ്ങളും ഒരു പക്ഷേ ചങ്ങമ്പുഴക്കവിതകളില്‍ മാത്രമേ കാണുകയുള്ളൂ” എന്ന് വൈലോപ്പിള്ളി പുതൂരിനെക്കുറിച്ച് എഴുതി. പക്ഷേ,കവിതയുടെ ലോകത്ത് തുടരാന്‍ അദ്ദേഹം തയ്യാറായില്ല.അതിന് നല്കിയ വിശദീകരണം ഇതായിരുന്നു ”കവിതയെഴുതിയാല്‍ ജീവിക്കാന്‍ പറ്റില്ല. അതിന് കഥയെഴുതണമെന്ന് എന്നോടു പറഞ്ഞത് കാരൂരാണ്. ആരുടെ മുന്നിലും കൈനീട്ടാതെ കഴിയണം. അങ്ങനെ കഥയില്‍ കേന്ദ്രീകരിച്ചു. എങ്കിലും കാവ്യാനുഭൂതി നഷ്ടമായിട്ടൊന്നുമില്ല. കവിതതന്നെയാണ് മികച്ച മീഡിയം എന്ന് ഞാന്‍ കരുതുന്നു.”
കഥയുടെ ലോകം പുതൂരിനു മുന്നില്‍ വിശാലമായിരുന്നു. ജീവിതാനുഭവങ്ങളുടെ തീച്ചുളയില്‍ നിന്ന് തന്നെ അദ്ദേഹത്തെത്തേടി കഥകളെത്തി.ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലിക്കാരനായിക്കഴിഞ്ഞിരുന്ന കാലത്ത് മുന്നില്ക്കാണുന്നതിലൊക്കെ കഥകള്‍ കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.ഗുരുവായൂരിലെത്തുന്ന ഓരോ മനുഷ്യനും ഓരോ കഥ തന്നെയാണ് എന്ന് പറഞ്ഞതും പൂതൂര്‍ തന്നെയാണ്. നിഷ്കളങ്കനായതുകൊണ്ട് അദ്ദേഹം താടിയില്‍ കറുത്ത ചായം തേച്ചിരുന്നില്ല എന്ന് പുതൂരിനെക്കുറിച്ച് മാധവിക്കുട്ടി അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേ നിഷ്കളങ്കത തന്റെ എഴുത്തിലും അദ്ദേഹം കാത്തുസൂക്ഷിച്ചു. കാപട്യത്തിന്റെ ചായങ്ങളില്ലാതെ കഥാപശ്ചാത്തലങ്ങളെ സത്യസന്ധമായി ആവിഷ്കരിച്ചു.
1933ല്‍ എങ്ങണ്ടിയൂര്‍ പുതൂര്‍ തറവാട്ടില്‍ ജനനം. ഗുരുവായൂരിലാണ് വളര്‍ന്നത്.1950കളില്‍ കവിതകളും കഥകളും എഴുതിത്തുടങ്ങി.പ്രസിദ്ധീകരിച്ച ആദ്യകഥ ചങ്ങമ്പുഴയുടെ മരണം പ്രമേയമാക്കിയ മായാത്ത സ്വപ്നമായിരുന്നു.1957ല്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ഗുമസ്തനായി ഔദ്യോഗികജീവിതം ആരംഭിച്ചു.1987ല്‍ ദേവസ്വം ലൈബ്രറി എസ്റ്റാബഌഷ്മെന്റ് വകുപ്പ് മേധാവിയായി സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.2014 ഏപ്രില്‍ രണ്ടിനായിരുന്നു മരണം.
‘എഴുതാന്‍ പറ്റാത്ത അവസ്ഥയാണ് എനിക്ക് മരണം. എഴുത്താണ് എന്റെ അസ്തിത്വം” .അതായിരുന്നു ഉണ്ണികൃഷ്ണന് പുതൂര്‍. രോഗപീഢയിലും അദ്ദേഹം കഥകള്‍ എഴുതിയിരുന്നു.ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും മങ്ങലേല്ക്കാത്തിടത്തോളം കാലം താന്‍ എഴുതും എന്ന വാക്ക് പാലിച്ചുകൊണ്ട്. മരണത്തിനിപ്പുറവും ആ വാക്കുകള്‍ മായാതെ നില്ക്കുന്നു. പൂതൂരിനെ വായിക്കുമ്പോള്‍ ആസ്വാദകര്‍ മനസ്സില്‍ പറയുന്നു വായിക്കപ്പെടുന്ന അനേകരിലൂടെ ഉണ്ണികൃഷ്ണന് പുതൂര്‍ ഇനിയും ജീവിക്കും….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here