ശബ്ദമാന്ത്രികൻ ഹരിഹരൻ

ആരെയും പിടിച്ചിരുത്തുന്ന ശബ്ദമാന്ത്രികത , അതാണ് ഹരിഹരനെ ജനപ്രിയനാക്കുന്നത്. വിനയമാണ് ഹരിഹരന്റെ മുഖം. നിറഞ്ഞ സംഗീതമാണ് അദ്ദേഹത്തിന്റെ ശക്തി. രണ്ടു പാട്ട് തികച്ചു ഹിറ്റായാൽ അഹങ്കാരം കൊണ്ട് കണ്ണ് കാണാതാകുന്ന യുവഗായകർക്ക് ഹരിഹരൻ എപ്പോഴും അത്ഭുതമാണ്. 61 വയസ്സ് തികയുകയാണിന്ന്.
1955 ഏപ്രില്‍ 3-ന് തിരുവനന്തപുരത്താണ് ഹരിഹരന്‍ ജനിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള പുത്തന്‍ തെരുവ് എന്ന ബ്രാഹ്മണത്തെരുവിലായിരുന്നു ജനിച്ച വീട്. അച്ഛന്റെ ഉദ്യോഗാര്‍ത്ഥം ബോംബെയിലേക്കു താമസം മാറ്റി. ബോംബെ ഷണ്‍മുഖാനന്ദസഭ സംഗീത വിദ്യാലയത്തിലെ ആദ്യ മേധാവിയായിരിക്കെ അദ്ദേഹം അകാലത്തില്‍ അന്തരിച്ചു. അപ്പോള്‍ ഹരിഹരന് എട്ടു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയായിരുന്നു ഹരിഹരന്റെ ആദ്യ സംഗീതഗുരു. ഹരിഹരന്‍ പഠിച്ചതും വളര്‍ന്നതും ബോംബെയിലാണ്. ബോംബെ എസ്.ഐ.ഇ.എസ്. കോളേജില്‍ നിന്നും ബി.എസ്.സി പാസായി.
കര്‍ണാടക സംഗീതത്തില്‍ ഒതുങ്ങി നില്‍ക്കാതെ അദ്ദേഹം ഹിന്ദുസ്ഥാനി സംഗീത ലോകത്തിലേക്കും പിന്നീട് ഗസലിന്റെ ലോകത്തേക്കും തന്റെ സംഗീതസപര്യയെ നയിച്ചു. ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ ആയിരുന്നു ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗുരു. ഗമന്‍ എന്ന ചിത്രത്തിനുവേണ്ടി പ്രസിദ്ധ സംഗീതസംവിധായകന്‍ ജയ്‌ദേവ് ഹരിഹരനെ പാടാന്‍ ക്ഷണിച്ചു. ആ ചിത്രത്തിലെ ഗസല്‍ സൂപ്പര്‍ഹിറ്റായി. ആ ഗാനത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു. എന്നാല്‍ മണിരത്‌നത്തിന്റെ റോജയിലേയും, ബോംബെയിലും എ.ആര്‍.റഹ്മാനുവേണ്ടി പാടിയ പാട്ടുകളാണ് ഒന്നാംനിര ഗായകനാകാന്‍ അദ്ദേഹത്തെ സഹായിച്ചത്. അതിനുശേഷം ഒട്ടേറെ തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ബംഗാളി സിനിമകളിലും വിവിധ ആല്‍ബങ്ങളിലും അദ്ദേഹം പാടി. 1996-ല്‍ പ്രമുഖ സംഗീതസംവിധായകനും, ഗായകനുമായ ലെസ്ലി ലൂയിസുമൊത്ത് ‘കൊളോണിയല്‍ കസിന്‍സ്’ എന്ന ഇന്‍ഡോ-ഇംഗ്ലീഷ് ഫ്യൂഷന്‍ ആല്‍ബം ഇറക്കിയതോടെ അന്തര്‍ദേശീയ തലത്തിലും അദ്ദേഹം അംഗീകരിക്കപ്പെട്ടു.
1998-ലും, 2009-ലും മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ്, അനവധി സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, 2011-ല്‍ മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2004-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഭാര്യ ലളിത. മക്കള്‍- അക്ഷയ്, കിരണ്‍. മകന്‍ അക്ഷയ് ഒരു നല്ല ഗായകനാണെന്ന് ഇതിനകം തെളിയിച്ചു.
തിരുനെല്‍വേലി സ്വദേശി കര്‍ണ്ണാടക സംഗീതജ്ഞ അലമേലുവിന്‍റെയും, തിരുവനന്തപുരത്ത് വേരുകളുള്ള എച്ച്.എ.എസ്.മണി ഭാഗവതരുടെയും മകന് ഹിന്ദുസ്ഥാനി സംഗീതത്തോട് പ്രണയമായിരുന്നു. തിരുവനന്തപുരത്തെ പുത്തന്‍തെരുവില്‍ മണി ഭാഗവതരുടെ പൂര്‍വികര്‍ താമസിച്ചിരുന്നു. അച്ഛന്‍ അനന്തസുബ്രമണി അയ്യരും അമ്മ അലമേലുവും പ്രമുഖ സംഗീതജ്ഞരായിരുന്നു. അച്ഛന്‍ തിരുവിതാംകൂര്‍ സംഗീത കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു. സംഗീത കോളജില്‍ പഠിച്ച എച്ച്.എ.എസ്.മണി പിന്നീട് സംഗീത അധ്യാപകനായി. ശിഷ്യയായ അലമേലു അദ്ദേഹത്തിന്‍റെ ഭാര്യയായി.
പൈതൃകം ഹരിഹരനെ മികച്ച ഗായകനാക്കുന്നതിൽ സഹായിച്ചു. ചലച്ചിത്ര ഗാനങ്ങൾ പാടാനുള്ള അവസരമൊരുക്കുന്ന ശുപാർശകളായി പൈതൃകം എന്നത് അധപ്പതിക്കുന്ന ഇക്കാലത്ത് ഹരിഹരന്റെ പൈതൃകത്തിനു ആഴമുള്ള അർത്ഥം ആണുള്ളത്.