യാത്രകളുടെ രാജകുമാരൻ – പീറ്റർ മാത്തിസൺ
അമേരിക്കൻ ചാര സംഘടനയായിരുന്ന സിഐഎയുടെ ഏജന്റ് ആയിരുന്ന പീറ്റർ മാത്തിസൺ മൺമറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം. 2014 ഏപ്രിൽ 5 ന് ആയിരുന്നു അദ്ദേഹം മരിച്ചത്. രണ്ട് വർഷക്കാലം മാത്രമേ മാത്തിസൺ സിഐഎയിൽ പ്രവർത്തിച്ചിരുന്നുള്ളു. ചെറുപ്പകാലത്തിന്റെ വിഡ്ഡിത്തം മാത്രമായിരുന്നു സി.ഐ.എ പ്രവർത്തനമെന്ന് അദ്ദേഹം പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തികഞ്ഞ ഇടതുപക്ഷ അനുഭാവിയായിരുന്ന മാത്തിസൺ പിൽക്കാലത്ത് അമേരിക്കൻ ഭരണകൂടത്തിനെതിരെ തിരിഞ്ഞു. യു.എസ് ഭരണകൂടം പ്രകൃതിയോടും ആദിമ നിവാസികളോടും ലോകമെങ്ങുമുള്ള സാധാരണ മനുഷ്യരോടും ചെയ്യുന്ന ക്രൂരതകൾ കണ്ടറിഞ്ഞത് കൊണ്ടാവണം ഈ ലോകം വന്യമായ ഇരുണ്ട ലോഹത്തിൽ വരച്ചതാണ് എന്ന് പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
സിഐഎയുടെ ഏജന്റ് മാത്രമല്ല അദ്ദേഹം ഒരു എഴുത്തുകാരൻ കൂടിയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അസാധാരണ അനുഭവങ്ങൾ വായനക്കാരനിൽ എത്തിച്ച എഴുത്തുകാരൻ എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ അറിയപ്പെട്ടത്.
1978ൽ പ്രസിദ്ധീകരിച്ച സ്‌നോ ലെപേഡ് എന്ന യാത്രാനുഭവത്തിലൂടെ ശ്രദ്ധേയനായ മാത്തിസൺ 30 ൽ ഏറെ പുസ്തകങ്ങളുടെ രചയിതാവാണ്. ഫിക്ഷനിലും നോൺ ഫിക്ഷനിലും ഒരു പോലെ പ്രതിഭ തെളിയിച്ച അദ്ദേഹം മാധ്യമപ്രവർത്തനം നാച്വറലിസ്റ്റ്, പരിസ്ഥിതി പ്രവർത്തനം, നോവൽ എഴുത്ത്, സെൻ ബുദ്ധിസ്റ്റ്, യാത്രികൻ എന്നീ മേഖലകളിലും ശ്രദ്ധേയനായിരുന്നു.
ലോകപ്രശസ്തമായ ‘ദി പാരീസ് റിവ്യൂ എന്ന ആനുകാലികത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു പീറ്റർ മാത്തിസൺ. ചാരപ്രവർത്തനത്തിനുള്ള മറയായിട്ടാണ് ‘ദി പാരീസ് റിവ്യൂ’ ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. യാത്രകളെ വളരെയധികം സ്‌നേഹിച്ചിരുന്നു മാത്തിസൺ. നേപ്പാളിലെ മലനിരകളിലൂടെയുള്ള യാത്രകളുടെ മാസ്മരികത വിളിച്ചോതുന്ന കൃതിയാണ് 1978 ൽ പുറത്തിറങ്ങിയ സ്‌നോ ലെപേഡ്. വെള്ള തിമിംഗലത്തെ തേടിയുള്ള പതിനേഴു മാസത്തെ സാഹസികയാത്രാ അനുഭവം തന്റെ വായനക്കാരുമായി പങ്കു വയ്ക്കുകയാണ് ‘ബ്ലൂ മെറീഡിയൻ’ എന്ന യാത്രാവിവരണത്തിലൂടെ.
റെയ്‌സ് റോക്ക്, പാർട്ടിസൻസ്, ഷാഡോ കൺട്രി, വൈൽഡ് ലൈഫ് ഇൻ അമേരിക്ക, സ്‌നോ ലെപേഡ ്, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികൾ. 1979, 1980, 2008 എന്നീ വർഷങ്ങളിൽ നാഷണൽ ബുക്ക് അവാർഡ്, 1993 ൽ ഹെംറിച്ച് അവാർഡ്, 2010 ൽ സ്പിറോസ് വെർഗോസ് പ്രൈസ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഫിക്ഷണും നോൺ-ഫിക്ഷണും നാഷണൽ ബുക്ക് അവാർഡ് ലഭിച്ച എക വ്യക്തിയാണ് മാത്തിസൺ. ലുക്കീമിയ ബാധിച്ച് ഒരു വർഷമായി ചികിൽസയിലായിരുന്ന പീറ്റർ മാത്തിസണിന്റെ അവസാന നോവലായ ‘ഇൻ പാരഡൈസ്’ പുറത്തിറക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here