വളരുംതോറും പിളർന്ന് കേരള കോൺഗ്രസ്സുകാർ ഒമ്പതായി.

കേരള കോൺഗ്രസുകൾ എത്രയുണ്ടെന്ന് ചോദിച്ചാൽ പെട്ടെന്നൊരു മറുപടി പറയാനാകില്ല. അതിന് പ്രത്യേക ഗവേഷണം തന്നെ വേണം. ഇപ്പോൾ നിലവിൽ ഇതെല്ലാം കൂടി പെറുക്കിക്കൂട്ടിയാൽ ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഒമ്പത് എന്ന് പറയാം. ചിലപ്പോൾ ഇലക്ഷന് ശേഷം രണ്ടക്കത്തിലേക്ക് കടക്കാനും സാധ്യതയുണ്ട്.
കെ.എം മാണി ചെയർമാനായി കേരള കോൺഗ്രസ് (എം) തലക്കാലം ചെയർമാനില്ലാത്ത അനൂപ് മന്ത്രി മാത്രമുള്ള (ജേക്കബ്) ഗ്രൂപ്പ് എന്നിവ യു.ഡി.എഫ് ന് ഒപ്പമുണ്ട്. ആർ ബാലകൃഷ്ണപിള്ള, ഫ്രാൻസിസ് ജോർജ്ജ്, സ്‌കറിയാ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഓരോ കേരളാ കോൺഗ്രസ് പാർട്ടികൾ എൽ.ഡി.എഫ്.ന് ഒപ്പമാണ്. പി.സി തോമസ്, ടി.എസ് ജോൺ, കുരുവിള മാത്യുവിന്റെ നാഷണലിസ്റ്റ് കേരള എന്നിവ എൻ.ഡി.എ.യിലാണ്. ഇതിനൊക്കെപുറമേ തൽക്കാലം ഒരു മുന്നണിയിലും പെടാതെയാണ് പി.സി ജോർജ്ജിന്റെ നേതൃത്വത്തിലുള്ള സെക്കുലർ പാർട്ടി. ഒരു മുന്നണിയിലും പെടാതെ എന്ന് പറയാനാവില്ല. ആരും അടുപ്പിക്കുന്നില്ല എന്നതാണ് ശരി.
നാമനിർദേശ പത്രിക നൽകിയശേഷം തന്നെ ആര് പിന്തുണയ്ക്കും എന്നതിനെ ആശ്രയിച്ച് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് ജോർജ്ജിന്റെ ഏറ്റവും പുതിയ നിലപാട്. നിലവിലുള്ള പാർട്ടികളിൽത്തന്നെ പിളർപ്പ് ഭീഷണിയുണ്ട്. സ്‌കറിയാ തോമസിന്റെ പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ കൂടിയായ മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള ഇടഞ്ഞു നിൽക്കുകയായിരുന്നെങ്കിലും തത്ക്കാലം വെടിനിർത്താൻ പ്രഖ്യാപിച്ചിട്ടുണ്ട്. മാണി ഗ്രൂപ്പിൽ സീറ്റ് വീതം വയ്പ്പ് പൂർത്തിയാവുന്നതോടെ എന്തും സംഭവിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here