Advertisement

ബാബുരാജും പിന്‍വാങ്ങി,’അമ്മ അമ്മമാരുടെ കൈകളിലേക്ക്’;ശ്വേതാ മേനോനും കുക്കുവും അമ്മയെ നയിക്കും?

20 hours ago
2 minutes Read
amma election analysis Shweta Menon

സിനിമാ താരസംഘടനയായ അമ്മയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത വരും എന്ന് ഏറെക്കുറെ ഉറപ്പായി. അധ്യക്ഷസ്ഥാനത്തിന് പുറമെ ജന.സെക്രട്ടറി സ്ഥാനത്തും സ്ത്രീവരുന്നുവെന്നാണ് ലഭ്യമാവുന്ന പുതിയ വിവരം. ബാബുരാജ് ജന.സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ കുക്കുപരമേശ്വരന്‍ ജന.സെക്രട്ടറി സ്ഥാനത്തെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനെത്തിയ ജഗദീഷ് അവസാനഘട്ടം പിന്മാറുകയായിരുന്നു. എന്നാല്‍ ദേവന്‍ മത്സരരംഗത്ത് ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചതോടെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരം ഉറപ്പായി. (amma election analysis Shweta Menon)

കുറ്റാരോപിതര്‍ മത്സരരംഗത്തുനിന്നും മാറി നില്‍ക്കണമെന്നാണ് താരങ്ങളില്‍ ഭൂരിപക്ഷത്തിന്റേയും നിലപാട്. ഇതോടെയാണ് ബാബുരാജ് മത്സരരംഗത്തുനിന്നും മാറിനില്‍ക്കാന്‍ തീരുമാനമെടുത്തത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരും ബാബു രാജ് മാറിനില്‍ക്കുന്നതാണ് നല്ലതെന്ന നിലപാട് സ്വീകരിച്ചിരുന്നു.

Read Also: റെക്കോർഡ് തിരുത്തിയെഴുതാൻ കെ.എൽ രാഹുൽ, വേണ്ടത് 45 റൺസ്

അമ്മയില്‍ വനിതകള്‍ നേതൃത്വം നല്‍കുന്ന ഒരു കമ്മിറ്റി വരട്ടെ എന്നാണ് സൂപ്പര്‍താരങ്ങളുടെ നിലപാട്. യുവതാരങ്ങളും ഇതേ നിലപാടിലാണ്. ഇതോടെയാണ് ശ്വേതാ മേനോന് അനുകൂലമായൊരു കാലാവസ്ഥ അമ്മയില്‍ ഒരുങ്ങിയത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അമ്മ ഭരണ സമിതി പിരിച്ചുവിടാന്‍ അധ്യക്ഷനായിരുന്ന മോഹന്‍ലാല്‍ തീരുമാനം കൈക്കൊണ്ടത്. ഒരു യുവനടിയെ പീഡിപ്പിച്ചതായുള്ള പരാതിയെ തുടര്‍ന്ന് ആദ്യം ജന.സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവച്ചതോടെയാണ് അമ്മ ഭരണ സമിതി പ്രതിരോധത്തിലായത്.

തുടര്‍ന്ന് ബാബുരാജ് ജന.സെക്രട്ടറിയായെങ്കിലും ബാബുരാജും സ്ത്രീപീഡന കേസില്‍ അകപ്പെട്ടു. അമ്മ അംഗങ്ങളായ എം മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ബാലചന്ദ്രമേനോന്‍, ഇടവേള ബാബു തുടങ്ങിയവര്‍ക്കുനേരേയും ആരോപണം ഉയര്‍ന്നതോടെ മലയാള സിനിമാ ലോകം കടുത്ത പ്രതിസന്ധിയിലായി. നടന്‍മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയ നിരവധി പേര്‍ക്കെതിരേയും ആരോപണം ഉയര്‍ന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതിസന്ധിയിലായി അമ്മ സംഘടന ഭരണ സമിതി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി പ്രഖ്യാപിച്ചു. ആ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 15 ന് അമ്മ ഭരണസമിതിയിലേക്ക് ഭാരവാഹി തിരഞ്ഞെടുപ്പ് പ്രഖ്യാച്ചത്.

നിരവധി പേരാണ് ഭരണസമിതിയിലേക്ക് മത്സരിക്കാന്‍ തയ്യാറായത്. സൂപ്പര്‍താരങ്ങള്‍ മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചതോടെയാണ് താരങ്ങള്‍ ഭാരവാഹികളാവാന്‍ തള്ളിക്കയറിയത്. 100 ല്‍പരം അംഗങ്ങള്‍ പത്രിക നല്‍കാന്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും 70 പേര്‍ പത്രിക പിന്‍വലിച്ചു. അധ്യക്ഷസ്ഥാനത്തേക്ക് ശ്വേതമേനോന് പിന്നാലെ ജഗദീഷ്, ദേവന്‍, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ജോയ് മാത്യു തുടങ്ങി ആറ് പേര്‍ മത്സരിക്കാനായി തയ്യാറായതോടെ മത്സരത്തിന് ഇന്നേവരെയില്ലാത്ത വാര്‍ത്താ പ്രാധാന്യവും വന്നു ചേര്‍ന്നു. ജോയ് മാത്യുവിന്റെ പത്രിക തള്ളിയെങ്കിലും മറ്റുള്ളവര്‍ മത്സരത്തില്‍ ഉറച്ചുനിന്നു.

അമ്മയ്ക്ക് ഒരു വനിതാ നേതൃത്വം വരികയാണെങ്കില്‍ താന്‍ മത്സരരംഗത്തുനിന്നും മാറാന്‍ തയ്യാറാണെന്നും സൂപ്പര്‍ താരങ്ങളുമായി സംസാരിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കഴിഞ്ഞ ദിവസം ജഗദീഷ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മത്സര രംഗത്തുനിന്നുമുളള പിന്‍വാങ്ങല്‍. ജഗദീഷ് മാറിയ സാഹചര്യത്തില്‍ ശ്വേതയ്ക്ക് പിന്തുണ വര്‍ധിച്ചിരിക്കയാണ്.

ശ്വേതാ മേനോനും കുക്കു പരമേശ്വരനും പ്രസിഡന്‍ും ജന.സെക്രട്ടറിയുമായി വന്നാല്‍ അത് അമ്മയ്ക്ക് പുതുജീവന്‍ കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രമുഖ താരങ്ങളുടെ വിലയിരുത്തല്‍. നടി അക്രമിക്കപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് അമ്മയില്‍ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. അമ്മയ്ക്കെന്തേ പെണ്‍മക്കളോട് വിവേചനം എന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയായിരിക്കും വനിതകള്‍ ഭാരവാഹിയായി എത്തുന്നത്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താരങ്ങള്‍ക്കെതിരെ ഉണ്ടായ കടുത്ത ആരോപണം സിനിമയെ തന്നെ ബാധിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കപ്പെടാനാതിരിക്കാനായി ഒരു വനിത വരട്ടെ എന്നതായിരുവന്നു പ്രമുഖരുടെ വിലയിരുത്തന്‍. സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ പുതിയ സിനിമാ നയത്തിന് ഉടന്‍ സര്‍ക്കാര്‍ രൂപം നല്‍കും. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതടക്കമുള്ള ചര്‍ച്ചകളില്‍ അമ്മ പ്രതിനിധികളായി സ്ത്രീ നേതൃത്വം വരുന്നതിനെ സമൂഹവും സ്വാഗതം ചെയ്യുമെന്ന വിലയിരുത്തലാണ് അമ്മയുടെ തലപ്പത്ത് വനിതവരട്ടെ എന്ന നിലപാടിന് പിന്നില്‍.

Story Highlights : amma election analysis Shweta Menon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top