Advertisement

ആൻണി ഇതൊക്കെ മുൻകൂട്ടി പറഞ്ഞിരുന്നു,1976ൽ!!

April 8, 2016
Google News 1 minute Read

വർഷം 1976.ഗുവാഹട്ടിയിൽ എ.ഐ.സി.സി. സമ്മേളനം നടക്കുന്നു. അടിയന്തിരാവസ്ഥയെത്തുടർന്ന് പത്തുവർഷത്തേക്ക് തെരഞ്ഞെടുപ്പുകൾ നടത്തേണ്ട എന്ന പാർട്ടി തീരുമാനം വിവാദമായി കത്തിപ്പടരുന്ന സമയം. ഇന്ദിരാഗാന്ധിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള ധൈര്യം ആർക്കുമില്ലാ താനും. സഞ്ജയ് ഗാന്ധി യൂത്ത് കോൺഗ്രസിന്റെ നേതൃസ്ഥാനത്തെത്തുന്നതിനെ വിമർശിച്ച് ശബ്ദമുയർത്തിയതിന് പ്രിയരഞ്ജൻ ദാസ് മുൻഷി ഒറ്റപ്പെടൽ ഭീഷണിയിലും. യൂത്ത് കോൺഗ്രസ് എൻക്ലേവിൽ സഞ്ജയ് ഗാന്ധിയുടെ തകർപ്പൻ പ്രസംഗത്തിന് സദസ് സാക്ഷ്യം വഹിച്ചതിന് പിന്നാലെയാണ് എ.ഐ.സി.സി സമ്മേളനം.sanjay_bl_1422230f നേതൃത്വം അവതരിപ്പിച്ച സാമ്പത്തിക പ്രമേയത്തെ പിന്താങ്ങാൻ കേരളത്തിന്റെ പിസിസി പ്രസിഡന്റിനെ വേദിയിലേക്ക് ക്ഷണിച്ചു. മൈക്ക് കിട്ടിയപാടെ അദ്ദേഹം പറഞ്ഞു തുടങ്ങി ”എവിടെയോ എന്തോ പന്തികേടുണ്ട്”. അപ്രതീക്ഷിതമായതെന്തോ കേട്ടതുപോലെ ഇന്ദിരാഗാന്ധി പകച്ചുനോക്കി. പ്രാസംഗികന് കുലുക്കമില്ല. അയാൾ തുടരുകയാണ്.”ആർക്കും കോൺഗ്രസിനെ ദുർബ്ബലപ്പെടുത്താനോ പരാജയപ്പെടുത്താനോ സാധ്യമല്ല.അതിനെ ദുർബ്ബലമാക്കുകയാണെങ്കിൽ അത് കോൺഗ്രസുകാർ തന്നെയായിരിക്കും.തെരഞ്ഞെടുപ്പുകൾ മാറ്റിവച്ചതിൽ ഞാൻ അസന്തുഷ്ടനാണ്.മാറ്റിവച്ചത് ഇരുപതിന പരിപാടി നടപ്പാക്കുന്നതിനും അടിയന്തിരാവസ്ഥയുടെ നേട്ടങ്ങൾ സമാഹരിക്കുന്നതിനും വേണ്ടിയാണെന്ന വാദത്തോടും എനിക്കു യോജിപ്പില്ല.മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും വിഭാവനം ചെയ്ത മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങളിൽ നിന്ന് കോൺഗ്രസ് വഴിതെറ്റി സഞ്ചരിക്കാനിടയാകരുത്.”19469271

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ സമ്മേളനത്തിൽ മുഴങ്ങിയ ആ ശബ്ദം അറക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന എ.കെ.ആന്റണിയുടേതായിരുന്നു. കൂട്ടിനുണ്ടായിരുന്നതാവട്ടെ ഉമ്മൻ ചാണ്ടിയും വി.എം.സുധീരനും.നിർഭയത്വവും ദീർഘവീക്ഷണവും കൈമുതലാക്കിയ ആ ചെറുപ്പക്കാരൻ അതോടെ രാഷ്ട്രീയവൃത്തങ്ങളിൽ ശ്രദ്ധാ കേന്ദ്രമായി. കാലം മുന്നോട്ട് പോയി. എ.ഐ.സി.സി സമ്മേളനങ്ങൾ ഒരുപാട് കഴിഞ്ഞു. ചെറുതും വലുതുമായ ഗ്രൂപ്പ് പോരുകൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന് പുതുമയല്ലാതായി. അടിയന്തിരാവസ്ഥയ്ക്ക് മുന്നേ തുടങ്ങിയ ഗ്രൂപ്പ് രാഷ്ട്രീയം ഇന്ന് എത്തിനിൽക്കുന്നതെവിടെ എന്ന് അറിയാൻ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉണ്ടായ കോലാഹലങ്ങൾ മാത്രം നോക്കിയാൽ മതി.

20031024005000401കേരളത്തിലെ പ്രശ്‌നങ്ങളിൽ ഹൈക്കമാൻഡ് ഇടപെട്ട് അന്തിമതീരുമാനം കണ്ടെത്തുക എന്ന പോംവഴി പുതുമൊഴി വഴക്കമൊന്നുമല്ല. കാലാകാലങ്ങളായി അനുവർത്തിച്ചു പോന്ന നയമാണ്. കെ.കരുണാകരൻ ആഭ്യന്തരമന്ത്രിയും എ.കെ.ആന്റണി കെ.പി.സി.സി പ്രസിഡന്റുമായിരുന്ന കാലത്ത് ഏത് നേരവും ഡൽഹിക്ക് പോകലായിരുന്നു ഇരുവരുടെയും ഒരു പ്രധാന പണി. കാലക്രമേണ ഹൈക്കമാൻഡ് ലോ കമാൻഡാവുന്നതിനും ലീഡർ ഹൈപവർ ആവുന്നതിനും കേരളരാഷ്ട്രീയം സാക്ഷിയായി. 2001ലായിരുന്നു അത്. തുടർന്നിങ്ങോട്ട് ഹൈക്കമാൻഡ് കടലാസ് പുലിയാവുന്നതിലും പുതുമ ഇല്ലാതായി.

ഇത്തവണയും സംഭവിച്ചത് അതു തന്നെ. സുഗമമായി പൊയ്‌ക്കോണ്ടിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ മാത്രം പോരാ എന്ന് തോന്നി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വി.എം.സുധീരനെ ദേശീയ നേതൃത്വം അവരോധിച്ചു. നയിക്കുന്നവനായും എതിർക്കുന്നവനായും ഡബിൾ റോൾ ഏറ്റെടുത്ത് ഉമ്മൻചാണ്ടിക്കും കൂട്ടർക്കും പരമാവധി പണി കൊടുക്കാൻ സുധീരൻ കിണഞ്ഞു ശ്രമിച്ചു. എന്നാൽ ഓരോ തവണയും അതൊക്കെ ബൂമറാങ്ങ് പോലെ തിരിച്ചടിച്ചു. പനമ്പള്ളിയെയും കരുണാകരനെയും വെല്ലുന്ന ഉമ്മൻ തന്ത്രങ്ങൾ അതിജീവിക്കാൻ സുധീരൻ പെടാപ്പാട് പെടുകയായിരുന്നു. അവസാനം കിട്ടിയ കച്ചിത്തുറുവായിരുന്നു സ്ഥാനാർഥി നിർണയം. അവിടെയും വിധി സുധീരന് എതിരായി. ഉമ്മൻചാണ്ടിയുടെ പവർഫുൾ സമ്മർദ്ദത്തിനു മുന്നിൽ ഹൈക്കമാൻഡിന് വഴങ്ങേണ്ടി വന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാതെയുള്ള തന്ത്രപരമായ തീരുമാനമെന്നൊക്കെ പറഞ്ഞ് പ്രത്യക്ഷത്തിൽ ആശ്വസിക്കുന്നുണ്ടെങ്കിലും എല്ലാവർക്കുമറിയാം കാര്യങ്ങൾ ഇനി പഴയപോലെയാവില്ലെന്ന്.30-lead-mandate_G0_2604129f

സുധീരൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ടവരൊക്കെ വിജയിച്ചാൽ ഉമ്മൻചാണ്ടി ശരിയായിരുന്നുവെന്ന് സമ്മതിക്കേണ്ടി വരും.ഭരണത്തുടർച്ച കൂടി സാധ്യമായാൽ സുധീരൻ നാടുവിട്ടു പോവേണ്ടി വരുമെന്നാണ് അണിയറ സംസാരം. ഇനി മറിച്ചാണെങ്കിലോ,ഉമ്മൻ ചാണ്ടി അപ്രസക്തനാവും. രണ്ടായാലും കേട് കേരളത്തിലെ കോൺഗ്രസിനു തന്നെ. പണ്ട് എ.കെ.ആന്റണി കൊടുത്ത താക്കീത് ഒരിക്കൽ കൂടി ഓർത്തു നോക്കൂ. “കോൺഗ്രസിനെ ദുർബ്ബലമാക്കുകയാണെങ്കിൽ അത് കോൺഗ്രസുകാർ തന്നെയായിരിക്കും”.ഈ അവസരത്തിന് ഇതിലും യോജിച്ച പ്രസ്താവന മറ്റെന്താണുള്ളത്!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here