മലയാളി ഭരിക്കുമോ പുതുച്ചേരിയെ ? ഇ. വത്സരാജ് എം.എൽ.എ. സംസാരിക്കുന്നു.
കേരളത്തോടൊപ്പംതന്നെ തെരഞ്ഞടെുപ്പൊരുക്കങ്ങളിലാണ് പുതുച്ചേരിയും. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയെ നിലവിൽ നയിക്കുന്നത് എൻ. രംഗസ്വാമിയുടെ ആൾ ഇന്ത്യ എൻ.അർ. കോൺഗ്രസ് ആണ്. 2000 മുതൽ 2011 വരെ പുതുച്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പമായിരുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ എൻ. രംഗസ്വാമിയുടെ പാർട്ടിയാണ്
അധികാരത്തിലെത്തിയത്. അതുകൊണ്ടുതന്നെ പുതുച്ചേരിയിൽ നഷ്ടപ്പെട്ട പ്രതാഭം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കോൺഗ്രസ്.
പുതുച്ചേരിയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മാഹി എംഎൽഎയും മുൻ മന്ത്രിയും മലയാളിയുമായ ഇ. വത്സരാജും അധികാരം തിരിച്ചുപിടിക്കാനുള്ള പ്രയത്‌നത്തിലാണ്. ജനങ്ങൾ തന്റെയും പാർട്ടിയുടേയും പ്രവർത്തനങ്ങളിൽ തൃപ്തരാണെന്ന് അദ്ദേഹം പറയുന്നു. ഒപ്പം നിലവിലെ മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ജനം ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന പ്രതീക്ഷയും വത്സരാജ് ‘റ്റ്വന്റിഫോറി’നോട് പങ്കുവെക്കുന്നു.
ഏഴാമതും ജനവിധി തേടാനൊരുങ്ങുമ്പോൾ ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ ?
അതെ എഴാം തവണയാണ് ഞാൻ മത്സരിക്കുന്നത്. 12 വർഷത്തോളം മന്ത്രിയായിരുന്നു. തെരഞ്ഞെടുപ്പ് എന്നത് ചെറുതല്ല 5 വർഷക്കാലത്തെ വിലയിരുത്തലാണ് ഇതിലൂടെ ജനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുവരെ എല്ലാ മേഖലയിലും ജനങ്ങൾക്കാവശ്യമായ കാര്യങ്ങൾ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് ചെയ്യാൻ കഴിഞ്ഞെന്ന പ്രതീക്ഷയോടെയും മന സന്തോഷത്തോടെയുമാണ് ഞാൻ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ അർഹമായ ജനപിന്തുണ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. മാത്രമല്ല ജനപ്രതിനിധിയായി പുതുച്ചേരിയിൽ ജനോപകാര പ്രധമായ വികസനം കൊണ്ടുവന്ന വ്യക്തി എന്ന നിലയിൽ, മാഹിക്കാരൻ എന്ന നിലയിൽ, അല്ലെങ്കിൽ സീനിയർ എന്ന നിലയിൽ എനിക്ക് പുതുച്ചേരിയിൽ മന്ത്രിസ്ഥാനമോ അർഹമായ പ്രാതിനിധ്യമോ കിട്ടും.
പുതുച്ചേരിയിലെ നിലവിലെ സാഹചര്യം ?
പുതുച്ചേരിയിൽ കോൺഗ്രസ് ശക്തമായി തിരിച്ചവരും. നിലവിലെ മുഖ്യമന്ത്രിയായ ശ്രീ രംഗസ്വാമി ഭരണ രംഗത്ത് പുതിയ പദ്ധതികൾ കൊണ്ടു വരുന്നതിനും ജനക്ഷേമ കരമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലും പരിമിത മായ കാര്യങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്. ഈ മന്ത്രിസഭയ്ക്ക് മുമ്പ് ഭരിച്ചിരുന്ന കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കിയാണ് രംഗസ്വാമി മുഖ്യമന്ത്രിയാകുന്നത്.
അതിനാൽ പുതിയ തെരഞ്ഞെടുപ്പ് വരുമ്പോൾ നിലവിലെ സർക്കാറിന് മുമ്പുള്ള കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന വലിയ പദ്ധതികൾ, തൊഴിൽ സാധ്യതകൾ എന്നിവയെ വിലയിരുത്തി, എന്തെങ്കിലും ചെയ്യുവാൻ കഴിയുന്നത് കോൺഗ്രസിനാണെന്ന് മനസിലാക്കി ജനങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കും. കോൺഗ്രസ് മുന്നേറും എന്നതിൽ സംശയമില്ല.
മുൻ മന്ത്രി, തുടർച്ചയായി എം എൽ എ; ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ താങ്കളിൽ നിന്ന് പുതുതായി എന്ത് പ്രതീക്ഷിക്കാം ?
പോണ്ടിച്ചേരിയെ മിനി സിങ്കപ്പൂരാക്കും എന്നത് കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ളതാണ്. തെക്കേ ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന സംസ്ഥാമനമാണ് പുതുച്ചേരി. അതുകൊണ്ട് തന്നെ ധാരാളം വികസനം കൊണ്ടുവരേണ്ടതുണ്ട്. തൊഴിൽ സാമൂഹിക പരിഷ്‌കരണ രംഗത്തും മറ്റ് ഇൻഫ്രാ സ്ട്രക്ചറിന്റെ കാര്യത്തിലും ജനങ്ങൾ ഞങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ട്. കോൺഗ്രസ് അത് നൽകുക തന്നെ ചെയ്യും.
പുതുച്ചേരിയിലെ ഭാവി മുഖ്യമന്ത്രിയായി താങ്കളുടെ പേര് ഉയർന്നുവരുന്നുണ്ടല്ലോ ?
അത്രത്തോളം വലിയ സ്വപ്നങ്ങളൊന്നും വേണ്ട. കാരണം പുതുച്ചേരിയിൽ മലയാളികളുടെ എണ്ണം ആകെ ജനസംഖ്യയുടെ 4 ശതമാനം മാത്രമാണ്. അപ്പോൾ ആകെ 4 ശതമാനം മാത്രമുള്ള ന്യൂനപക്ഷത്തുനിന്ന് ഒരു മുഖ്യമന്ത്രിയായി അവരോധിക്കപ്പെടുക എന്നത് പ്രയാസ്സകരമായിരിക്കും. മന്ത്രി സ്ഥാനം ലഭിക്കുക എന്നത് ചിലപ്പോൾ സത്യമാകുമെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കുന്നത് അത്രത്തോളം ശരിയാണെന്ന് തോനുന്നില്ല. പിന്നെ രാഷ്ട്രീയമാണ്. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. എന്നാലും അത്രത്തോളം കടന്ന് ചിന്തിക്കണോ എന്ന് എനിക്ക് അറിയില്ല.
മലയാളിയായ താങ്കൾ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ മലയാളികൾക്ക് എന്തെല്ലാം പ്രതീക്ഷിക്കാം ?
വൈകാരികമായി ചിന്തിച്ച് ഒരു മലയാളി എന്ന നിലയിലേക്ക് ചുരുങ്ങാൻ സാധ്യമല്ല. ഞാൻ എപ്പോഴും പറയാറുള്ളത് എനിക്ക് രണ്ട് അമ്മമാരുണ്ടെന്നാണ്. പെറ്റമ്മയും പോറ്റമ്മയും. പെറ്റമ്മ മയ്യഴിയും പോറ്റമ്മ പുതുച്ചേരിയും. അതുകൊണ്ടുതന്നെ പുതുച്ചേരിയുടെ മുഖഛായ മാറ്റാൻ പോന്ന പദ്ധതികൾ കൊണ്ടുവരിക, പുതുച്ചേരിയെ സൗന്ദര്യ വത്കരിച്ച് തെക്കേ ഇന്ത്യയിലെതന്നെ സഞ്ചാരികൾ അധികമായെത്തുന്ന പ്രദേശമാക്കി മാറ്റുക എന്നതിനാണ് ഞാൻ പ്രാധാന്യം നൽകുക. അതുതന്നെയാണ് ജനങ്ങൽ ആഗ്രഹിക്കുന്നതും.
കേരളത്തിന്റെ ഭാഗമല്ലാത്ത കേരളത്തിലെ പ്രദേശം അതാണല്ലോ മാഹി. മാഹിക്കാരനായ താങ്കളുടെ പാർട്ടി അധികാരത്തിലെത്തിയാൽ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പുതിയ പദ്ധതികൾ ഉണ്ടാകുമോ ?
കേരളവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശവും ജനങ്ങളുമാണ് മയ്യഴിയും മയ്യഴിക്കാരും. ഇപ്പോൾ കുടിവെള്ളത്തിന്റെ കാര്യത്തിൽ പൂർണ്ണമായും കേരളത്തെയാണ് ആശ്രയിക്കുന്നത്.. പണം നൽകി കേരളത്തിൽ നിന്നാണ് കുടിവെള്ളം വാങ്ങുന്നത്. വൈദ്യുതി കേരളം വഴിയാണ് സെൻട്രൽ ബ്രിഡ്ജിൽനിന്ന് എത്തുന്നത്. ബസ്സുകളെല്ലാം ദേശീയ പാത എന്ന നിലയിൽ മാഹി വഴിയാണ് കടന്നുപോകുന്നത്. മാത്രമല്ല കേരളക്കാരല്ലാത്ത മലയാളികളായതുകൊണ്ട കേരളവുമായി നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ് മാഹിക്കാർ. അതുകൊണ്ട് കേരളവുമായി നല്ല സഹകരണം തന്നെ ആണ് ആഗ്രഹിക്കുന്നത്. കേരളത്തിലെ കുട്ടികൾ മാഹിയിലും മാഹിയിലെ കുട്ടികൾ കേരളത്തിലും പഠനത്തിനായി എത്തുന്നു. ഇൻക്രിമെന്റോടെയാണ് ഇതെല്ലാം നടപ്പിലാക്കുന്നത്. ഇനിയും അത് തുടരും.
കേരളവും ഇപ്പോൾ തെരഞ്ഞെടുപ്പിലേക്കടുക്കുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു ?
ഏറ്റവും കൂടുതൽ കാര്യം കേരളത്തിന് വേണ്ടി ചെയ്ത മുഖ്യമന്ത്രിയും സർക്കാരുമാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഭരണ തുടർച്ച ഉണ്ടാകും എന്നതിൽ സംശയമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here