Advertisement

അത്രയ്ക്ക് സ്മാർട്ടാണോ ആ സിറ്റി ?

April 15, 2016
Google News 0 minutes Read


ഉത്ഘാടനം കെങ്കേമമായി നടന്ന സ്മാർട് സിറ്റി അത്രയ്ക്കങ്ങ് സ്മാർട്ടല്ല എന്ന് കണക്കുകൾ. സംസ്ഥാനത്തിന് ലാഭം ഉണ്ടാകുന്നില്ല എന്ന നഷ്ടക്കച്ചവടത്തിന് പുറമെ നാളിതുവരെ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിലും കൗണ്ട് പൂജ്യമായി തുടരുകയാണ്. ആറരലക്ഷം സ്‌ക്വയർ ഫീറ്റ് വലുപ്പത്തിൽ പണിതുയർത്തിയ പടുകൂറ്റൻ കെട്ടിടത്തിന്റെ അഞ്ച് ശതമാനത്തിൽ പോലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ലോകനിലവാരത്തിലുള്ള ഒരു കമ്പനി പോലും സ്മാർട്ട് സിറ്റിയിലേക്ക് എത്തിയിട്ടുമില്ല.

ഒന്നാംഘട്ടത്തിൽ ആകെയുള്ള 246 ഏക്കർ സ്ഥലത്ത് ആറരലക്ഷം സ്‌ക്വയർ ഫീറ്റ് കെട്ടിടമാണ് പണിതുയർത്തിയത്. 22 സ്ഥാപനങ്ങളാണ് നിലവിൽ കരാർ ഉറപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ ആകെ 16 കമ്പനികളെയാണ് ഐ.ടി കമ്പനികൾ എന്നു വിളിക്കാനാവുന്നത്.

smart-city-3 (1)

ചായക്കട, മൊബൈൽ കട, ബാങ്ക്

നിലവിൽ സ്മാർട്ട് സിറ്റിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതിൽ പലതും ഐ.ടി കമ്പനികളല്ല, മറിച്ച് ചായക്കട മുതൽ ബാങ്കുകൾ വരെയുള്ള സ്ഥാപനങ്ങളാണ്. ഡെ കെയർ, ആശുപത്രി, ഹോട്ടൽ, മൊബൈൽ കമ്പനികളുടെ ഔട്ട്‌ലെറ്റുകൾ, ലീഗൽ കൺസൾട്ടന്റുമാർ, ബാങ്ക് കൗണ്ടർ എന്നിവയൊക്കെയാണ് ഇപ്പോൾ പ്രവർത്തനമാരംഭിക്കുന്നത്. വളരെ ചെറിയ അളവിലുള്ള സ്ഥലം മാത്രമാണ് ഇവയോരോന്നും എടുത്തിരിക്കുന്നത്. ആറരലക്ഷം സ്‌ക്വയർഫീറ്റ് കെട്ടിടത്തിൽ കണക്കിലെടുക്കാൻ പോലുമാവാത്തത്രയും ചെറിയ ഭാഗം.

പതിനാറ് ഐടി കമ്പനികൾ ?

ഉത്ഘാടനത്തിന് മുമ്പ് ടീകോം പറഞ്ഞിരുന്നത് 27 കമ്പനികൾ കരാറുറപ്പിക്കും എന്നായിരുന്നു. എന്നാൽ ഉത്ഘാടന ദിവസം മൈക്കിലൂടെ പ്രഖ്യാപനം വന്നപ്പോൾ അത് 22 ആയി. ആ 22 ൽ ആകെ ഐ.ടി ബിസിനസ് ചെയ്യുന്നത് 16 മാത്രം. എന്നാൽ ഈ 16 കമ്പനികളും പുതിയതായി ആരംഭിക്കുന്നതല്ല എന്നതാണ് വിചിത്രം. എറണാകുളം ജില്ലയിൽ വിവിധയിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ചെറുകിട ഐ.ടി സ്ഥാപനങ്ങൾക്ക് സ്മാർട് സിറ്റിയിലേക്ക് സ്ഥലസൗകര്യം ലഭിച്ചു എന്നതുമാത്രമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. 4000മുതൽ 6000 വരെ സ്‌ക്വയർഫീറ്റ് സ്ഥലം മാത്രമാണ് കെട്ടിടത്തിൽ ഇവർ എടുത്തിരിക്കുന്നത്. പുതിയ ജീവനക്കാർ ഉണ്ടാകാനുള്ള സാധ്യതയും വിരളമാണ്. അതായത്, പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത. ടീകോമിന്റെ വാഗ്ദാനമായ 90,000 തൊഴിലവസരങ്ങൾ എന്നത് വിദൂര സ്വപ്‌നമാകുകയാണ്.

smart-city

രണ്ടാം ഘട്ടം റിയൽ എസ്റ്റേറ്റ് ബിസിനസ് മാത്രം

ഒന്നാം ഘട്ടത്തിൽ നിന്നും വ്യത്യസ്തമായി രണ്ടാം ഘട്ടത്തിൽ രണ്ട് ഉപസംരംഭകരെ കൂടി ഉൾപ്പെടുത്തി സാധ്യമാക്കാനാണ് ടീകോം ലക്ഷ്യമിടുന്നത്.
ലുലു ഗ്രൂപ്പ്, പ്രസ്റ്റീജ് ഹോളിഡേ ഗ്രൂപ്പ് എന്നിവരെയാണ് ഉപസംരഭകരാക്കുന്നത്. എന്നാൽ ഇവർക്ക് ഭൂമി സബ് ലീസ് (ഉപപാട്ടം) ചെയ്യുന്നതിലൂടെ ടീകോം വൻലാഭമുണ്ടാക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാറിൽ നിന്നും സെന്റൊന്നിന് 42,000 രൂപ നിരക്കിലാണ് ടീകോമിന് ഭൂമി ലഭിച്ചത്. അതേ ഭൂമി ടീകോം മൂന്ന് ലക്ഷം മുതൽ നാലു ലക്ഷം രൂപവരെ സെന്റൊന്നിന് ഈടാക്കിയാണ് ലുലുവിനും പ്രസ്റ്റീജിനും നൽകുന്നത്. ടീകോമിന് ഇത് ലാഭക്കച്ചവടം ആകുമ്പോൾ സർക്കാർ നോക്കുകുത്തിയാകുകയും വലിയ നഷ്ടമുണ്ടാകുകയും ചെയ്യും എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here