FIRST ON 24 NEWS; ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് ദേവസ്വം ബോർഡിൻറെ ക്ഷണം

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് സുരേഷ്‌ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിൽ നേരിട്ടെത്തിയാണ് ക്ഷണിച്ചത്. അരമണിക്കൂറോളം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടു. വിശ്വാസമാണ് പ്രധാനമെന്നും ദേവസ്വം ബോർഡിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികളുടെ കൂട്ടായ്മയാണ് അയ്യപ്പ സംഗമമെന്നും പ്രസിഡൻറ് പി എസ് പ്രശാന്ത് ട്വന്റി ഫോറിനോട് പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ വിളിക്കുവാനുള്ള ധാർമിക ബാധ്യത തങ്ങൾക്കുണ്ട്. ബാക്കി തീരുമാനങ്ങൾ എടുക്കേണ്ടത് അവർ തന്നെയാണ്. ബിജെപി നടത്താൻ ഉദ്ദേശിക്കുന്ന ബദൽ സംഗമം ശബരിമലയുടെ നന്മയ്ക്ക് വേണ്ടി ആണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുവതി പ്രവേശന നിലപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പ്രസക്തിയില്ല. അത്തരമൊരു സാഹചര്യം വന്നാൽ ആലോചിക്കാം. ദേവസ്വം ബോർഡ് പരിപാടി സംഘടിപ്പിക്കുമ്പോൾ ഏത് സർക്കാരായാലും സഹായം തേടിയേ കഴിയൂ. അതിനെ അങ്ങനെ കണ്ടാൽ മതി, പി എസ് പ്രശാന്ത് വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വിമർശനങ്ങൾക്കും പി എസ് പ്രശാന്ത് മറുപടി നൽകി. പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിക്ക് കത്ത് നൽകാനാണ് പോയത്. അദ്ദേഹം അവിടെ ഉണ്ടായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. എല്ലാവർക്കും അവരുടേതായ രാഷ്ട്രീയമുണ്ട്.പക്ഷെ ശബരിമലയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ പാടില്ലായിരുന്നു. ശബരിമലയിൽ ഒരംശം പോലും രാഷ്ട്രീയം കലർത്താനായി ശ്രമിച്ചിട്ടില്ല. താൻ സമ്പൂർണ്ണ ഭക്തനാണെന്നും തന്നെ നിയമിച്ച പാർട്ടി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് പറഞ്ഞു.
Story Highlights : Travancore Devaswom Board invites Union Minister Suresh Gopi to participate in Global Ayyappa Sangamam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here