കള്ളപ്പണ നിക്ഷേപം; ബച്ചന്റെ പങ്ക് തെളിയിക്കുന്ന കൂടുതൽ രേഖകൾ പുറത്ത്.
പനാമ രേഖകളിലെ കമ്പനികളെ കുറിച്ച് അറിയില്ലെന്ന അമിതാഭ് ബച്ചന്റെ വാദം പൊളിയുന്നു. ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ആസ്ഥാനമായുള്ള കമ്പനിയുടെ യോഗത്തിൽ ഫോൺ വഴി ബച്ചൻ പങ്കെടുത്തതിന്റെ രേഖകൾ പുറത്തുവന്നു. വിഷയത്തിൽ തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ കേന്ദ്രീകരിച്ചുള്ള നാല് കമ്പനികളിൽ ബചച്‌ന് പങ്കാളിത്തമുണ്ടെന്നാണ് പനാമയിലെ മൊസാക് ഫൊൻസക എന്ന നിയമ സ്ഥാപനത്തിൽനിന്ന് ചോർന്ന രേഖകളിൽ പറയുന്നത്. 1993 97 വരെ ഈ കമ്പനികളുടെ ഡയറക്ടറായിരുന്നു ബച്ചൻ എന്നും രേഖകളിൽ പറയുന്നുണ്ട്. എന്നാൽ വാർത്ത വന്നതോടെ ഈ കമ്പനികളെ കുറിച്ച തനിക്ക് അറിയില്ലെന്ന വിശദീകരണവുമായി അദ്ദേഹം എത്തിയിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്നാണ് ഏറ്റവും പുതിയ രേഖകൾ നൽകുന്ന വിവരങ്ങൾ.
ട്രംപ് ഷിപ്പിംഗ് ലിമിറ്റഡ്, സീ ബൾക് ഷിപ്പിങ് ലിമിറ്റഡ് എന്നീ വിദേശ കമ്പനികളുടെ 1994 ഡിസംബർ 12 ന് ചേർന്ന യോഗത്തിൽ ബച്ചൻ ടെലിഫോൺ വഴി പങ്കെടുത്തെന്നാണ് രേഖകളിൽ ഉള്ളത്.
എന്നാൽ നിയമം അനുസരിക്കുന്ന പൗരനാണ് താനെന്നും തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും തന്നോട് ചോദിക്കുന്ന ചോദ്യങ്ങൾ കേന്ദ്ര സർക്കാരിനോടാണ് ചോദിക്കേണ്ടതെന്നും ബച്ചൻ വാർത്താക്കുറിപ്പിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here