Advertisement

അവസാനിക്കാത്ത ഷേക്‌സ്പിയർ മാസ്മരികത

April 23, 2016
Google News 1 minute Read

ഇന്ന് ലോക പുസ്തകദിനം.1995 മുതലാണ് ഏപ്രിൽ 23 ലോക പുസ്തകദിനമായത്. വായനയും പ്രസാധനവും പകർപ്പവകാശവും പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്‌കോ തെരഞ്ഞെടുത്ത ഈ ദിനത്തിന് ഒരു പ്രത്യേകതയുണ്ട്.വിശ്വസാഹിത്യകാരൻ വില്ല്യം ഷേക്‌സ്പിയറിന്റെ ജനനവും മരണവും ഇതേ ദിവസമായിരുന്നു.

avon (1)വിശ്വസാഹിത്യം എന്ന് ചിന്തിക്കുമ്പോൾ ഏവൺ നദിയിലെ ആ രാജഹംസത്തെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ച് ആദ്യം ഓർമ്മിക്കാൻ!! വില്ല്യം ഷേക്‌സ്പിയർ കൃതികളെ കാലാതിവർത്തിയായ കല എന്ന് വിശേഷിപ്പിച്ചത് ബെൻ ജോൺസൺ ആണ്. ഷേക്‌സ്പിയറിന്റെ മരണശേഷം 400 വർഷങ്ങൾ പിന്നിടുമ്പോഴും ആ തൂലികയിൽ നിന്ന് പിറന്നുവീണതൊക്കെയും പുതുമ നഷ്ടപ്പെടാതെ വായിക്കപ്പെടുന്നു. ഹി വാസ് നോട്ട് ഓഫ് ആൻ ഏജ്,ബട്ട് ഫോർ ഓൾ ടൈംസ് എന്ന ബെൻ ജോൺസന്റെ ആ വിശേഷണം എത്ര അർഥവത്താണ്!!

1564 ഏപ്രിൽ 23നായിരുന്നു ഷേക്‌സ്പിയറിന്റെ ജനനം എന്നാണ് വിശ്വാസം.ജനനത്തീയതി സംബന്ധിച്ച ഏകദേശ ധാരണ മാത്രമാണിത്.ഷേക്‌സ്പിയറിനെ മാമോദീസ മുക്കിയത് ഏപ്രിൽ 26നാണ് എന്ന പള്ളിരേഖകളാണ് ജനനത്തീയതിയിലേക്ക് നയിക്കുന്ന ഏക രേഖ.avon (8)ആ സർഗപ്രതിഭയുടെ ജീവിതത്തിലെ പല ഏടുകളും അങ്ങനെ ദുരൂഹത നിറഞ്ഞതാണല്ലോ. ഇംഗഌണ്ടിലെ വാർവിക്ഷയർ നഗരത്തിലെ സ്ട്രാറ്റഫോർഡ് അപോൺ ഏവണിൽ ജോൺ ഷേക്‌സ്പിയറിന്റെയും മേരി ആർഡന്റെയും എട്ടുമക്കളിൽ മൂന്നാമനായിരുന്നു വില്ല്യം ഷേക്‌സ്പിയർ. 14ാമത്തെ വയസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 18ാം വയസ്സിൽ ഇരുപത്തിയാറുകാരിയായ ആൻ ഹാത്വേയുമായി വിവാഹം.1616 ഏപ്രിൽ 23ന് 52ാം പിറന്നാൾ ദിനത്തിൽ അദ്ദേഹം മരിച്ചു.

avon (3)1590ലാണ് ആദ്യ ഷേക്‌സ്പിയർ കൃതി പുറത്തുവരുന്നത്,കോമഡി ഓഫ് എറേർസ് എന്ന നാടകം.സാഹിത്യചരിത്രകാരന്മാർ ഷേക്‌സ്പിയർ നാടകങ്ങളെ 4 ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.1590 മുതൽ 1594 വരെയുള്ള ആദ്യഘട്ടം ശുഭാന്ത നാടകങ്ങളുടേതായിരുന്നു.1595 മുതൽ 1600 വരെയുള്ള രണ്ടാംഘട്ടം ആരംഭിച്ചതും അവസാനിച്ചതും ദുരന്തനാടകങ്ങളോടയാണ്. റോമിയോ ആന്റ് ജൂലിയറ്റും ജൂലിയസ് സീസറും. 1601 മുതൽ 1608 വരെയുള്ള മൂന്നാം ഘട്ടം ലോകോത്തര ദുരന്തനാടകങ്ങളുടേതായിരുന്നു.ഹാംലെറ്റ്,ഒഥല്ലോ,കിങ്ങ്‌ലിയർ,ആന്റണി ആന്റ് ക്ലിയോപാട്ര,തുടങ്ങിയവ എഴുതിയത്. നാലാം ഘട്ടത്തിൽ എഴുതപ്പെട്ടതൊക്കെയും ട്രാജി കോമഡി വിഭാഗത്തിലുൾപ്പെടുന്നു.സിംബെലിൻ,ദി ടെമ്പസ്റ്റ്,വിന്റേഴ്‌സ് ടെയിൽ ഹെൻട്രി എട്ടാമൻ എന്നിവ ഈ ഘട്ടത്തിലാണ് പുറത്തുവന്നത്.154 സോണറ്റുകളും 37 നാടകങ്ങളും ഏതാനും ആഖ്യാനകവിതകളും അദ്ദേഹം സാഹിത്യലോകത്തിന് സമ്മാനിച്ചു.

MTE1ODA0OTcxNzgzMzkwNzMzബുദ്ധിജീവി പരിവേഷമോ കാൽപനികവലയമോ ഒന്നുമായിരുന്നില്ല ഷേക്‌സ്പിയർ. എന്നിട്ടും,സൂര്യനസ്തമിക്കാത്ത രാജ്യം തകർന്നാലും ബ്രിട്ടീഷുകാർക്ക് ഷേക്‌സ്പിയർ ഉണ്ടല്ലോ എന്ന് കാർലൈലിനെപ്പോലുള്ളവരെക്കൊണ്ട് പറയിക്കാൻ കഴിഞ്ഞ അതിമാസ്മരികത അദ്ദേഹത്തിന്റെ എഴുത്തുകൾക്കുണ്ടായിരുന്നു.ഇംഗഌഷ് ഭാഷയെ ഇത്രയും സുന്ദരിയാക്കിയ മറ്റേത് സാഹിത്യകാരനാണുള്ളത്! സാഹിത്യപാരമ്പര്യമോ അഗാധ പാണ്ഡിത്യമോ ഇല്ലാതെ സാധാരണക്കാരിൽ നിന്ന് പ്രശസ്തനായി വളർന്ന ഷേക്‌സ്പിയറിനെ മറ്റ് നാടകകൃത്തുക്കൾക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ആദ്യകാലങ്ങളിൽ അതുകൊണ്ട് തന്നെ നിരവധി കുത്തുവാക്കുകളും ആരോപണശരങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. എന്നാൽ,ഷേക്‌സ്പിയറിന്റെ മരണശേഷം അവർക്കെല്ലാം പറഞ്ഞതൊക്കെയും തിരുത്തിപ്പറയേണ്ടി വന്നു എന്നത് കാലം കാത്തുവച്ച വൈപരിത്യം.

downloadസ്ട്രാറ്റ് ഫോർഡ് ഏവണിലെ ഹോളി ട്രിനിറ്റി പള്ളി സെമിത്തേരിയിൽ ഷേക്‌സ്പിയർ അന്ത്യവിശ്രമം കൊള്ളുന്നു. ലോകമെങ്ങും ആ മഹത്തായ കൃതികൾ ഇന്നും ചർച്ചചെയ്യപ്പെടുമ്പോൾ അങ്ങ് ദൂരെ സ്ട്രാറ്റ്‌ഫോർഡിൽ വിശ്വസാഹിത്യകാരന്റെ ജന്മസ്ഥലം കാണാനും അറിയാനും നിരവധി പേരാണ് ദിനം പ്രതി എത്തുന്നത്. ഒരിക്കലും അവസാനിക്കാത്ത ആ അക്ഷരമാസ്മരികത അത്ഭുതമാവുന്നതിന് ഇതിലും വലിയ തെളിവ് വേറെന്തുവേണം!!

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here