ഇതിൽ എന്ത് അശ്ലീലം ? പോലീസിനോട് ഹൈക്കോടതി
ഉത്തർപ്രദേശിൽ ബദായൂനിൽ രണ്ട് പെൺകുട്ടികളെ പീഢിപ്പിച്ച് കൊന്നതിനെതിരെ കൊച്ചിയിൽ സ്ത്രീകൾ ഷാൾ പുതച്ച് നടത്തിയ പ്രതിഷേധത്തിൽ എന്ത് അശ്ലീലതയെന്ന്
ഹൈക്കോടതി. പൊതുനിരത്തിൽ പതിവ് വേഷം ഉപേക്ഷിച്ച് ഷാൾ പുതച്ച് നടത്തിയ പ്രതിഷേധം അശ്ലീലമെന്ന് കാണിച്ച് കേരള പോലീസ് ചുമത്തിയ കുറ്റം കോടതി റദ്ദാക്കി. ഇത്തരം പ്രതിഷേധങ്ങളെ നവീനരീതിയായി കാണണമെന്നും വിധി പ്രസ്ഥാവത്തിൽ കോടതി വ്യക്തമാക്കി.
ബദായിൽ കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച് കൊന്ന് മരത്തിൽ കെട്ടി തൂക്കിയതായിരുന്നു സംഭവം. 2014 ജൂൺ 4 നാണ് അഭിഭാഷകർ അടക്കം ഏഴ് സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. അന്യായമായ സംഘം ചേരൽ, പൊതു നിരത്തിൽ അശ്ലീല പ്രദർശനം, കലാപത്തിനുള്ള ആഹ്വാനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
ഇതിനെതിരെ ഹൈക്കോടതി അഭിഭാഷകരായ കെകെ പ്രവിത, നന്ദിനി, ആശ, തെസ്‌നിഭാനു എംഎൻ ഉമ, സിഎൽ ജോളി, ജെന്നി എന്നിവർ നൽകിയ ഹരജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ജസ്റ്റ്‌സ് അലക്‌സാണ്ടർ തോമസ്സാണ് ഹരജി പരിഗണിച്ചത്. കേസ് ഇനിയും തുടർന്നുപോകുന്നത് നീതിയുടെ പരാജയവും കോടതി നടപടിയുടെ ദുരുപയോഗവുമാകുമെന്ന് കോടതി വിലയിരുത്തി.
ഫൂലൻ ദേവിയുടെ ജീവിത കഥ ചിത്രമാക്കിയ ബാന്ഡിറ്റ് ക്വീൻ മായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നപുറപ്പെടുവിച്ച ഉത്തരവിലെ പ്രധാന നിരീക്ഷണങ്ങൾ ഈ കേസിലും കോടതി ഉദ്ദരിച്ചു. എല്ലാ നഗ്നതയും അശ്ലീലമായി കാണാനാകില്ലെന്നും കാമോദ്ദീപനമല്ല, അവർ നേരിട്ട പീഡനങ്ങൾ സമൂഹത്തോട് പറയാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇത് ഈ കേസിലും ആവർത്തിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here