മത-സാമുദായിക വോട്ടുകൾക്ക് വേണ്ടി ഇടതുപക്ഷം കുറുക്കുവഴി തേടുന്നു -എം.ജി രാധാകൃഷ്ണൻ

തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലുണ്ടായ പടലപ്പിണക്കങ്ങളും ചേരിതിരിവും മുമ്പെങ്ങുമില്ലാത്ത തരത്തിലായിരുന്നുവല്ലോ?
കേരളത്തിലെ മുന്നണികൾ ഇപ്പോൾ കാണിക്കുന്ന അവസരവാദ രാഷ്ട്രീയം സത്യത്തിൽ എന്നെ പഴയകാലത്തെ ഓർമ്മിപ്പിക്കുകയാണ്. ചരിത്രം പരിശോധിക്കുകയാണെങ്കിൽ തരാതരം പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറുന്ന രാഷ്ട്രീയം 1987 ഓടെ അവസാനിച്ചതാണ്. ഇ.എം എസും, കെ.കരുണാകരനും, എ.കെ ആന്റണിയും അടക്കം എല്ലാ മുതിർന്ന നേതാക്കളും ഇങ്ങനെ ഈർക്കിലി പാർട്ടികളെ കൃത്യമായി ഉപയോഗിക്കുകയും അതിൽ നിന്ന് പാഠം പഠിക്കുകയും ചെയ്തവരുമാണ്. 1967 ലെ സപ്തകക്ഷി മുന്നണിയ്ക്ക് ശേഷമാണ് കേരളരാഷ്ടീയം മൂല്യരഹിത, അവസരവാദ, കാലുവാരൽ രാഷ്ട്രീയം അതിന്റെ എല്ലാ അളവിലും കാണുകയും അനുഭവിക്കുകയും ചെയ്തത്.
എന്നാൽ 1987 ലെ വിശാഖപട്ടണത്തെ ദേശീയസമ്മേളനത്തിൽ എൽ ഡി എഫ് സ്വീകരിച്ച ഒരു നയത്തോടെയാണ് പ്രത്യയശാസ്ത്രപരമായ നിലപാടുകളിലേക്ക് കേരളരാഷ്ട്രീയം ധ്രുവീകരിക്കപ്പെടുന്നത്. സാമുദായിക കക്ഷികളുമായോ വർഗ്ഗീയ കക്ഷികളുമായോ ഒരു ബന്ധവും പാടില്ല എന്നതായിരുന്നു അന്നത്തെ ആ നയം. ഈ നയത്തിന്റെ ഭാഗമായാണ് അഖിലേന്ത്യാ മുസ്ലീംലീഗ് പാർട്ടി വിട്ടുപോകുന്നതും മറ്റും. പിന്നീട് അങ്ങോട്ട് വലിയ മുന്നണി മാറ്റങ്ങളോ ചേരിമാറ്റങ്ങളോ ഇല്ലാത്ത രാഷ്ട്രീയ സ്ഥിരതയുടെ ഒരു കാലഘട്ടമായിരുന്നു. ഈ സ്ഥിരതയുടെ ഭാഗമായാണ് സർക്കാറുകൾ കാലാവധി പൂർത്തിയാക്കാൻ ആരംഭിച്ചത് തന്നെ. ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പിണക്കളും വിഭാഗീയതകളും പഴയ കാലത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
ഒരു മാറ്റത്തിന് വഴിവച്ച ആ വിശാഖപ്പട്ടണം സമ്മേളനത്തിൽ നിന്ന് ഇപ്പോൾ സി.പി.എം ന് എന്താണ് സംഭവിച്ചത്??
അത് വ്യക്തമാകണമെങ്കിൽ കേരളകോൺഗ്രസിലെ ഇപ്പോഴത്തെ പടലപിണക്കം കൂടി പറയേണ്ടിവരും. കേരളകോൺഗ്രസിലെ ഈ വിഭാഗീയത യഥാർത്ഥത്തിൽ ഒരു ആദർശ രാഷ്ട്രീയത്തിന്റെയും ഭാഗമല്ല. മറിച്ച് അതും അവസരവാദ രാഷ്ട്രീയത്തിന്റെ ആവർത്തനമാണ്. പി ജെ ജോസഫിന്റെ ഗ്രൂപ്പാണ് കഴിഞ്ഞ കുറേ നാളുകളായി ഇത്തരം രാഷ്ട്രീയത്തിന്റെ വക്താക്കളായി പ്രവർത്തിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം എൽ.ഡി.എഫിനൊപ്പം നിന്ന് അഞ്ചു വർഷം തികയ്ക്കുകയും അവസാനം കാലുമാറി മാണിയ്‌ക്കൊപ്പം ചേരുകയും ചെയ്തതാണ്. രണ്ടുമുന്നണിയോടും കൂടെ നിന്ന് സത്യത്തിൽ 10 വർഷം ഭരിച്ചിരിക്കുകയാണ് ഇവർ.
ഉമ്മൻചാണ്ടി സർക്കാറിന്റെ എല്ലാ കഴിവുകേടുകളും അഴിമതികളും ന്യായീകരിച്ച് അഞ്ച് വർഷം ഭരിച്ച ശേഷം വീണ്ടും തെറ്റിപ്പിരിഞ്ഞ് എൽ.ഡിഎഫിലേക്ക് എത്തിയിരിക്കുകയാണ് ജോസഫ് വിഭാഗത്തിലെ ഒരു ഘടകം. ഇവരെ കൈനീട്ടി സ്വീകരിച്ചത് എൽ.ഡി.എഫിന്റെ അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
പി.സി ജോർജ്ജ് കഴിഞ്ഞ മൂന്നുകൊല്ലത്തോളമെങ്കിലും സർക്കാറിന്റെ നടപടികളെ നിശിതമായി വിമർശിച്ച് കൃത്യമായ നിലപാടുകളിൽ എപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുള്ള ആളാണ്. എന്നാൽ പി.ജെ ജോസഫ് ഗ്രൂപ്പിൽ നിന്നെത്തിയവർ ഇതൊന്നും ചെയ്തിട്ടില്ല. പി.സി ജോർജ്ജിനെ സ്വീകരിക്കാതെ ഇവരെ സ്വീകരിച്ചത് ഇനിയും അവസരവാദ രാഷ്ട്രീയത്തിന് തുടക്കമിടും. സി.പിഎം ന്റെ പ്രത്യയശാസ്ത്ര സ്ഥിരതയുള്ള ഒരു കാലഘട്ടത്തിനേറ്റ ഭീഷണി തന്നെയാണ് ഇതെന്നതിൽ സംശയമില്ല.
കേരളകോൺഗ്രസിന്റെ ഒരു വിഭാഗത്തിനെ എങ്കിലും എപ്പോഴും
കൂടെനിർത്താൻ സിപിഎം ലക്ഷ്യമിടുന്നത് എന്തിനാണ്?
ക്രിസ്തീയ സഭയിൽ നിന്ന് യുഡി എഫിനുള്ള പിന്തുണ ശിഥിലമാക്കാനുള്ള ഒരു രാഷ്ടീയ നീക്കമായിട്ട് വേണം കരുതാൻ. എന്നാൽ സി.പിഎംന്റെ നിവൃത്തിയില്ലായ്മയിൽ നിന്നാണ് ഇത്തവണത്തെ ഈ തീരുമാനം എന്നും പറയാം. കാരണം, പലപ്പോഴായി ന്യൂനപക്ഷങ്ങളിലേക്ക് കടന്നു കയറാൻ ശ്രമിച്ച് പരാജയപ്പെട്ട അവസ്ഥയിലാണ് കേരളത്തിലെ സി.പിഎം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിസന്ധികളേയും മറികടന്ന് ന്യൂനപക്ഷ വോട്ട് യുഡിഎഫിനാണ് ലഭിച്ചത്. ഇത് ഒരു വെല്ലുവിളി ആണെന്ന് ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണ് സിപിഎം ഈ തെറ്റായക്കുറുക്കുവഴി തേടിയത്. ജനങ്ങളെ ആകർഷിക്കാൻ കൃത്യമായ നിലപാടുകൾ സ്വീകരിക്കുകയും ജനോപകാരപ്രദമായ പദ്ധതികൾ കൊണ്ടുവരികയും ചെയ്താൽ മതി. ജാതി, സാമുദായിക,പ്രദേശിക വേർതിരിവില്ലാതെ ജനങ്ങൾ ആ വിശ്വസനീയ ബദലിനെ സ്വീകരിക്കും.
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും 2006 ലെ നിയസഭാതെരഞ്ഞെടുപ്പും അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഈ ദീർഘ വീക്ഷണവും അധ്വാനവും വേണ്ട വഴി തെരഞ്ഞെടുക്കാതെയാണ് എളുപ്പത്തിൽ ഒരു താത്കാലിക നേട്ടത്തിനായി എൽ ഡി എഫ് ഈ വഴി തെരഞ്ഞെടുത്തത്. താത്കാലികം എന്നു ഞാൻ പറഞ്ഞത് 1967 ൽ ഇ.എം എസ് മുസ്ലീം ലീഗുമായി ചേർന്നത് ഇങ്ങനെ ഒരു നീക്കത്തിന്റെ ഭാഗമായിരുന്നു എന്നാൽ രണ്ട് കൊല്ലത്തിനകം തന്നെ ഈ കൂട്ടുകെട്ട് അവസാനിച്ചെന്നുമാത്രമല്ല 1969 മുതൽ 80 വരെ ഈ പാർട്ടി അധികാരത്തിന് പുറത്ത് നിൽക്കേണ്ടിവന്നതും ഈ ഒരു തീരുമാനത്തിന്റെ പുറത്താണ്. എന്തുതന്നെയായാവും തെറ്റായ ഒരു കുറുക്കുവഴിതന്നെയാണെന്നാണ് എന്റെ അഭിപ്രായം.
ഹിന്ദുവോട്ടുകൾ ഉണ്ടാക്കിയ വെല്ലുവിളി ഇടതുമുന്നണിയ്ക്ക് ഭീഷണിയാണോ??
ബിജെപിയുടെ വരവോടെ ഹിന്ദു വേട്ടുകൾ യഥാർത്ഥത്തിൽ വിഭജിച്ച് പോകുകയാണ്. ബിജെപി പതിനഞ്ച് ശതമാനം വോട്ടുകൾ നേടുകയാണെങ്കിൽ തീർച്ചയായും അത് എൽ.ഡി.എഫിനെയാണ് യു.ഡി.എഫിനേക്കാൾ ബാധിക്കുക. നിലനിൽപിന് ഭീഷണിയുണ്ടെന്ന ഭയം തന്നെയാണ് ഈ കുറുക്കുവഴി രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനെ കൊണ്ടുവന്നെത്തിച്ചത്.
സാമൂഹിക മാധ്യമങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ വരുന്ന വിമർശനങ്ങളെ എങ്ങനെ കാണുന്നു?
ഏഷ്യാനെറ്റിന്റെ അടിസ്ഥാനപരമായ മൂല്യപ്രമാണങ്ങളിൽ നിന്ന് ഒരിക്കലും ചാനൽ മാറിപ്പോയിട്ടില്ല. ആ മൂല്യങ്ങളിലൂന്നിയുള്ള നിഷ്പക്ഷവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം ആണ് ഏഷ്യാനെറ്റിന്റേത്. ഈ സ്വതന്ത്ര നിലപാട് തന്നെയാണ് ഏഷ്യാനെറ്റിനെ ഇന്നും ഒന്നാം സ്ഥാനത്ത് നിർത്തുന്നത്.
സരിതാ കേസിലും സിന്ധു സൂര്യകുമാറിന്റെ വാർത്തയിലും ഏഷ്യാനെറ്റ് എടുത്ത നിലപാട് ഏഷ്യാനെറ്റിനെ ഒരു ഇടത് ബ്രാന്റിങ്ങിലെത്തിച്ചോ?
ഓരോരുത്തർ അവരവരുടെ രാഷ്ട്രീയ വീക്ഷണം അനുസരിച്ച് അങ്ങനെ ചിന്തിച്ചെടുത്തതാണ്. കേരള രാഷ്ട്രീയത്തിൽ ഇന്നു വരെ കേട്ടിട്ടില്ലാത്ത ഒരു അഴിമതിക്കഥയാണ് സരിതയുടേത്. അതിൽ സ്വീകരിച്ച നിലപാടും തെളിവുകളും സത്യസന്ധമായി ഞങ്ങൾ മുന്നോട്ട് കൊണ്ടുവരികയാണുണ്ടായത്. എന്നാൽ സിന്ധുവിന്റെ വിഷയത്തിൽ ഉയർന്നുവരുന്ന എതിരഭിപ്രായങ്ങൾക്ക് യാതൊരു കഴമ്പുമില്ല. ദുർഗ്ഗാ ദേവിയെ അപമാനിക്കുന്ന തരത്തിൽ ഒരു പരാമർശം പോലും സിന്ധു പറഞ്ഞിട്ടില്ല. ചർച്ചയിൽ പങ്കെടുത്ത ബിജെപി നേതാവുപോലും അത് സമ്മതിച്ചതുമാണ്. എന്നുവച്ച് എൽ ഡി എഫിനെതിരായുള്ള ഏതെങ്കിലുമൊരു വാർത്തയ്ക്ക് നേരം ഏഷ്യാനെറ്റ് കണ്ണടച്ചിട്ടുമില്ല. വിമർശിക്കുന്നവർ അതും കൂടി പരിശോധിക്കണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here