സൂര്യതാപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം

സൂര്യതാപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റവന്യൂമന്ത്രി അടൂർ പ്രകാശ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാകും ഈ തുക ലഭിക്കുക. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാർഗ്ഗരേഖ വരും മുമ്പ് കുടുംബങ്ങൾക്ക് ഈ തുക ലഭ്യമാക്കും. സംസ്ഥാന വരൾച്ചാ പ്രതിരോധത്തിനായി ചേർന്ന അടിയന്തിര യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സൂര്യാഘാതംമൂലം ചികിത്സ വേണ്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. വരൾച്ച നേരിടാൻ നടൻ മമ്മൂട്ടി അടക്കമുള്ളവർ രംഗത്തെത്തിയിരിക്കുന്നു. ഇത്തരം ആളുകളേയും സംഘടനകളേയും ചേർത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തും. വരൾച്ച ഏറ്റവും രൂക്ഷമായ കൊല്ലം പാലക്കാട് ജില്ലകളിൽ അടിയന്തിര പ്രവർത്തനങ്ങൾ നടത്താൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
ഉപ്പ് വെള്ള പ്രശ്‌നം നിലനിൽക്കുന്ന കാസർഗോഡ് ജില്ലയിൽ കൂടുതൽ കുഴൽ കിണർ കുഴിച്ച് നൽകും. കൊല്ലം ജില്ലയിൽ തെന്മല ഡാമിൽനിന്നും പാലക്കാട് ജില്ലയിൽ മലമ്പുഴ ഡാമിൽനിന്നും വെള്ളം എത്തിക്കും. വരൾച്ച മൂലം കൃഷി നാശം വന്നവർക്ക് നഷ്ടപരിഹാരം നൽകും. ചൂടുമൂലം ജോലി ചെയ്യാൻ സാധിക്കാത്തവർക്ക് സൗജന്യ റേഷൻ നൽകും. വളർത്ത് മൃഗങ്ങൾക്ക് മരുന്നുകൾ സംഭരിക്കാൻ ജില്ലാമൃഗസംരക്ഷണ കേന്ദ്രങ്ങൾക്ക് പണം അനുവദിച്ചതായും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here