എന്‍ ഐ ആര്‍ എഫ് റാങ്കിങിൽ രാജ്യത്തെ മികച്ച 10 പൊതു സര്‍വ്വകലാശാലകളില്‍ രണ്ടെണ്ണം കേരളത്തിലാണെന്നത് അഭിമാനകരമായ നേട്ടം; മന്ത്രി ആർ ബിന്ദു

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവര്‍ത്തന മികവും പുരോഗതിയും പരിശോധിക്കുന്ന കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കില്‍ (എൻ ഐ ആർ എഫ്) കേരളത്തിലെ സ്ഥാപനങ്ങള്‍ മികച്ച മുന്നേറ്റം നടത്തിയിരിക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു.. റാങ്കിങില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ വീണ്ടും ശക്തമായ സ്ഥാനം നേടി. രാജ്യത്തെ മികച്ച 10 പൊതു സര്‍വ്വകലാശാലകളില്‍ രണ്ടെണ്ണം കേരളത്തിലാണ് എന്നത് അഭിമാനകരമായ നേട്ടമാണ്. ആദ്യത്തെ 50-ല്‍ കേരളത്തില്‍ നിന്ന് നാലെണ്ണം ഉണ്ടെന്നും അവർ പറഞ്ഞു.
കേരളം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടത്തിയ മികച്ച ഇടപെടലിന്റെ ഫലമായാണ് ഈ നേട്ടം നാം കൈവരിച്ചിരിക്കുന്നത്. നിലവിലെ പഠന- പരീക്ഷ- മൂല്യനിര്‍ണയ രീതികളില്‍ സമഗ്രമായ മാറ്റം കൊണ്ടുവന്നും തൊഴിലിനും നൈപുണിക്കും ഗവേഷണത്തിനും മികച്ച പരിഗണന നല്‍കിയും കേരളം നടപ്പിലാക്കിയ നാലു വര്‍ഷ ബിരുദ പ്രോഗ്രാം ഈ നേട്ടം നേടുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്.
ഒട്ടേറെ പ്രതിസന്ധികള്‍ നിലനിന്നിരുന്ന ഈ കാലഘട്ടത്തിലും മികച്ച നേട്ടം കൈവരിക്കാന്‍ ആയത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. സര്‍വ്വകലാശാല – കോളേജ് തല ഭരണനേതൃത്വം, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, IQAC, അനധ്യാപകര്‍ എന്നിവരടങ്ങുന്ന അക്കാഡമിക് സമൂഹത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
വിദ്യാര്‍ഥികളുടെ പങ്കാളിത്തം, അധ്യാപക- വിദ്യാര്‍ഥി അനുപാതം, സ്ഥിരം അധ്യാപകരുടെ അക്കാദമിക മികവും ഗവേഷണപരവുമായ പരിചയസമ്പത്ത്, സാമ്പത്തിക സ്രോതസ്സും വിനിമയരീതിയും, ഗവേഷണ പ്രസിദ്ധീകരണ നേട്ടങ്ങളും അവയുടെ ഗുണനിലവാരവും, ഗവേഷണ പ്രോജക്ടുകളുടെ എണ്ണം, പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും, ഗവേഷണ ബിരുദങ്ങളുടെ എണ്ണം, ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും പ്രവേശനം കരസ്ഥമാക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം, വിദ്യാര്‍ഥികളുടെ തൊഴില്‍ സാധ്യതകള്‍, കലാകായിക മേഖലകളിലെ നേട്ടങ്ങള്‍, ദേശീയവും അന്തര്‍ദേശീയവുമായ ബഹുമതികള്‍, വിവിധ പഠന അനുബന്ധ മേഖലകളിലുള്ള വനിതാ പ്രാതിനിധ്യം, സാമ്പത്തിക- സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യങ്ങളും സഹായങ്ങളും, വിദ്യാര്‍ഥി സൗഹൃദ പഠന അന്തരീക്ഷം, ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയൊരുക്കുന്ന സംവിധാനങ്ങള്‍ മുതലായവ വിലയിരുത്തിയാണ് റാങ്കിങ് നിര്‍ണയിക്കുന്നത്.
Story Highlights : r bindu nirf ranking 2025 top perform universities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here