ഏകീകൃത മെഡിക്കൽ പ്രവേശനത്തിന് സുപ്രീംകോടതി അനുമതി

മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിനായി ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്നതിന് സുപ്രീം കോടതി അനുമതി നൽകി. ഇതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നടത്തിയ മെഡിക്കൽ പ്രവേശന പൊതു പരീക്ഷ അസാധുവായി. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കു ഈ വർഷം രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ നടത്താൻ തയാറാണെന്നു സിബിഎസ്ഇ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, കേന്ദ്ര സർക്കാർ എന്നിവർ കോടതിയെ അറിയിച്ചിരുന്നു.
ഇപ്പോൾ സുപ്രീം കോടതിയുടെ അനുമതി കൂടി ലഭിച്ചതോടെ ഇനി ഏകീകൃത പ്രവേശന പരീക്ഷ സാധ്യമാകും. ഇത്തവണ മെഡിക്കൽ ബിരുദ പ്രവേശനത്തിന് മാത്രമാകും ഏകീകൃത പ്രവേശനം നടപ്പിലാക്കുന്നത്. സമയപരിമിതി മൂലം ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷയിൽ പിജി കോഴ്സുകൾ അടുത്ത വർഷമേ ഉൾപ്പെടുത്തുകയുള്ളൂ.
രണ്ട് ഘട്ടമായി പരീക്ഷ നടത്താൻ അനുമതി നൽകിയ സുപ്രീം കോടതി ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും നീറ്റ് നിർബന്ധമാക്കണമെന്നും വിധിയിൽ പറയുന്നു.
എന്നാൽ ആയുർവേദം, ഹോമിയോ, വെറ്റിനറി തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് സംസ്ഥാന എൻട്രൻസിൽ നിന്നുതന്നെയാകും പ്രവേശനം അനുവദിക്കുക.
മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിൽ രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നതു വിലക്കിയ മുൻ ഉത്തരവ് ഈ മാസം 11നാണ് സുപ്രീം കോടതി റദ്ദാക്കിയത്. മൂന്നംഗ ബെഞ്ചിലെ ഒരംഗത്തിൻറെ വിയോജിപ്പോടെ 2013 ജൂലൈ 18നു സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് പുനപരിശോധന ഹർജി പരിഗണിച്ച് അഞ്ചംഗ ബെഞ്ച് റദ്ദാക്കിയത്. കേസിൽ പുതുതായി വാദം കേൾക്കാനും അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം വീണ്ടും കോടതിയുടെ പരിഗണനയിൽ വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here