ജിഷയ്ക്ക് നീതി തേടി പ്രമുഖർ രംഗത്ത്

പെരുമ്പാവൂർ ഇരിങ്ങോളിൽ ദളിത് യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി പ്രമുഖർ സോഷ്യൽ മീഡിയയിലൂടെ രംഗത്ത്. കവിതാകൃഷ്ണൻ, തോമസ് ഐസക്ക്, ദയാ ഭായ്, ശ്രീബാല കെ മേനോൻ, കുമ്മനം രാജശേഖരൻ എന്നിവരുൾപ്പെടുന്ന നിരവധി പ്രശസ്തർ ജസ്റ്റിസ് ഫോർ ജിഷ എന്ന ഹാഷ് ടാഗോടെയാണ് ജിഷയുടെ നീതിക്കായ് ശബ്ദം ഉയർത്തിയത്.
സാമൂഹ്യ പ്രവർത്തകയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ കവിതാകൃഷ്ണൻ തന്റെ ട്വിറ്റെറിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് സർക്കാർ സംഭവത്തിൽ പാലിക്കുന്ന നിശ്ശബ്ദദയ്‌ക്കെതിരെ ആഞ്ഞടിച്ചത്. സമൂഹ മാധ്യമങ്ങളിൽ ജസ്റ്റിസ് ഫോർ ജിഷ എന്ന ഹാഷ് ടാഗ് പറന്നു നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ നിർഭയ കേസ് എന്നറിയപ്പെടുന്ന ഈ സംഭവത്തിന് ലഭിക്കേണ്ട നീതിയോ ഫലമോ ലഭിച്ചില്ലെന്നും അവർ പറഞ്ഞു.
സാമ്പത്തിക ശാസ്ത്രജ്ഞനും , കേരളത്തിന്റെ മുൻ ധനകാര്യമന്ത്രിയുമായിരുന്ന തോമസ് ഐസക്കും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ജിഷയുടെ നീതിക്ക് വേണ്ടി പ്രതികരിച്ചിട്ടുണ്ട്. ജിഷയോട് നമ്മൾ കാണിക്കുന്ന നീതി നമ്മുടെ മുഴുവൻ പെൺ മക്കളോടും കാണിക്കുന്ന നീതിയാണെന്നാണ് തോമസ് ഐസക്ക് പറഞ്ഞത്.
ജിഷയുടെ മരണത്തിൽ പ്രതിഷേധം ശക്തമാക്കേണ്ടതുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തക ദയാ ഭായി. ഇനി ഒരു സ്ത്രീയ്ക്കും ഇങ്ങനെ സംഭവിക്കരുത് എന്ന് താക്കീത് ആകേണ്ട പ്രതിഷേധം ആണ് ഉയർന്നു വരേണ്ടത് എന്നും ദയാ ഭായി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
പെരുമ്പാവൂരിൽ നടന്നത് ലൈംഗിക പീഡനം മാത്രമല്ല, മനസാക്ഷി ഇല്ലാത്ത രാക്ഷസ ജന്മങ്ങൾ നടത്തിയ ക്രൂരതയുടെ നേർപത്രമാണെന്നും, ഈ വിഷയം ഒരു ദളിത് പെൺകുട്ടിയുടെ വിഷയം എന്ന രീതിയിൽ മാത്രം നാം കണ്ടാൽ പോരാ മറിച്ച് ഇത് നമ്മുടെ സാമൂഹിക വിഷയമാണെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
ജിഷയുടെ ദാരുണ കൊലപാതകം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും കേരളത്തിന് പുറത്തുള്ള ആരും തന്നെ സംഭവം അറിഞ്ഞിട്ടില്ലന്നും, ജിഷയുടെ കൊലപാതകം കേരളത്തിലെ പൊടിപിടിച്ച പോലീസ് ഫയലുകളിലെ ഒരു കേസ് നമ്പർ മാത്രമായി ഒതുങ്ങുമെന്നുമാണ് പ്രശസ്ത മാധ്യമ പ്രവർത്തക ഷെഫാലി വൈദ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് പൊലീസിന് കാര്യമായ വിവരം ലഭിക്കാത്തത് ചൂണ്ടിക്കാണിച്ചായിരുന്നു എഴുത്ത് കാരിയും ചലച്ചിത്ര സംവിധാകയുമായ ശ്രീബാല കെ മേനോൻ രംഗത്ത് എത്തിയത്.
ഇവരെ കൂടാതെ ചലച്ചിത്ര താരങ്ങളായ റീമ കല്ലിംഗൽ, ആഷിക്ക് അബു,കവിത നായർ,
രഞ്ജിനി ഹരിദാസ് എന്നിവരും തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here