പെരുമ്പാവൂർ കൊലപാതകം; പ്രതിയുടെ രേഖാചിത്രം പുറത്ത് ;വിഷയം പാർലമെന്റിലും ചർച്ചയായി

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം പാർലമെന്റിൽ ചർച്ചയായി. സിപിഎമ്മും ബിജെപിയും വിഷയം പാർലമെന്റിൽ ഉന്നയിച്ചു. കേസ് അന്വേഷിക്കുന്ന കാര്യത്തിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടെന്ന് സിപിഎം ആരോപിച്ചു. സംഭവം കേരളത്തിലെ സർക്കാരിന് നാണക്കേടാണെന്നും അവരുടെ പിടിപ്പുകേടാണ് ഇതിനു കാരണമെന്നും ബിജെപി രാജ്യസഭയിൽ കുറ്റപ്പെടുത്തി. സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യൻ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് പറഞ്ഞു.
അതേസമയം,ജിഷയുടെ കൊലപാതകി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ജിഷയുടെ വീട്ടിൽ നിന്ന് ഇയാൾ ഇറങ്ങിപ്പോവുന്നത് കണ്ടുവെന്ന് മൊഴി നല്കിയ അയൽവാസിയുടെയും ഒരു പന്തൽനിർമ്മാണതൊഴിലാളിയുടെയും സഹായത്തോടെയാണ് പോലീസ് ചിത്രം തയ്യാറാക്കിയത്. കസ്റ്റഡിയിലുള്ള ഒരാളുമായി ചിത്രത്തിന് സാമ്യമുണ്ടെന്നാണ് സൂചന. എന്നാൽ,കൂടുതൽ വ്യക്തത ഇക്കാര്യത്തിൽ വരുത്തേണ്ടതുണ്ടെന്നും അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും പോലീസ് പറഞ്ഞു.