കുവൈറ്റിലെ ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ്; വിസാനിയമങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത ശിക്ഷകൾ നേരിടേണ്ടി വരും; വിസകാലാവധി അവസാനിച്ചവർ കരുതൽനടപടികൾ സ്വീകരിക്കണമെന്നും നിർദേശം
വിസ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മതിയായ താമസരേഖകൾ കൈവശം സൂക്ഷിക്കണമെന്നും കുവൈറ്റിലെ ഇന്ത്യക്കാരോട് ഇന്ത്യൻ എംബസിയുടെ നിർദേശം. നിയമലംഘനത്തിന്റെ പേരിൽ നിരവധി പേർ കുവൈറ്റിൽ ശിക്ഷാനടപടികൾക്ക് വിധേയരാവുന്ന സാഹചര്യത്തിലാണ് എംബസിയുടെ മുന്നറിയിപ്പ്.
തൊഴിൽവിസ എടുത്തവർ നിയമങ്ങൾ കർശനമായി പാലിക്കണം. വീടുകളിൽ ജോലി ചെയ്യുന്നതിന് ഡൊമസ്റ്റിക് വിസ എടുത്തുവന്നവർ മറ്റ് നിർമ്മാണ ജോലികൾ ചെയ്യുന്നത് അവസാനിപ്പിക്കണം.സുരക്ഷാ പരിശോധന കുവൈറ്റിൽ ശക്തമാണ്. ആവശ്യമായ രേഖകൾ എപ്പോഴും കയ്യിലുണ്ടാവണമെന്നും എംബസി അറിയിച്ചു.
നാടുകടത്താൻ തീരുമാനിക്കപ്പെട്ടവർക്കും സ്‌പോൺസർമാരുടെ പക്കൽ നിന്ന് പാസ്‌പോർട്ട് ലഭിക്കാത്തവർക്കും എമർജൻസി യാത്രാരേഖകൾ നല്കാനാണ് എംബസിയുടെ തീരുമാനം. കഴിഞ്ഞ നാലുമാസത്തിനിടെ 2,200 പേർക്കാണ് എംബസി ഇത്തരത്തിൽ എമർജൻസി യാത്രാരേഖകൾ നല്കിയത്. വിസ കാലാവധി പൂർത്തിയായ ശേഷവും വീടു മാറാതെയും രേഖകൾ പുതുക്കാതെയും താമസിക്കുന്ന വിദേശികൾക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് കുവൈറ്റ് സർക്കാർ സ്വീകരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here