അഴിമതി,കൊലപാതകം,സാമ്പത്തികതിരിമറി; പോലീസ് കേസുകളുടെ കാര്യത്തിൽ സ്ഥാനാർഥികൾ പിന്നിലല്ല

തെരഞ്ഞെടുപ്പ് പ്രചരണം അവസാനലാപ്പിലെത്തി. സ്ഥാനാർഥികളെല്ലാവരും വോട്ട് അഭ്യർഥിക്കുന്ന തിരക്കിലുമാണ്. എന്നാൽ,തങ്ങളുടെ വോട്ട് ചോദിച്ച് എത്തുന്ന സ്ഥാനാർഥികളിൽ മിക്കവരും പല പോലീസ് കേസുകളിലും പ്രതികളാണെന്ന് പൊതുജനം അറിയാറില്ല. ഇത്തവണ കേരള നിയമസഭയിലേക്ക് മത്സരിക്കുന്ന 83 കോൺഗ്രസ് സ്ഥാനാർഥികളിൽ 91 ശതമാനം പേരും പോലീസ് കേസുകളിൽ പ്രതികളാണ്. സിപിഎമ്മിന്റെ കാര്യത്തിൽ 89 മത്സരാർഥികളിൽ 75 ശതമാനം എന്നാണ് കണക്ക്.കേസുകളുടെ എണ്ണത്തിൽ മുമ്പിലുള്ളത് സിപിഎം ആണ്. 617 കേസുകളാണ് സ്ഥാനാർഥികളിൽ പലരുടെയും പേരിൽ നിലവിലുള്ളത്. കോൺഗ്രസിലേക്ക് എത്തുമ്പോൾ എണ്ണം 84 ആണ്. എൻഡിഎയുടെ ഭാഗമായ ബിഡിജെഎസിൽ സ്ഥാനാർഥികളുടെ പേരിലുള്ള കേസുകളുടെ എണ്ണം 152 ആണ്.

കോൺഗ്രസ് സ്ഥാനാർഥികളുടെ പേരിൽ നിലവിലുള്ളത് കൂടുതലും ഗുരുതരമായ അഴിമതിക്കേസുകളും രാഷ്ട്രീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുമാണ്.എക്‌സൈസ് തുറമുഖ വകുപ്പ് മന്ത്രിയും തൃപ്പൂണിത്തുറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.ബാബുവിന്റെ പേരിൽ 4 കേസുകൾ ഉണ്ട്.ബാർ കോഴയുമായി ബന്ധപ്പെട്ടവയും കണ്ണൂർ വിമാനത്താവളനിർമാണവുമായി ബന്ധപ്പെട്ടവയുമാണ് ഇവ. റവന്യു മന്ത്രി അടൂർ പ്രകാശാണ് കേസിലുൾപ്പെട്ട കോൺഗ്രസ് സ്ഥാനാർഥികളിൽ മറ്റൊരു പ്രമുഖൻ. കാസർഗോഡ് ഉദുമയിൽ നിന്ന് ജനവിധി തേടുന്ന കെ.സുധാകരനാണ് കോൺഗ്രസുകാരിൽ ഗുരുതരമായ ക്രിമിനൽ കേസിൽപ്പെട്ട സ്ഥാനാർഥി. 1995ൽ സിപിഎം നേതാവ് ഇ.പി.ജയരാജനെ കൊല്ലാൻ ശ്രമിച്ചെന്ന പേരിലാണ് സുധാകരനെതിരെ കേസുള്ളത്.യുഡിഎഫ് ഘടകകക്ഷികളിൽ കോൺഗ്രസിന്റെ സ്ഥാനാർഥികൾ മാത്രമല്ല കുറ്റാരോപിതർ. മുസ്ലീം ലീഗിന്റെ 3 സ്ഥാനാർഥികൾക്കെതിരെയും കേരളാ കോൺഗ്രസ് എമ്മിന്റെ രണ്ട് സ്ഥാനാർഥികൾക്കെതിരെയും കേസുകൾ നിലനിൽക്കുന്നു.

എൽഡിഎഫ് സ്ഥാനാർഥികളിൽ അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാർഥി എം.വി.നികേഷ്‌കുമാർ ആണ് കേസുകളിൽ മുമ്പൻ. 57 കേസുകളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്. എല്ലാം തന്നെ ചെക്കുകേസുകളാണ്. കഴക്കൂട്ടത്തെ സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ പേരിൽ 45 കേസുകളുണ്ട്. തലശ്ശേരിയിലെ സ്ഥാനാർഥി എ.എൻ.ഷംസീർ ആണ് 35 കേസുകളുമായി മൂന്നാം സ്ഥാനത്തുള്ളത്. ഇടുക്കി ഉടുമ്പൻചോല സ്ഥാനാർഥി എംഎംമണി,കണ്ണൂർ കല്ല്യാശ്ശേരിയിലെ സ്ഥാനാർഥി ടി.വി.രാജേഷ് എന്നിവരുടെ പേരിൽ കൊലപാതകക്കേസുകൾ നിലവിലുണ്ട്.പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്റെ പേരിൽ 6 കേസുകളാണുള്ളത്. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പേരിൽ ലാവ്‌ലിൻ അഴിമതി ഉൾപ്പടെ 11 കേസുകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top