മുഖ്യമന്ത്രിയുടെ പിഴവ് കേസ്; അലംഭാവത്തിന്റെ കൂടുതൽ തെളിവുകൾ
സാംകുട്ടി കുറ്റവാളി ആയി മാറിയ സാഹചര്യം ഉണ്ടാക്കിയ മുഖ്യമന്ത്രിയുടെ ഓഫീസ്സിനെതിരെ കൂടുതൽ തെളിവുകൾ. ലഭിക്കുന്ന പരാതികളിൽ വായിക്കുന്നത് വിലാസം മാത്രം. കിട്ടുന്ന പരാതിയൊക്കെ കളക്ടർക്ക് അയക്കുന്ന തപാൽ ശിപായി ആണോ മുഖ്യമന്ത്രി ? കാരണം സാംകുട്ടിയെ ശരിക്കും വട്ടം ചുറ്റിക്കുന്നതിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വിഖ്യാത ഓഫീസും വഹിച്ച പങ്ക് ചെറുതല്ല.
ഏറെ പ്രതീക്ഷയോടെ ആണ് 2015 ഫെബ്രുവരിയിൽ സാംകുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. സ്വീകരിച്ച പരാതിയിന്മേൽ എടുത്ത നടപടി കാണിച്ചു ലഭിച്ച മറുപടിയിൽ പരാതി പത്തനംതിട്ട കളക്റ്റർക്ക് 3.3.2015 – ൽ അയച്ചതായി കാണിച്ചിരിക്കുന്നു. അതായത് തിരുവനന്തപുരത്തിന്റെ തെക്കേ മൂലയിലുള്ള വെള്ളറടയിലെ തന്റെ ഭൂമി സർക്കാരിന്റെ പിഴവ് കൊണ്ട് തന്റെതല്ലാതായി മാറിയ തെറ്റ് തിരുത്താൻ നല്കിയ പരാതി മുഖ്യൻ അയച്ചു കൊടുത്തത് പത്തനംതിട്ടയ്ക്ക്.
തിരുവനന്തപുരത്തെ ഭൂമിയുടെ തർക്കം പത്തനംതിട്ടയിലേക്ക് പായിച്ചതിന്റെ കാര്യം എന്ത് ? കാര്യം നിസ്സാരം. താല്പ്പര്യത്തോടെ വരുന്ന പരാതികൾ മാത്രം പരിഹരിക്കലെ മുഖ്യമന്ത്രിയുടെ പരിഹാര സെല്ലിൽ നടക്കുന്നുള്ളൂ എന്ന കാര്യം വ്യക്തമാവുകയാണിവിടെ. പരാതി നല്കിയ സാംകുട്ടി താമസിക്കുന്നത് അടൂരിൽ ആണ്. പരാതിക്കാരന്റെ മേൽവിലാസം വരുന്ന ജില്ലയാകട്ടെ പത്തനംതിട്ടയും. പിന്നെ ഒന്നും നോക്കിയില്ല. നേരെ അയച്ചു പത്തനംതിട്ട കളക്ടർക്ക്. പരാതിയുടെ ഉള്ളടക്കം നോക്കിയെങ്കിൽ തീർച്ചയായും ഇങ്ങനെ ഒരു തെറ്റ് സംഭവിക്കില്ലായിരുന്നു.
ഏറെ കറങ്ങിയ പരാതി നാളുകൾക്ക് ശേഷം മുഖ്യന് തന്നെ തിരിച്ചെത്തി. തിരിച്ചെത്തിയ പരാതി വീണ്ടും ഏതു വിധേനയും ഒഴിവാക്കാനായി ശ്രമം. അപ്പോഴും പരാതി എന്തെന്ന് വ്യക്തമായി മനസിലാക്കാനോ സാംകുട്ടിയ്ക്ക് പറയാനുള്ളത് കേൾക്കാനോ ഓഫീസ് തയ്യാറായില്ല. ഭൂമി സൗജന്യമായി വാങ്ങാൻ എത്തിയ ഒരാൾ എന്ന നിലയിലേക്ക് സാംകുട്ടിയെ അപമാനിച്ചു കൊണ്ട് മറുപടി നല്കി. ഇത് വായിച്ചു മനസിലാക്കാനുള്ള വൈദഗ്ധ്യം ഇല്ലാത്ത സാംകുട്ടി കടലാസുകെട്ടുകളും ചുമന്നു വെള്ളറട വില്ലേജ് ഓഫീസിന്റെ പടി വീണ്ടും വീണ്ടും ചവുട്ടി കയറിയിറങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here