Advertisement

വഴികാട്ടാൻ പൈലറ്റിനായില്ല; വഴിതെറ്റി സുരേഷ് ഗോപി!!!

May 12, 2016
Google News 1 minute Read

 

കേരളം വഴിമുട്ടി നിൽക്കുന്നു,വഴി കാട്ടാൻ ബിജെപി വരുന്നു. തെരഞ്ഞെടുപ്പ് പ്രമാണിച്ച് മലയാളികളോട് ബിജെപിക്കാർ ആവർത്തിച്ചുപറയുന്ന കാര്യം. എന്നാൽ, പൂഞ്ഞാറിലെ ജനങ്ങൾക്ക് വഴികാട്ടാൻ വന്ന സുരേഷ്‌ഗോപി എംപിക്ക് ഇന്നലെ വഴിതെറ്റി. കാരണം നിസ്സാരം,അദ്ദേഹത്തിന് വഴിപറഞ്ഞുകൊടുക്കാൻ ആരുമുണ്ടായിരുന്നില്ല!!

മുണ്ടക്കയം ഏന്തയാറിൽ എൻഡിഎ സ്ഥാനാർഥി ഉല്ലാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാൻ വേണ്ടി താരപ്രചാരകൻ രാവിലെ തന്നെ ഹെലികോപ്ടർ കയറി. എട്ട് മണിക്ക് സുരേഷ്‌ഗോപി എത്തുമെന്നാണ് മണ്ഡലത്തിലെ പ്രവർത്തകരെ അറിയിച്ചിരുന്നത്. ഏഴര മുതൽ തന്നെ ഏന്തയാർ ജെജെ മർഫി സ്‌കൂൾ ഗ്രൗണ്ടിൽ ബിജെപിക്കാർ എത്തിത്തുടങ്ങി. പക്ഷേ ഒമ്പതുമണിയായിട്ടും സുരേഷ് ഗോപി എത്തിയില്ല. ഉടൻ വരും എന്ന് അറിയിപ്പ് വന്നതോടെ വീണ്ടും പ്രതീക്ഷയോടെ കാത്തിരിപ്പ്.

9.10ന് വാഗമൺ കുന്നിനു മുകളിലൂടെ ഹെലികോപ്ടർ പറന്നടുത്തതോടെ കാത്തിരുന്ന പ്രവർത്തകർക്ക് ആവേശമായി. സുരേഷ് ഗോപി എംപിക്ക് ഏന്തയാറിന്റെ മണ്ണിലേക്ക് സ്വാഗതം എന്ന് അനൗൺസ്‌മെന്റ് മുഴങ്ങി. പക്ഷേ,മണ്ണിലിറങ്ങാതെ ഹെലികോപ്ടർ താരത്തെയും കൊണ്ട് ദിശമാറി പറന്നപപോയി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഏവരും കണ്ണുമിഴിച്ചു.വീണ്ടും അറിയിപ്പ് വന്നു. ഭക്ഷണം കഴിക്കാനും ഹെലികോപ്ടറിൽ ഇന്ധനം നിറയ്ക്കാനുമായി കൊച്ചിയിലേക്ക് പോയതാണ്,അരമണിക്കൂറിനകം ഉറപ്പായും വരും. വീണ്ടും കാത്തിരിപ്പ്. ഏറെ വൈകി പിന്നെയും അറിയിപ്പ്,ഹെലികോപ്ടർ വരുന്നുണ്ട്,കാളകെട്ടിയിലൂടെ പോവുന്നത് കണ്ടു. സമയം കടന്നു പോയി,ഒന്നും സംഭവിച്ചില്ല. ഹെലികോപ്ടറുമില്ല,സുരേഷ് ഗോപിയുമില്ല.

വിശപ്പും ദാഹവും എംപിക്കു മാത്രമല്ലല്ലോ,കാത്തിരുന്ന് മുഷിഞ്ഞ ജനം പിരിഞ്ഞു.ഇടക്കാല ആശ്വാസത്തിനായി
അടുത്തു കണ്ട കടകളിലേക്കും ഹോട്ടലുകളിലേക്കും ഭക്ഷണത്തിനായി പോയി.കടക്കാർക്കൊക്കെ സന്തോഷം,സുരേഷ്‌ഗോപി വന്നില്ലെങ്കിലെന്താ,കടയിലെ ഭക്ഷണങ്ങളത്രയും കാലി!

അപ്പോഴതാ വീണ്ടും അറിയിപ്പ്. സിഗ്നൽ ലഭിക്കാതെ വിഷമിച്ചതുകൊണ്ട് പൈലറ്റിന് ഹെലികോപ്ടർ താഴെയിറക്കാനാവാഞ്ഞതാണ്. മണിമല കറിക്കാട്ടൂരിൽ ഒരു ഹെലിപ്പാഡ് ഉണ്ടെന്ന് അറിയാവുന്നത് കൊണ്ട് നേരെ അങ്ങോട്ട് വച്ചുപിടിച്ചു. കഴിഞ്ഞ ദിവസം അമിത് ഷായെയും കൊണ്ട് വന്നതും ഇതേ പൈലറ്റായിരുന്നു. അതാണ് കറിക്കാട്ടൂർ സിസിഎം സ്‌കൂൾ ഗ്രൗണ്ടിൽ താല്ക്കാലിക ഹെലിപ്പാഡ് ഉണ്ടെന്ന് അത്ര ഉറപ്പ്. അവിടെയിറക്കിയ ഹെലികോപ്ടർ വീണ്ടും ഏന്തയാറിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞതോടെ വീണ്ടും ആളുകൂടി. സിഗ്നൽ ഇല്ലാഞ്ഞ് വിഷമിക്കേണ്ടെന്ന് കരുതി ആരുടെയോ തലയിൽ ഉദിച്ച ഒരു ബുദ്ധി പ്രയോഗിച്ചു. കമ്പുകളും കടലാസുകളും കൂട്ടിയിട്ട് കത്തിച്ചു. പുക സിഗ്നൽ ആവുമല്ലോ!! പക്ഷേ,പണി പാളി. ഗ്രൗണ്ടിൽ പുക നിറഞ്ഞതു മിച്ചം. ഉടൻ വരുന്നു അടുത്ത ബുദ്ധി. ഹൈഡ്രജൻ ബലൂണിൽ ബിജെപിയുടെ കൊടി കെട്ടി ആകാശത്തേക്ക് ഉയർത്തി. ജിപിഎസ് സിഗ്നലിന് പകരം നിൽക്കാൻ ഈ നാടൻ സിഗ്നലുകൾക്കുണ്ടോ കഴിയുന്നു ഒരു മണിയായിട്ടും നിരാശ ബാക്കി. മഴ പെയ്തു തുടങ്ങിയതോടെ ഇനി സുരേഷ് ഗോപി വരില്ലെന്ന് ഏവരും ഉറപ്പിച്ചു.

മണിമല നിന്ന് കൊച്ചിക്ക് പോയ ഹെലികോപ്ടർ വീണ്ടും വരുന്നെന്ന് നേതാക്കൾക്ക് അറിയിപ്പ് കിട്ടി. എങ്ങനെ അണികളോട് പറയുമെന്നതായി പിന്നത്തെ കൺഫ്യൂഷൻ. എന്തായാലും എങ്ങനെയൊക്കെയോ വിവരമറിഞ്ഞ് ജനം ക്ഷമയോടെ കാത്തിരുന്നു. 1.45 ആയപ്പോഴേക്കും ഹെലികോപ്ടർ ഗ്രൗണ്ടിലിറങ്ങി. നേതാക്കൾക്ക് ആശ്വാസമായി,പ്രവർത്തകരുടെ ചീത്ത വിളി കേൾക്കണ്ടല്ലോ!!

ആവേശോജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി തുറന്ന ജീപ്പിൽ കയറി വഴിനീളെ വോട്ടർമാരെ കണ്ട് എം.ആർ.ഉല്ലാസിനു വേണ്ടി വോട്ട് അഭ്യർഥിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.കാര്യം ഇങ്ങനെയൊക്കെ ആയപ്പോൾ പാവം പൊതുജനത്തിന് ഒരു സംശയം. വഴികാട്ടാൻ വന്ന സുരേഷ്‌ഗോപിക്ക് തന്നെ വഴിതെറ്റുകയല്ലേ ചെയ്തത്!!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here