യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത് എനിക്ക് ലഭിച്ച ബഹുമതി: കെ.ബി ഗണേഷ്കുമാര്‍

ചുരുങ്ങിയ കാലമാണെങ്കിലും മന്ത്രി ആയി പ്രവർത്തിച്ചു; താങ്കളുടെ വകുപ്പുകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ ഉണ്ടായതായി ഉള്ള വിലയിരുത്തലുകളും ഉണ്ട്. സ്വയമുള്ള ഒരു വിലയിരുത്തൽ എങ്ങനെയാണ്?ജനങ്ങൾ എൽ ഡി എഫിനെ തെരഞ്ഞെടുത്താൽ എം.എല്‍.എ എന്ന നിലയില്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാവും മുന്‍ഗണന നല്‍കുക ?
തീർച്ചയായും പാരിസ്ഥിക പ്രശ്നങ്ങളിൽ ശാശ്വതമായ പരിഹാരങ്ങൾ ഉണ്ടാകും. എന്റെ മണ്ഡലത്തില്‍ സ്പർശിച്ചു പോകുന്ന കല്ലടയാറിന്റെ ജീവൻ വീണ്ടെടുക്കുന്നതിലുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കും. വനം മന്ത്രിയായിരുന്നു എന്നതില്‍ ഞാന്‍ ഇപ്പോഴും   അഭിമാനിക്കുന്നു. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനു സാധിക്കാത്ത പ്രവർത്തനത്തിന് 10 മാസം കൊണ്ട് നേതൃത്വം നൽകാൻ എനിക്ക് കഴിഞ്ഞു. കേരളത്തിന്റെ വനപ്രദേശങ്ങളിൽ 148 തടയണകൾ റെക്കോർഡ്‌ വേഗത്തിൽ നിർമിക്കാനായ നേട്ടം ഈ വേനലിലും നല്ല ഫലം നല്‍കി.  പത്തനാപുരം ചെമ്പനരുവിക്ക് പോകുന്ന വഴിയിൽ അഞ്ചു തടയണകളാണുള്ളത്. അവിടെയും മലമ്പുഴയിലും ഉൾപ്പടെയുള്ള ഉത്തരവാദിത്വപ്പെട്ട ആളുകൾ എന്നോട് പറഞ്ഞത് നാട്ടിലിറങ്ങുന്ന ആനകളുടെ സാന്നിധ്യമേ ഇല്ലാതായിരിക്കുന്നു എന്നാണ്. സന്തോഷപൂർവ്വം അവ ഈ തടയണകളെ ആശ്രയിക്കുന്നു .

താങ്കളുടെ മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിക്കുന്നു എന്ന നിലയിൽ ഉള്ള അഭിമാനമാണോ മേൽപ്പറഞ്ഞ പ്രവർത്തനങ്ങളെക്കാൾ ഉയർന്നു നിൽക്കുന്നത് ?

ഒരിക്കലുമില്ല, ഒരു പ്രദേശം മാത്രം വളരുക എന്നാ കാഴ്ച്ചപ്പാട് എനിക്കില്ല. കേരളം എന്റെ നാടാണ്. പത്തനാപുരം അതിലുൾപ്പെട്ടുവരുന്നതാണ് എന്ന നല്ല ബോധ്യം എനിക്കുണ്ട്.

കഴിഞ്ഞ അഞ്ചു വർഷം ഭവന പദ്ധതികൾ  ഒന്നും യു ഡി എഫ് ഗവൺമെൻറ്  നടപ്പിലാക്കിയിട്ടില്ല. വീടുകളില്ലാത്ത നിരവധി മനുഷ്യരെ കാണാം. എല്ലാം പാലയ്ക്ക് എന്നു പറയുന്നത് പോലെയല്ലല്ലോ. എല്ലാർക്കും വേണ്ടേ എല്ലാം.

എൽ ഡി എഫ് ഗവൺമെൻറ്  കാലത്ത് ഇ. എം. എസ്. ഭാവന പദ്ധതി പാവപ്പെട്ടവന് നല്കിയ കൈത്താങ്ങ്‌ അപ്രത്യക്ഷമായി. ഭൂമിയുള്ളവർക്ക് വീട് നല്കിയില്ല എന്ന ഗൗരവമായ  പരാതിയാണ് കാലാവധി കഴിയുന്ന ഈ ഗവൺമെന്റിനെക്കുറിച്ചുള്ള സാധാരണക്കാരുടെ വലിയ പരാതി.

ഇന്നുവരെയുണ്ടായിരുന്ന പ്രവർത്തന ചുറ്റുപാടിലല്ല താങ്ങൾ ഇപ്പോൾ. സഖാക്കളുടെ സാന്നിധ്യം, പുതിയ മുന്നണി. മാറ്റങ്ങളെ എങ്ങനെ കാണുന്നു?

അതെ, സഖാക്കളാരും രാഷ്ട്രീയം ഒരു തൊഴിലായി  സ്വീകരിച്ചവരല്ല എന്ന് അതിവേഗം മനസിലായി. സാധരണക്കാരുമായുള്ള ബന്ധം, കോളനികളുൾപ്പടെ പട്ടിക ജാതി- പട്ടികവർഗ വിഭാഗത്തിൽപെട്ട ഏറ്റവും ദരിദ്രരായ ആളുകളുമായുള്ള  ബന്ധം എനിക്ക് പുതിയ അനുഭവമാണ്.
വളരെ അച്ചടക്കമുള്ള പ്രവർത്തനവും, ജാതി – മത വരമ്പുകൾക്കപ്പുറത്തേക്കുള്ള തുറന്ന ലോകവും എൽ. ഡി. എഫ്-ന്റെ സവിശേഷതയായി ഞാന്‍ കാണുന്നു.

യു ഡി എഫ് എന്ന സംവിധാനത്തിൽ വളരെ വലിയ പങ്ക് വഹിച്ച ആളാണ്‌ ആർ. ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെയും താങ്ങളുടെയും മനസ്‌ ഈ പുതിയ സാഹചര്യത്തിലും, പുതിയ മുന്നണി സംവിധാനത്തിലും ആകുലപ്പെടുന്നില്ലേ?

ഒരിക്കലും അങ്ങനെ കാണരുത്. ഞങ്ങളെ സംബന്ധിച്ച്, പ്രത്യേകിച്ചും എന്നെ സംബന്ധിച്ച് രണ്ട് വർഷം മുൻപ്  തന്നെ നിയമസഭയ്ക്കുള്ളിലും പുറത്തും ഈ സർക്കാരിന്റെ അഴിമതിക്കെതിരെ ശബ്ദമുയർത്താൻ തയ്യാറായതാണ്.
എന്റെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധി എന്ന നിലയിൽ ആദ്യം തന്നെ ഞാൻ ഗവണ്‍മെന്റിന്റെ എന്റെ മണ്ഡലത്തോടുള്ള പരിഗണനയേയും സംബന്ധിച്ച് നല്ല പഠനം നടത്തി.അപ്പോഴാണ്‌ പത്തനാപുരത്തിനോടുള്ള അവഗണനക്ക് പിന്നിൽ വലിയ അഴിമതി ഞാൻ കാണുന്നത്. ആ അഴിമതി കഥയേയും അതിൽ പങ്കുള്ള മന്ത്രിമാരേയും കുറിച്ചാണ് ഞാൻ നിയമസഭയിൽ ശബ്ദമുയർത്തിയത്.

അഴിമതിക്കഥ നിയമസഭയിൽ ചർച്ചയായി കൊണ്ട് വന്നിട്ടോ, തെളിവുകളും രേഖകളും ഉൾപ്പടെ സമർപ്പിക്കാം എന്നു പറഞ്ഞിട്ടോ അതിനെ പൂർണമായിട്ടും തള്ളിക്കളയുകയാണ് യു ഡി എഫ് ഗവണ്‍മെന്റ് ചെയ്തത്.
ഒറ്റക്കടലാസുമായല്ല ഞാൻ നിയമസഭയിൽ എത്തിയത്. അഴിമതിയുടെ ശക്തമായ തെളിവുകൾ ശേഖരിച്ച വലിയ ഫയലുകളാണ് മേശപ്പുറത്തു വച്ചത്.

ഈ നീതിയുക്തമായ ശബ്ദത്തെ യു ഡി എഫിൽ നിലനിർത്തിക്കൊണ്ട് പോകാനാകില്ല എന്ന അവരുടെ തീരുമാനത്തെ ആ സായാഹ്നത്തിൽ തന്നെ സ്വീകരിച്ച ആളാണ്‌ ഞാൻ.യു ഡി എഫ് പാർട്ടിബോർഡിയിൽ നിന്ന് എന്നെ പുറത്താക്കി എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞ നിമിഷം തന്നെ അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരാൻ വേണ്ടി അവരോട് സലാം പറഞ്ഞിറങ്ങിയതാണ്. ആ പുറത്താക്കലിനെ വലിയ ബഹുമതിയായി ആണ് ഞാൻ കണ്ടത്.

യു ഡി എഫ് ഗവണ്‍മെന്റിന്റെ അഴിമതി കുംഭകോണത്തിന്റെ വലിയ സാക്ഷ്യങ്ങളാണ് അവർ ഇവൻറ് മാനേജ്‌മന്റ്‌ വഴി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ. ഇതിനുള്ള പണത്തിന്റെ ഉറവിടം എന്താണെന്ന് സംശയിക്കേണ്ടതായിരിക്കുന്നു.

മൂന്നു  തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച താങ്ങൾ യു ഡി എഫിന്റെ പ്രചാരണത്തെ അത്രമേൽ ആക്ഷേപിക്കേണ്ട കാര്യം ഉണ്ടോ?

തീർച്ചയായും മൂന്നു തിരഞ്ഞെടുപ്പിൽ മത്സരിച്ച ആളാണ്‌ ഞാനും, എന്നാൽ ഇത്തവണ പരിശോധിക്കൂ… ധൂർത്തിന്റെ പ്രചരണം നടത്താൻ യു ഡി എഫിന് എവടെ നിന്നാണ് ഇത്രയും പണം.
ഇന്ത്യയിൽ ഒരിടത്തും ഭരണം ഇല്ലാത്തതുകൊണ്ട് എ. ഐ. സി. സി. അയച്ചു കൊടുത്തു എന്നവർ പറയില്ല. ഇത് കേരളത്തിലെ ഓരോരുത്തർക്കും അവകാശപ്പെട്ട ഖജനാവിനെ കൊള്ളയടിച്ച കണക്കില്ലാത്ത പണം കൊണ്ടുള്ള കളിയാണ്.

രാഷ്ട്രീയമായി താങ്ങളെ നേരിടാൻ ഒരു എതിരാളിയെ കണ്ടെത്താൻ ആകാത്തതുകൊണ്ടായിരിക്കില്ലേ സിനിമയിൽ നിന്നു തന്നെ ജഗദീഷിനെ  യു ഡി എഫ് അവതരിപ്പിച്ചത്?

ഇതിന് മറുപടി ഉണ്ട് പക്ഷേ ആ മറുപടി വോട്ട് എണ്ണിയ ശേഷം മാത്രമേ ഞാൻ പറയൂ. പത്തൊൻപതാം തീയതി ഇതിനുള്ള മറുപടികൾ കൃത്യമായും നിങ്ങൾക്ക് പ്രതീക്ഷിക്കാം.
15 വര്ഷമായി എന്നെ തിരഞ്ഞെടുക്കുന്ന ജനങ്ങളാണ് പത്തനാപുരത്തുകാർ. പത്തൊൻപതാം തീയതി രാവിലെ 8:30 അല്ലെങ്കിൽ 9 മണി. അതിൽ കൂടില്ല.പത്തനാപുരത്തുകാർക്കൊപ്പം എല്ലാ ചോദ്യങ്ങൾക്കുള്ള മറുപടി ഞാൻ തരാം.

കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ എൻ .എസ്. എസ്  വലിയ ഒരു ഭാഗമായി താങ്കൾക്കും താങ്കളുടെ പാർട്ടിക്കും ഒപ്പം ഉണ്ടായിരുന്നു. നിലവിലെ സാഹചര്യം എന്താണ് ?

ഇവിടെ പത്തനാപുരത്ത് അങ്ങനെ യാതൊന്നും ഇല്ല. എന്നോട് സഹകരിക്കുന്ന ഒരാൾപോലും ജാതിയുടേയോ, മതത്തിന്റെയോ പേരിൽ എന്നെ പരിചയപ്പെട്ടിട്ടുമില്ല.അത് മാത്രമല്ല, ജാതി, മതം, പാർട്ടി, മുന്നണി ഇതൊന്നും അടിസ്ഥാനമാക്കി കഴിഞ്ഞ 15 വർഷം ഇവിടെ ഒരാളോടും ഇടപെട്ടിട്ടില്ല എന്ന് നെഞ്ചിൽ കൈ വച്ച് പറയാനാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top