പത്രപ്രവർത്തകനും പ്രാസംഗികനും ഏറ്റുമുട്ടുമ്പോൾ

കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലം ഇടതുകോട്ടയായിരുന്നു. രണ്ട് തവണ മാത്രമാണ് ഇടതിനിവിടെ തോൽവി അറിയേണ്ടി വന്നത്. 1987 ലും 2011 ലും. 1987 ൽ മുട്ടുകുത്തിയത് സാക്ഷാൽ എംവിആറിനോടാണെങ്കിൽ 2011 ൽ കെഎം ഷാജിയോട്.
2016 ലെ തെരഞ്ഞെടുപ്പിന്റെ യാദൃശ്ചികതയും ഇതുതന്നെ. അന്ന് ഇടതിനെ തോൽപ്പിച്ച എംവിആറിന്റെ മകൻ എംവി നികേഷ് കുമാറാണ് ഇന്ന് ഇടതിനുവേണ്ടി അഴിക്കോട് മത്സരിക്കുന്നത്. എതിർ സ്ഥാനാർത്ഥി യുഡിഎഫിന്റെ കെ.എം.ഷാജിയും
അതുകൊണ്ടുതന്നെ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അഴീക്കോട്. മാധ്യമ പ്രവർത്തകനായ നികേഷ് രാഷ്ട്രീയ പ്രവർത്തകന്റെ കുപ്പായമിട്ട് ഇറങ്ങുമ്പോൾ അച്ഛൻ മറുപക്ഷത്തേക്ക് പിടിച്ചെടുത്ത വിജയം മകനിലൂടെ തിരിച്ചുപിടിക്കാമെന്നതാണ് ഇടത് പാളയത്തിലെ പ്രതീക്ഷ. മാത്രമല്ല 493 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു 2011 ൽ ഷാജിയുടെ വിജയം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽനിന്ന് ലഭിച്ച വോട്ടുകളിൽ യുഡിഎഫിനായിരുന്നു മുൻതൂക്കം. എന്നാൽ 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അഞ്ച് പഞ്ചായത്തുകളിൽ നാല് പഞ്ചായത്തുകളും ഇടത് ഭരിക്കുമ്പോൾ വളപട്ടണം പഞ്ചായത്തുമാത്രമാണ് യുഡിഎഫിന് നേടാനായത്. ഇത് ഇടതിന് പ്രതീക്ഷ കൂട്ടുന്നു.
കന്നിയങ്കക്കാരനായ നികേഷ് വോട്ടു തേടാൻ പുതുവഴിതന്നെ തുറന്നിരുന്നു. ഗുഡ്‌മോണിങ് അഴീക്കോട് എന്ന പരിപാടിയിലൂടെ നികേഷ് ജനങ്ങളുമായി സംവദിച്ചുകൊണ്ടിരുന്നു. കിണറ്റിലറങ്ങിയും ഇറങ്ങാതെയുമുള്ള വോട്ടുപിടുത്തം നാട്ടുകാർക്കും മാധ്യമ പ്രവർത്തകർക്കും രസകരമായ കാഴ്ചയുമായിരുന്നു.
എന്നാൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടി കാണിച്ചാണ് നിയമസഭയിലേക്ക് മൂന്നാം അങ്കത്തിനിറങ്ങുന്ന ഷാജി വോട്ട് അഭ്യർത്ഥിച്ചത്. അഴീക്കൽ തുറമുഖം പ്രവർത്തനമാരംഭിച്ചത്, അശരണർക്കും വികലാംഗർക്കും കോടികളുടെ ധനസഹായം എത്തിച്ച ആർദ്രം പദ്ധതി എന്നിവ ഷാജിയുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. നികേഷ് പത്രപ്രവർത്തനത്തിന്റെ കുശാഗ്രതയുമായി ഇറങ്ങുമ്പോൾ പ്രസംഗ പാടവംകൊണ്ട് ഷാജി വോട്ടു തേടി. തന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപകാരസ്മരണയായി വോട്ടുവേണ്ട, പകരം വികസന തുടർച്ചക്കായി വോട്ടുചെയ്യൂ എന്നതായിരുന്നു ഷാജിയുടെ മുദ്രാവാക്യം.
വിധി നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞെങ്കിലും വിജയം തനിക്കെന്ന അവകാശവാദങ്ങൾ അതത് പാർട്ടികൾ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. കാത്തിരിക്കാം അഴീക്കോടൻ മണ്ണ് ആർക്ക് പാസ് മാർക്ക് നൽകിയെന്നറിയാൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here