അതിർത്തി കാക്കുന്നതാര് ?

ഏറെക്കുറേ യുഡിഎഫിന് സാധ്യതയുള്ള മണ്ഡലമാണ് മഞ്ചേശ്വരം. എന്നാൽ ബിജെപി ഇത്തവണ താമര വിരിയിക്കാനാകുമെന്ന് പ്രതീക്ഷ പുലർത്തുന്ന പ്രധാന ആറ് മണ്ഡലങ്ങളിൽ ഒന്നുകൂടിയാണ് മഞ്ചേശ്വരം. ഇത് ഇത്തവണ മണ്ഡലത്തിന്റെ വാർത്താ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. എൽഡിഎഫും ശക്തരാണ് കേരളത്തിന്റെ വടക്കേ അതിർത്തിയിൽ. അപ്രതീക്ഷിത വിജയ പരാജയങ്ങൾക്ക് സാധ്യതയുള്ള മണ്ഡലത്തിന്റെ ചിത്രം തിരുവനന്തപുരം പോലെ തന്നെ നിർണ്ണായകവും.

ഇത്തവണത്തെ ത്രികോണ മത്സരത്തിൽ പങ്കാളികളാകുന്നത് എൽഡിഎഫിന്റെ സി.എച്.കുഞ്ഞമ്പു, യുഡിഎഫിന്റെ പി.ബി.അബ്ദുൾ റസാഖ്, എൻഡിഎയുടെ കെ. സുരേന്ദ്രൻ എന്നിവർ മഞ്ചേശ്വരത്തുനിന്ന് മത്സരിക്കുന്നു. കന്നഡ, തുളു ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലംകൂടിയാണ് മഞ്ചേശ്വരം.

ഇരുമുന്നണികളേക്കാൾ ശക്തമായ പ്രചാരണ പരിപാടികളിലായിരുന്നു
എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലെ ലോകസഭാ തെരഞ്ഞടുപ്പിലും സുരേന്ദ്രൻ മത്സരിച്ചിരുന്നു. വിജയിക്കാനായില്ലെങ്കിലും മുൻ മത്സരങ്ങളിൽനിന്ന് വോട്ട് വർദ്ധിപ്പിക്കാനും രണ്ടാം സ്ഥാനത്തെത്താനും ആയതിന്റെ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ഒപ്പം നരേന്ദ്ര മോഡി പ്രചാരണത്തിനെത്തിയതും സുരേന്ദ്രന്റെ പ്രതീക്ഷ കൂട്ടുന്നു.

2011 ൽ മത്സരിച്ച അതേ ടീം തന്നെയാണ് ഇത്തവണയും മത്സരത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട് ഈ മണ്ഡലത്തിന്. 2006 ൽ നേടിയ അത്ഭുത വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞമ്പു. തുടർച്ചയായി നാലുവട്ടം ജയിച്ച് കരുത്തു തെളിയിച്ച മുൻ മന്ത്രി ചേർക്കളം അബ്ദുള്ളയെ 2006 ൽ പരാജയപ്പെടുത്താനായതിന്റെ ആത്മ വീര്യമുണ്ട് അദ്ദേഹത്തിന്. എന്നാൽ 2011 ൽ മൂന്നാം സ്ഥാനത്തേക്കാണ് കുഞ്ഞമ്പു പിന്തള്ളപ്പെട്ടത്.

2011 ലെ തെരഞ്ഞെടുപ്പിൽ മുസ്ലീംലീഗിന്റെ നിലവിലെ സ്ഥാനാർത്ഥി കൂടിയായ പി.ബി അബ്ദുൾ റസാഖ് 49,817 വോട്ട് നേടിയപ്പോൾ ബിജെപിയുടെ കെ സുരേന്ദ്രൻ നേടിയത് 43,989 വോട്ടുകളാണ്. ഇടതു സ്ഥാനാർത്ഥി ഇവിടെ മൂന്നാംസ്ഥാനത്തും. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും സ്ഥിതി മറിച്ചായിരുന്നില്ല കോൺഗ്രസിന്റെ ടി.സിദ്ധിഖ് ഒന്നാംസ്ഥാനത്തും ബിജെപിയുടെ കെ സുരേന്ദ്രൻ രണ്ടാംസ്ഥാനത്തുമായിരുന്നു. അവിടേയും ഇടതു സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എന്നാൽ 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ വീശിയ ഇടതുതരംഗം മഞ്ചേശ്വരത്തും എത്തിയിരുന്നു. മഞ്ചേശ്വരത്തെ ആകെ എട്ട്് പഞ്ചായത്തുകളിൽ രണ്ട് പഞ്ചായത്തുകൾ ഇടതുഭരണത്തിന് കീഴിലാണ്, അഞ്ച് എണ്ണം യുഡിഎഫിനും ഒന്ന് ബിജെപിക്കും ലഭിച്ചു.

സംസ്ഥാനത്തിന്റെ അതിർത്തി പിടിച്ചെടുക്കുക എന്നത് മൂന്ന് പാർട്ടികൾക്കും പ്രധാനമാണെന്നിരിക്കെ കനത്ത മത്സരം തന്നെയാണ് പോളിങ്ങിൽ ഉണ്ടായിട്ടുള്ളത്. ഇതുവരെ നടത്തിയ പ്രചാരണ പരിപാടികൾ വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടാകുമെന്നും ഇത് അനുകൂല വിധിയാകുമെന്നുമുള്ള പ്രതീക്ഷയിലാണ് മുന്നണികൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top