പ്രധാനമന്ത്രിയുടെ അമ്മക്കെതിരായ മോശം പരാമർശം; ബിഹാറിൽ നാളെ ബന്ദിന് ആഹ്വാനം ചെയ്ത് എൻഡിഎ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരായ മോശം പരാമർശത്തെ തുടർന്ന്, ബിഹാറിൽ ബന്ദിന് എൻഡിഎ ആഹ്വാനം ചെയ്തു. നാളെയാണ് സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്.
വോട്ടർ അധികാർ യാത്രയുടെ ഭാഗമായി ദർഭംഗയിലെ പൊതുയോഗത്തിലാണ് നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങൾ മുഴക്കിയത്.
പാരമ്പര്യസമ്പന്നമായ ബിഹാറിൽ നിന്നു തന്റെ അമ്മയ്ക്കെതിരെ അപമാനകരമായ പരാമർശങ്ങളുണ്ടായത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ‘ആർജെഡി–കോൺഗ്രസ് വേദിയിലാണ് അമ്മയെ അവഹേളിച്ചത്. അപമാനം എന്റെ അമ്മയ്ക്ക് മാത്രമല്ല, രാജ്യത്തെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും നേരെയാണ്. പരേതയായ മാതാവിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതിനു ബിഹാറിലെ സ്ത്രീകൾ ആർജെഡിക്കും കോൺഗ്രസിനും മാപ്പ് നൽകില്ല’ – മോദി പറഞ്ഞു.
അതേസമയം, വോട്ടർ അധികാർ യാത്രയിൽ മോദിയുടെ അമ്മയെ അവഹേളിക്കുന്ന മുദ്രാവാക്യം മുഴക്കാൻ ബിജെപിയാണു ആളുകളെ രംഗത്തിറക്കിയതെന്ന ആരോപണം കോൺഗ്രസ് ആവർത്തിച്ചു.
Story Highlights : NDA Calls Bihar Bandh Over Remarks Against PM Modi’s Mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here