ഈ പൂഞ്ഞാറുകാരനെ തോല്പ്പിക്കാൻ ആവില്ല മക്കളേ!!!

പൂഞ്ഞാറുകാരൻ പ്‌ളാത്തോട്ടത്തിൽ ജോർജ് പറയുന്നതൊക്കെ വെറുതെയെന്ന് പരിഹസിക്കുന്നവർ ഇനിയത് പറയും മുമ്പ് മൂന്നുവട്ടം ആലോചിക്കും. ഒരു മുന്നണിയുടെയും പിൻബലമില്ലാതെ പൂഞ്ഞാർ ഒറ്റയ്ക്ക് പൊരുതിനേടുമെന്ന് പി സിജോർജ് പറഞ്ഞപ്പോഴും പലരും പരിഹസിച്ചിരുന്നു. പക്ഷേ,പറഞ്ഞത് വിടുവായല്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.
പൂഞ്ഞാറിൽ മൂന്നു മുന്നണികളെയും വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച പി സി ജോർജിന് നേടിയ മികച്ച വിജയം മുന്നണികളെ ഇരുത്തിച്ചിന്തിപ്പിക്കുന്നത് തന്നെയാണ്.ശക്തമായ ചതുഷ്‌കോണമത്സരം നടന്ന മണ്ഡലത്തിൽ 27,821 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ജോർജിന്റെ തിളക്കമാർന്ന വിജയം.വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ വ്യക്തമായ ലീഡ് ജോർജിന് ലഭിച്ചു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. ഒരു ബൂത്തിൽ പോലും അദ്ദേഹത്തെ മറികടക്കാൻ മറ്റ് സ്ഥാനാർഥികൾക്കായില്ല.
വിജയം ഉറപ്പെന്ന് പി സി ജോർജ് ആവർത്തിച്ചപ്പോഴൊന്നും ഇതു പോലൊരു വിജയം ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പൂഞ്ഞാർ വിട്ടുകൊടുക്കില്ലെന്ന ജോർജിന്റെ ധൈര്യം ജനങ്ങളോടുള്ള വിശ്വാസമായിരുന്നു എന്ന് ഈ ജയത്തോടെ തെളിഞ്ഞിരിക്കുകയാണ്.ഫലം പുറത്തുവരുംമുമ്പേ വിജയരഥമൊരുക്കിയ പി സി ജോർജിന്റെ നടപടി അഹങ്കാരമല്ല ആത്മവിശ്വാസം ആയിരുന്നെന്ന് കേരളജനത തിരിച്ചറിഞ്ഞു.അദ്ദേഹത്തോളം ശക്തനായ മത്സരാർഥി ഈ തെരഞ്ഞെടുപ്പിൽ വേറെയുണ്ടായിരുന്നില്ല എന്ന വസ്തുതയിലേക്കും തെരഞ്ഞെടുപ്പ്ഫലം വിരൽചൂണ്ടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here