പിണറായി തുടങ്ങി ; ആദ്യം ജിഷയ്ക്ക് നീതി, അന്വേഷണ ചുമതല എ.ഡി.ജി.പി ബി. സന്ധ്യയ്ക്ക്‌

pinarayi cabinet

ജിഷയുടെ അമ്മയ്ക്ക് മാസം 5000 രൂപ പെൻഷൻ. സഹോദരിയക്ക് ജോലി. 45 ദിവസത്തിനകം വീട് പൂർത്തിയാകും.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് നിയമവിരുദ്ധമായി കൈക്കൊണ്ട തീരുമാനങ്ങള്‍ പരിശോധിക്കാന്‍ എ.കെ ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.

പെരുമ്പാവൂരിലെ ജിഷവധക്കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ് തുടര്‍ന്ന് അന്വേഷിക്കുക. ജിഷയുടെ വീടിന്റെ നിര്‍മ്മാണം പാതിവഴിയില്‍ നില്‍ക്കുകയാണ്. 45 ദിവസത്തിനുള്ളില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ തന്നെ ഇതിന്റെ ചുമതല വഹിക്കും. ജിഷയുടെ സഹോദരിക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് എത്രയും വേഗം നല്‍കും. ജിഷയുടെ അമ്മയ്ക്ക് നിത്യച്ചെലവിനായി മറ്റു വീടുകളില്‍ ഇനി വേലയ്ക്ക് പോകേണ്ടിവരില്ല. അവര്‍ക്ക് മാസം തോറും 5000 രൂപ പെന്‍ഷന്‍ നല്‍കും.

pinarayi first

മന്ത്രിമാരെ സ്വീകരിക്കാൻ കൊച്ചു കുട്ടികളേയും സ്ത്രീകളേയും കൊണ്ട് താലപ്പൊലി എടുപ്പിക്കുന്ന പരിപാടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പോലീസ് അക്കാദമി ബീഫ് നിരോധന വിഷയത്തിൽ ഭക്ഷണ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഉദ്യോഗസ്ഥർക്ക് അവകാശമില്ല എന്ന അഭിപ്രായമാണ് പിണറായി പങ്കു വച്ചത്.

കേരളത്തില്‍ അപ്രഖ്യാപിത നിയമന നിരോധനമുണ്ടെന്ന് പരാതിയുണ്ട്. സര്‍ക്കാര്‍ വകുപ്പുകളിലെ എല്ലാ ഒഴിവുകളും 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ഇതിന്റെ പുരോഗതി ദിനംപ്രതി ചീഫ് സെക്രട്ടറി തലത്തില്‍ അവലോകനം നടത്തും. ചില വകുപ്പുകളില്‍ പിഎസ്സി പട്ടികയുണ്ടാകില്ല. ഇവിടങ്ങളില്‍ എത്ര ഒഴിവുകളുണ്ടെന്ന് തിട്ടപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്‌നങ്ങള്‍ പിഎസ്‌സിയുമായി ചര്‍ച്ച ചെയ്യും. മദ്യനയത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

നിത്യോപയോഗ സാധനങ്ങളുടെ വിലപിടിച്ചുനിര്‍ത്തുന്നതിന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖേനയുള്ള പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തും. 75 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇത് 150 കോടിയാക്കി ഉയര്‍ത്തും. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കും. ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കാന്‍ തീരുമാനിച്ചു. ഇത് ബജറ്റില്‍ ഉള്‍പ്പെടുത്തും. ക്ഷേമപെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് ഏതു മാര്‍ഗം വേണമെന്ന് അറിയിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

പതിമൂന്നാം പഞ്ചവത്സര പദ്ധതിയുമായി മുന്നോട്ടു പോകും. കേന്ദ്രം വേണ്ടെന്നു വച്ചെങ്കിലും കേരളത്തില്‍ ആസൂത്രണ കമ്മീഷന്‍ തുടരും. മഴക്കാലപൂര്‍വ ശുചീകരണം ഫലപ്രദമാക്കാനായി നിര്‍ദേശം നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് നിയമവിരുദ്ധമായി കൈക്കൊണ്ട തീരുമാനങ്ങള്‍ പരിശോധിക്കാന്‍ എ.കെ ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top