വി.എസ് പദവികൾ ആവശ്യപ്പെടുന്നോ; ആ കുറിപ്പ് എഴുതിയത് ആര് ;പുകഞ്ഞുകത്തുന്ന പുതിയ വിവാദം

ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി.എസ്.അച്യുതാനന്ദന്റെ കയ്യിലെത്തിയ കടലാസ് കുറിപ്പ് വാർത്തയായത് അതിന്റെ ഉള്ളടക്കം അദ്ദേഹത്തിന് ലഭിക്കാൻ പോവുന്ന പദവികളെക്കുറിച്ചുള്ള സൂചനയാണ് എന്നതിനാലാണ്. കേന്ദ്രനേതൃത്വം വി.എസിനെ കാര്യമറിയിക്കാൻ ഇത്തരമൊരു മാർഗം സ്വീകരിക്കുമോ എന്ന് ആശങ്ക ഉയരുകയും ചെയ്തു. തൊട്ടുപിന്നാലെ ഇക്കാര്യത്തിൽ പുറത്തുവന്നിരിക്കുന്ന വിശദീകരണം സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേതാണ്.
സത്യപ്രതിജ്ഞാചടങ്ങിനിടെ കുറിപ്പ് തനിക്ക് കൈമാറിയത് വി.എസ് തന്നെയാണ്. തങ്ങൾ ഇരിക്കുന്നിടത്തേക്ക് ആരോ കൊടുത്തുവിട്ടതാണ് അത്. കൊണ്ടുവന്നത് അദ്ദേഹത്തിന്റെ പഴ്സണൽ സ്റ്റാഫംഗമാണ്. വി എസ് അത് വായിച്ചു നോക്കി തനിക്ക് കൈമാറി. പദവി സംബന്ധിച്ച് ഇത്തരത്തിൽ നിർദ്ദേശങ്ങൾ ഉണ്ടെന്ന് കാട്ടിയാണ് കത്ത് കൈമാറിയത് . എന്നാൽ ഇതേപ്പറ്റി ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും 29 , 30 തീയ്യതികളിൽ ചേരുന്ന പിബി ചർച്ച ചെയ്യുമെന്നും താൻ മറുപടി നൽകിയെന്നും യെച്ചൂരി പറഞ്ഞു.
കാബിനറ്റ് പദവിയോട് കൂടി സര്ക്കാര് ഉപദേഷ്ടാവ്, എല്ഡിഎഫ് ചെയര്മാന് സ്ഥാനം, കൂടാതെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം എന്നിവ ഈ കുറിപ്പിലൂടെ വി.എസ് ആവശ്യപ്പെട്ടുവെന്നാണ് യെച്ചൂരി പറയാതെ പറഞ്ഞിരിക്കുന്നത്.യെച്ചൂരിയുടെ വിശദീകരണം വന്നതോടെ വിഷയം ചർച്ചയായിരിക്കുകയാണ്.സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയ വി.എസ് പുതിയ പദവികൾ ആവശ്യപ്പെട്ടോ എന്നാണ് ഇപ്പോഴത്തെ ചർച്ച. കുറിപ്പ് എഴുതിയത് വി.എസിന്റെ മകൻ അരുൺകുമാർ ആണെന്നും ഇക്കാര്യം യെച്ചൂരിയോട് സംസാരിക്കാൻ അതിലൂടെ ആവശ്യപ്പെടുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here