പുൽപ്പള്ളിയിൽ വീട്ടിൽ നിന്ന് മദ്യവും തോട്ടയും പിടികൂടിയ കേസ്; അറസ്റ്റ് ചെയ്ത തങ്കച്ചൻ നിരപരാധി, അന്വേഷണത്തിൽ കണ്ടെത്തൽ

വയനാട് പുൽപ്പള്ളിയിൽ വീട്ടിലെ കാർ പോർച്ചിൽ നിന്ന് മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. അറസ്റ്റിലായ പുൽപ്പള്ളി മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ(അഗസ്റ്റിൻ) നിരപരാധിയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. രാഷ്ട്രീയ ഭിന്നതയും, വ്യക്തിവിരോധവും മൂലം ബോധപൂർവം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തങ്കച്ചനെ കേസിൽ കുടുക്കാൻ ശ്രമം നടന്നത്. പ്രതികൾ മദ്യവും സ്ഫോടക വസ്തുക്കളും നിർത്തിയിട്ട കാറിനടിയിൽ കൊണ്ടു വയ്ക്കുകയായിരുന്നു.
തങ്കച്ചനെ കുടുക്കാൻ കർണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയ മരക്കടവ് പുത്തൻവീട് പി.എസ്. പ്രസാദ് (41) നെ പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഗൂഗിൾ പേ ഉപയോഗിച്ച് മദ്യം വാങ്ങിയ തെളിവും ലഭിച്ചു. മദ്യവും സ്ഫോടക വസ്തുക്കളും കാർ ഷെഡിൽ കൊണ്ടു വച്ച യഥാർത്ഥ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യും. ഗൂഡലോചനയിൽകൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.
ആഗസ്ത് 22 നാണ് തങ്കച്ചൻ അറസ്റ്റിലാകുന്നത്. തങ്കച്ചൻ നിരപരാധിയാണെന്ന് കുടുംബം പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കൃത്യമായ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചു. പൊലീസിൽ വിവരം നൽകിയവരുടെ ഉൾപ്പെടെയുള്ള ഫോൺ രേഖകളും മറ്റു തെളിവുകളും ശേഖരിച്ച് പൊലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതികളിലേക്ക് എത്തുന്നത്. തങ്കച്ചൻ്റെ നിരപരാധിത്വം തെളിഞ്ഞതിനാൽ വെറുതെ വിടാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ് പൊലീസ്.
Story Highlights : Case of liquor and tobacco seized from house in Pulpally, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here